മുംബൈ: വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോന്‍ ബനേഗാ ക്രോര്‍പതി(കെ.ബി.സി)എന്ന റിയാലിറ്റി ഷോ ഹിറ്റായതിന് പിന്നാലെ അനേകം റിയാലിറ്റി ഷോകള്‍ ചാനലുകളില്‍ അവതരിക്കപ്പെട്ടു. വിവിധ ഭാഷകളില്‍, വിവിധ രംഗങ്ങളിലായി പുതിയ പരിപാടികള്‍ വന്നു. എന്നാല്‍, അവതരണത്തിന്റെ കാര്യത്തിലും ബച്ചനെ വെല്ലാന്‍ ആര്‍ക്കും കഴിയില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് കെ.ബി.സിയുടെ നാലാം പതിപ്പ്.

ടിവി പരിപാടികളുടെ റേറ്റിങ് ഏജന്‍സിയായ എ-മാപ്പ് പുറത്തു വിട്ട കണക്കനുസരിച്ച് ഒക്ടോബര്‍ പതിനൊന്നിന് ആരംഭിച്ച കെ.ബി.സി നാലാം പതിപ്പിന്റെ ആദ്യ എപ്പിസോഡിന് ലഭിച്ച ശരാശരി ടി.വി റേറ്റിങ്(ടി.വി.ആര്‍) അഞ്ച് ആണ്. ഒരു പ്രത്യേക സമയപരിധിയില്‍ ഒരു ചാനല്‍ തുടര്‍ച്ചയായി കാണുന്നവരുടെ എണ്ണം വിശകലനം ചെയ്താണ് റേറ്റിങ് തീരുമാനിക്കുന്നത്. അദ്യ ദിവസത്തില്‍ കെബിസി-നാലിന് ലഭിച്ച പരമാവധി റേറ്റിങ് 7.7 ആയിരുന്നു. സോണി ടിവിയുടെ മുഖ്യ പ്രതിയോഗിയായ കളേഴ്‌സ് ചാനലിലെ റിയാലിറ്റി ഷോകള്‍ക്ക് ആദ്യ ദിവസം ലഭിച്ച റേറ്റിങ് ഇതിലും താഴെ ആയിരുന്നുവെന്നും എ-മാപ്പ് വ്യക്തമാക്കുന്നു.

കളേഴ്‌സ് ചാനലില്‍ പ്രിയങ്കാ ചോപ്ര അവതരിപ്പിക്കുന്ന കാത്രോം കാ ഖിലാഡിക്ക് ആദ്യ ദിവസം ലഭിച്ചത് 2.4ഉം സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ്-നാലിന് ലഭിച്ചത് 3.6ഉം റേറ്റിങ്ങാണ്.

നിലവിലെ റേറ്റിങ് കണക്കിലെടുക്കുമ്പോള്‍ സോണിയുടെ സ്ഥാനം സ്റ്റാര്‍പ്ലസിനും കളേഴ്‌സിനും സീ ടി.വിക്കും പിന്നില്‍ നാലാമതാണ്. കെബിസിയുടെ ആദ്യ പതിപ്പിന് ലഭിച്ച 14.1 റേറ്റിങ് പിന്നീടിങ്ങോട്ട് ഒരു റിയാലിറ്റി ഷോകള്‍ക്കും മറികടക്കാനായിട്ടില്ല. കോന്‍ ബനേഗാ ക്രോര്‍പതിയുടെ ആദ്യ പതിപ്പ് സ്റ്റാര്‍ പ്ലസ്സിലായിരുന്ന സംപ്രേഷണം ചെയ്തിരുന്നത്.

എന്നാല്‍, ടാം ഏജന്‍സിയുടെ കണക്കനുസരിച്ച് രണ്ടാം സീസണ്‍ തൊട്ട് ഷോയുടെ റേറ്റിങ് കുറയുകയും ചെയ്തു. ബച്ചന് പകരം ഷാരൂഖ് ഖാന്‍ വന്നപ്പോള്‍ ലഭിച്ച ശരാശരി റേറ്റിങ് 6.8 ആയിരുന്നു. നിലവില്‍ ധാരളം ടി.വി ചാനലുകളുള്ള സാഹചര്യത്തില്‍ കെബിസി നാലാം സീസണ് ആദ്യ ദിവസത്തില്‍ ലഭിച്ച റേറ്റിങ്(5) പരിപാടി ഹിറ്റാണെന്നാണ് വ്യക്തമാക്കുന്നതെന്നും എ-മാപ്പ് പറയുന്നു. ഈ സാഹചര്യത്തില്‍ ഒക്ടോബര്‍ 16ന് സ്റ്റാര്‍ പ്ലസ്സില്‍ മാസ്റ്റര്‍ ഷെഫ് എന്ന് റിയാലിറ്റി ഷോയുമായി അക്ഷയ് കുമാര്‍ രംഗത്തെത്തുന്നതോടു കൂടി ചാനലുകള്‍ക്കിടയിലുളള മത്സരം മുറുകും. റിയാലിറ്റി ഷോകളുടെ അവതരണത്തിന് ചാനലുകള്‍ താരങ്ങള്‍ക്ക് നല്‍കുന്ന മൊത്തം പ്രതിഫലം 100 കോടി രൂപയോളം വരും. മുന്നു ഷോകളില്‍ നിന്നും ലഭിക്കുന്ന പരസ്യവരുമാനം 270 കോടി രൂപയാണെന്നും കണക്കാക്കുന്നു.