കർന്ന പ്രണയത്തിന്റെ അവശേഷിപ്പുകൾ വാങ്ങാനും വിൽക്കാനുമായൊരു ചന്ത. വിയറ്റ്‌നാം ഹാനോയിലെ ഓൾഡ് ഫ്ലേംസ് മാർക്കറ്റിൽ പ്രണയക്കുറിപ്പുകളും ആശംസാകാർഡുകളും മുൻപങ്കാളി നൽകിയ സമ്മാനങ്ങളുമെല്ലാം നിങ്ങൾക്ക് വാങ്ങുകയും വിൽക്കുകയും ചെയ്യാം.
 
ഫെബ്രുവരിയിൽ തുറന്ന ചന്ത സാമൂഹിക മാധ്യമങ്ങളുടെ പിന്തുണയിൽ അതിവേഗം വളരുകയാണ്. ‘‘യുവതലമുറ കൂടുതൽ തുറന്ന മനഃസ്ഥിതിക്കാരാണ്. തങ്ങളുടെ ദുഃഖങ്ങൾ മറികടക്കാനായി അനുഭവങ്ങൾ പങ്കുവെയ്ക്കാൻ അവർ തയ്യാറാവുന്നു’’ -പ്രണയച്ചന്തയുടെ സ്ഥാപകനായ ദിൻ താങ് പറയുന്നു.
 
ഏതാനും പ്രണയത്തകർച്ചകൾക്കുശേഷമാണ് ഇത്തരമൊരു ചന്ത തുടങ്ങുന്നതിനെക്കുറിച്ച് താങ് ആലോചിക്കുന്നത്. പ്രണയസമ്മാനങ്ങൾകൊണ്ട് താങ്ങിന്റെ വീട് നിറഞ്ഞിരുന്നു. ഇവയെല്ലാം എല്ലാകാലവും വേദന നൽകുന്ന സ്മാരകങ്ങളാവരുത്. അടുത്തവർഷം തലസ്ഥാനമായ ഹോചിമിൻ സിറ്റിയിലും പ്രണയച്ചന്ത തുടങ്ങാനൊരുങ്ങുന്ന താങ് അഭിപ്രായപ്പെട്ടു.
 
കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്‌നാമിൽ പ്രണയവും പ്രണയത്തകർച്ചയുമൊന്നും വിലക്കപ്പെട്ട കാര്യങ്ങളല്ല. മുമ്പ് വീട്ടുകാർ തീരുമാനിച്ചുറപ്പിക്കുന്ന വിവാഹങ്ങളായിരുന്നു കൂടുതൽ. എന്നാൽ, സാമൂഹികമാധ്യമങ്ങൾ വഴിയാണ് ഇന്ന് യുവത്വം കൂടുതലും ഇണയെ കണ്ടെത്തുന്നത്. തകർന്ന സ്നേഹബന്ധങ്ങളെ മറന്ന് മുന്നേറാനായി പ്രണയച്ചന്തയെ കാണുകയാണ്‌ വിയറ്റ്നാം യുവത്വം.