കൊച്ചി: പുസ്തകങ്ങളെ പ്രണയിക്കുന്ന, കോഡിങ്ങിനോടൊപ്പം അക്ഷരങ്ങളോടും കൂട്ടുകൂടാന്‍ താത്പര്യമുള്ളവര്‍ക്കായി ഒരു ഐ.ടി. കമ്പനി. പുസ്തക പ്രേമികളായവര്‍ക്ക് 'എക്‌സ്ട്രാ പോയിന്റ്' നല്‍കി ജോലിക്കായി ക്ഷണിക്കുകയാണ് കാക്കനാട് പ്രവര്‍ത്തിക്കുന്ന 'സിയെന്റി സൊല്യൂഷന്‍സ്'. 

ജോലിക്കിടയില്‍ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം കുറയ്ക്കാനും ജോലിക്കിടയില്‍ ഒന്ന് ഉഷാറാകാനും ഇവിടെ ജീവനക്കാര്‍ക്ക് പുസ്തകങ്ങളെ കൂട്ടുപിടിക്കാം. ഇന്റര്‍നെറ്റും അതിവേഗം ഓടുന്ന ജീവിതവുമെല്ലാം വായനയില്‍ നിന്ന് പുതു തലമുറയെ പിന്തിരിപ്പിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് കമ്പനി സി.ഇ.ഒ. ആശ ദാസ് ഇത്തരമൊരു തീരുമാനവുമായി മുന്നിട്ടിറങ്ങിയത്.

ജോലിക്കിടയിലെ വായന കാര്യക്ഷമത കൂട്ടുന്നു എന്ന കണ്ടെത്തല്‍ ഓഫീസില്‍ തന്നെ ഒരു ലൈബ്രറി ഉണ്ടാക്കുന്നതിലേക്കും കമ്പനിയെ കൊണ്ടെത്തിച്ചു. മൂന്നു മാസം മുമ്പാണ് കമ്പനിയില്‍ ലൈബ്രറി ആരംഭിച്ചത്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറു വരെ ജോലിയില്‍ നിന്ന് ഇടവേളയെടുത്ത് ജീവനക്കാര്‍ക്ക് പുസ്തകങ്ങള്‍ വായിക്കാം. 

പുതിയ ജീവനക്കാരെ എടുക്കുന്നതിലും കമ്പനി കൃത്യമായ നിബന്ധന വയ്ക്കുന്നുണ്ട്. വായനപ്രിയര്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് ഇവിടെ ടെക്കികളെ എടുക്കുന്നത്. ഒരു നിര്‍ബന്ധമുണ്ട്, ജീവനക്കാര്‍ വായിക്കുന്ന പുസ്തകങ്ങളുടെ നിരൂപണം തയ്യാറാക്കി സമര്‍പ്പിക്കണം.

ഓരോ മാസവും സമര്‍പ്പിക്കുന്നതില്‍ നിന്ന് ലഭിക്കുന്ന മികച്ച നിരൂപണത്തിന് സമ്മാനവും ലഭിക്കും. ലൈബ്രറിയിലെ പുസ്തകങ്ങള്‍ക്കു പുറമേ ജീവനക്കാര്‍ ആവശ്യപ്പെടുന്ന പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്ന് ഡയറക്ടര്‍മാരില്‍ ഒരാളായ മുന്ന പണിക്കര്‍ പറഞ്ഞു. വായിക്കുന്നവര്‍ക്കായി ബീന്‍ ബാഗും വായനാന്തരീക്ഷവും ഓഫീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീജിത്ത് സുധാകര്‍, പ്രജിത്ത് പ്രകാശന്‍, ജിനു തോമസ് ലൂക്കോസ് എന്നിവരാണ് സിയെന്റി സൊല്യൂഷന്‍സിന്റെ ഡയറക്ടര്‍മാര്‍.