manisha girotraന്ത്യൻ കോർപ്പറേറ്റ് രംഗത്തെ വമ്പൻ ഏറ്റെടുക്കലുകൾക്കും ലയനങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്നത് 46-കാരിയായ ഒരു സി.ഇ.ഒ.യാണ്. ആഗോള ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് സ്ഥാപനമായ മൊയ്‌ലീസിന്റെ ഇന്ത്യൻ മേധാവി മനീഷ ഗിരോത്ര.

കണ്ടാൽ, ഒരു ബോളിവുഡ് സുന്ദരിയെപ്പോലെയോ പരസ്യ മോഡലിനെപ്പോലെയോ തോന്നും. പക്ഷേ, ഇന്ത്യൻ ബിസിനസ് രംഗത്തെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ തുടർച്ചയായി ഇടംപിടിക്കുന്ന വ്യക്തിയാണ് മനീഷ. ഫോർച്യൂൺ മാസിക പുറത്തുവിട്ട ‘മോസ്റ്റ് പവർഫുൾ വിമൻ ഇൻ ബിസിനസ്’ പട്ടികയിൽ ഇത്തവണയും അവർ സ്ഥാനം പിടിച്ചിട്ടുണ്ട്. 

ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച മനീഷ, ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദം നേടിയശേഷം ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് സ്വർണ മെഡലോടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ലോകത്തിന്റെ സാമ്പത്തികചക്രം തന്നെ മാറ്റിമറിക്കാമെന്ന ചിന്തയായിരുന്നു അപ്പോൾ. എം.എ. ഇക്കണോമിക്‌സ് പൂർത്തിയാക്കിയ ഉടൻ തന്നെ ഗ്രൈൻഡ്‌ലേയ്‌സ് ബാങ്കിൽ നിയമനം.

പക്ഷേ, തന്റെ മേലധികാരിക്ക് പിസ വാങ്ങിക്കൊണ്ടുകൊടുക്കാനും ചെറിയ സ്റ്റേറ്റ്‌മെന്റുകൾ തയ്യാറാക്കാനും മറ്റുമായിരുന്നു നിയോഗം. സമപ്രായക്കാരായ സഹപ്രവർത്തകർ അവളെ ‘പിസ ഗേൾ’ എന്നു കളിയാക്കിവിളിച്ചു. രണ്ടുവർഷമേ അവിടെ തുടർന്നുള്ളൂ. എങ്കിലും അവിടത്തെ പരിശീലനം ‘ഒരു ടീം ഗേൾ’ എന്ന നിലയിൽ വളരാൻ അവരെ പ്രാപ്തയാക്കി. 94-ൽ ബാർക്ലേയ്‌സ് ബാങ്കിൽ പ്രവേശിച്ചു. ഇതിനിടെ, വിവാഹവും നടന്നു.

98-ൽ യു.ബി.എസ്. ബാങ്കിലേക്ക് മാറി. മുപ്പത്തിമൂന്നാം വയസ്സിൽ യു.ബി.എസിന്റെ സി.ഇ.ഒ. പദത്തിലെത്തി. 20 വർഷം യു.ബി.എസിൽ തുടർന്ന ശേഷമാണ് അമേരിക്കൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് സ്ഥാപനമായ മൊയ്‌ലീസിന് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാനുള്ള ദൗത്യം 2012-ൽ ഏറ്റെടുത്തത്. 

രണ്ടരപ്പതിറ്റാണ്ടിലെത്തി നിൽക്കുന്ന തന്റെ കരിയറിൽ ഒട്ടേറെ ഏറ്റെടുക്കലുകൾക്കും ലയനങ്ങൾക്കും മനീഷ ചുക്കാൻ പിടിച്ചിട്ടുണ്ട്. ഹച്ചിസൺ എസ്സാറിനെ വോഡഫോൺ ഏറ്റെടുത്തതും വൈറ്റ് ആൻഡ് മാക്കിയെ യുണൈറ്റഡ് സ്പിരിറ്റ്‌സ് ഏറ്റെടുത്തതും ഇന്ത്യൻ പെട്രോകെമിക്കൽസ് കോർപ്പറേഷന്റെ സ്വകാര്യവത്കരണവും അതിനെ പിന്നീട് റിലയൻസ് ഇൻഡസ്ട്രീസിൽ ലയിപ്പിച്ചതുമൊക്കെ ചിലതുമാത്രം. 

അശോക് ലെയ്‌ലാൻഡ്, മൈൻഡ്ട്രീ, കെ.പി.ഐ.ടി. ടെക്‌നോളജീസ് തുടങ്ങി ഒട്ടേറെ കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഗോൾഫ് കളി ഏറെ ഇഷ്ടപ്പെടുന്ന മനീഷ ഒട്ടേറെ തവണ ഫാഷൻ റാംപിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

മികച്ച രീതിയിൽ ജോലി നിർവഹിച്ചാൽ സ്ത്രീകൾക്കും കമ്പനികളുടെ തലപ്പത്തെത്താമെന്നും തന്റെ ജീവിതം അതാണ് തെളിയിക്കുന്നതെന്നും മനീഷ പറയുന്നു.