തൃശ്ശൂർ: ആനിയുടെ ഫോണിലേക്ക് അയ്യന്തോളിലെ സന്തോഷിന്റെ വാട്സാപ്പ് സന്ദേശമെത്തി- ‘മൂന്ന് കിലോ അയക്കൂറ കിട്ടുമോ. ചെറുതായാലും കുഴപ്പമില്ല’. ആനി മറുപടിയയച്ചു -ശ്രമിക്കാം.

ഉച്ചകഴിഞ്ഞ് രണ്ടിന് സന്തോഷിന്റെ മൊബൈലിലേക്ക് ആനിയുടെ സന്ദേശമെത്തി. ചേറ്റുവ കടപ്പുറത്ത് വിൽക്കാൻ വെച്ചിരിക്കുന്ന അയക്കൂറയുടെ ചിത്രത്തോടൊപ്പമുള്ള ചോദ്യം ഇതായിരുന്നു-‘മതിയോ’. ‘എത്രയാ വില’-സന്തോഷിന്റെ ചോദ്യം.

‘കിലോയ്ക്ക് 650’-ആനിയുടെ മറുപടി. ‘ഒ.കെ. വാങ്ങിക്കോ. ഞാൻ വൈകീട്ട് ആറിന് എത്താം. വറക്കാനുള്ള കഷണങ്ങളാക്കണം’ -സന്തോഷ് കച്ചവടമുറപ്പിച്ചു.

വാട്സാപ്പിലൂടെ മീൻകച്ചവടം നടത്തുന്ന ആനി എന്ന അറുപതുകാരി ബിസിനസ് മാഗ്നറ്റൊന്നുമല്ല. കുടുംബം പുലർത്താനായി വൈകീട്ട് മകനോടൊപ്പം വഴിയോരത്ത് ചെറിയ തട്ടിൽ മീൻ വിൽക്കുന്ന സാധാരണക്കാരി. ലാലൂരിലെ വിധവയായ വീട്ടമ്മ.

കാലത്തിനൊത്ത് ടച്ച് സ്‌ക്രീൻ മൊബൈൽഫോണിലേക്ക് മാറിയതല്ല. 10 വർഷമായി മീൻവിൽക്കുന്ന മകന് കേൾവിക്കുറവുണ്ട്. അതിനാൽ മീനിന് വില ചോദിക്കുന്പോഴും വിൽക്കുമ്പോഴും തർക്കമുണ്ടാകും. ചോദിക്കുന്നത് ചൂരയുടെ വിലയായിരിക്കും. കേൾക്കുന്നത് കോരയുടേതും.

രണ്ടുവർഷംമുന്പാണ് ആനി മകന്റെ കച്ചവടത്തിന് സഹായിക്കാനെത്തിയത്. സ്ഥിരമായി മീൻ വാങ്ങാനെത്തുന്നവരുടെ ഫോൺനമ്പർ ശേഖരിക്കുകയായിരുന്നു ആദ്യപടി. അന്നത്തെ പ്രധാന മീൻ ഇനവും വിലയും ഫോണിൽ വിളിച്ചുപറയും. പിന്നീടാണ് വാട്സാപ്പ് ഗ്രൂപ്പിലേക്ക് മാറിയത്.

കടപ്പുറങ്ങളിൽ മകനൊപ്പം പോയി മീനെടുക്കും. അന്നത്തെ മീനിന്റെ ചിത്രവും വിലയും ഗ്രൂപ്പിലിടും. ഏതുമീൻ എത്രവേണമെന്ന് ആവശ്യക്കാർക്ക് ഗ്രൂപ്പിലിടാം. വൈകീട്ട് നാലുമുതൽ എട്ടുവരെ ആനിയും മകൻ അനുവും അയ്യന്തോളിലെ സിവിൽലെയ്ൻ ജങ്ഷനിലുണ്ടാകും.

വാട്സാപ്പിലൂടെ ഓർഡർ നൽകിയവരുടെ മീൻ വൃത്തിയാക്കി പൊതിഞ്ഞുവെക്കും. പെട്ടി ഓട്ടോറിക്ഷയും തട്ടും മാത്രമാണുള്ളതെങ്കിലും കടയ്ക്ക് പേരുണ്ട്. സ്വന്തമായി ഇട്ട പേരാണ്. ബോർഡ് ഒന്നുമില്ല -സിവിൽ ലെയ്ൻ ഫ്രഷ് ഫിഷ്. പേരുപോലെ മീൻ ഫ്രഷാണ്. ദിവസം 60 കിലോഗ്രാമേ എടുക്കൂ. അത് മുഴുവൻ വിൽക്കും. എല്ലാവർക്കും ഒരേ വില. ബുക്ക് ചെയ്യാത്തവർക്കും മീൻകിട്ടും.