മുംബൈ: 'പട്ടിണിക്കാരുടെയും പാവങ്ങളുടെയും ഇന്ത്യ' എന്ന ഡയലോഗ് മാറ്റിപ്പറയുമോ ; ആദായ നികുതി വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ കേട്ടാല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് ആദായ നികുതി ഒടുക്കുന്നവര്‍ സമര്‍പ്പിച്ച റിട്ടേണ്‍ അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ പ്രകാരം കോടീശ്വരന്മാരുടെ എണ്ണത്തില്‍ വന്‍  വര്‍ധനയുണ്ടായി എന്നതാണ്.

പുതിയ  കണക്കുപ്രകാരം രാജ്യത്ത് വര്‍ഷം ഒരു കോടി രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരുടെ മൊത്തം എണ്ണത്തില്‍  10 ശതമാനം വര്‍ധനയുണ്ട്. വര്‍ഷം 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരുടെ എണ്ണം  22 ശതമാനവും കൂടി. 45,027 ഇന്ത്യക്കാര്‍ ഒരു കോടി രൂപയ്ക്കും അഞ്ച് കോടി രൂപയ്ക്കും ഇടയില്‍ വാര്‍ഷിക വരുമാനം നേടുന്നവരാണ്.   50 ലക്ഷത്തിനും ഒരു കോടി രൂപയ്ക്കും ഇടയില്‍ വാര്‍ഷിക വരുമാനം നേടുന്നവര്‍ 98,815 പേരുണ്ട്. 3,000 പേരുടെ  വാര്‍ഷിക വരുമാനം 5 കോടി രൂപയില്‍ കൂടുതലാണ്.    
        
രാജ്യത്ത് 54,921 പേര്‍ക്ക്  വാര്‍ഷിക  ശമ്പളം  50 ലക്ഷത്തിനും ഒരു കോടി രൂപയ്ക്കും  ഇടയില്‍ കിട്ടുന്നു. 24,942 പേര്‍ക്ക് വര്‍ഷം ഒരു കോടിയില്‍ അധികം രൂപ ശമ്പള ഇനത്തില്‍ കിട്ടുമ്പോള്‍  928 പേര്‍   5 കോടിക്കും 10 കോടിക്കും ഇടയില്‍ ശമ്പളം വാങ്ങുന്നതായും   കണക്കുകള്‍ വ്യക്തമാക്കുന്നു.

 232 പേര്‍ വാര്‍ഷിക ശമ്പളം 10 കോടിക്കും 25 കോടിക്കും ഇടയില്‍ കൈപ്പറ്റുമ്പോള്‍ 32 പേര്‍ക്കത്  25 മുതല്‍ 50 കോടി രൂപ വരെയാണ്. 10 പേരാണ്  50 മുതല്‍ 100 കോടി വരെ വാര്‍ഷിക ശമ്പളം വാങ്ങുന്നത്. രണ്ട് പേര്‍ക്ക് 100 കോടിയിലധികമാണ് വാര്‍ഷിക ശമ്പളം.
    
ഉയര്‍ന്ന ശമ്പളമുള്ള സി.ഇ.ഒ. തസ്തികകള്‍ വര്‍ധിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയുടെ ലക്ഷമാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഉയര്‍ന്ന ശമ്പളത്തിനൊപ്പം പെര്‍ഫോമന്‍സ് ബോണസും ഉള്‍പ്പെടെ വന്‍ തുക ലഭിക്കുന്ന ജോലികളുടെ എണ്ണവും കൂടിവരുന്നുണ്ട്.

ഇന്ത്യയിലെ കോടീശ്വരന്മാരുടെ എണ്ണം ഇത്ര കണ്ട് കൂടുന്നത് ഇതാദ്യമായാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വിലയിരുത്തല്‍.