തൃശ്ശൂർ: കോവിഡ് കാലത്ത് ജോലിയോടൊപ്പം സ്വപ്നത്തിൽപ്പോലും ചിന്തിക്കാത്ത മറ്റൊരു ലോകം പടുത്തുയർത്തുകയാണ് പൂമല പത്താഴക്കുണ്ട് സ്വദേശി പ്രകാശ് ജോൺ. സിങ്കപ്പൂരിൽനിന്ന് എം.ബി.എ. കഴിഞ്ഞ് അവിടെ മാർക്കറ്റിങ് ജോലിയായിരുന്നു പ്രകാശിന്.

കോവിഡ് വ്യാപനത്തിനു മുന്നേ നാട്ടിലെത്തി. പക്ഷേ, തിരികെ പോകാനായില്ല. തൃശ്ശൂരിൽ ഒരു കൺസൾട്ടൻസി തുടങ്ങി. അതിന്റെ ഭാഗമായും സിങ്കപ്പൂരിലെ സ്ഥാപനത്തിനായും വർക്ക് ഫ്രം ഹോം രീതിയിൽ ജോലിചെയ്തു.

വീട്ടിലിരുന്നുള്ള ജോലിയിൽ യഥേഷ്ടം സമയം കിട്ടി. അതിനിടെയാണ് കോവിഡ് കാലത്ത് പലരും വീട്ടിൽ കൃഷിയിൽ പരീക്ഷണങ്ങൾ നടത്തുന്നത് വായിച്ചും സാമൂഹികമാധ്യമങ്ങളിലൂടെയും അറിഞ്ഞത്. ഒന്നും ചെയ്യാതിട്ടിരിക്കുന്ന വീട്ടുപറമ്പിൽ കൃഷി തുടങ്ങി.

പുതിയ മേഖലയിലേക്കുള്ള ചുവടുവെയ്പിന് യു ട്യൂബിലൂടെയുള്ള അറിവുകളാണ് പ്രയോജനപ്പെടുത്തിയത്‌. എഴ് ലക്ഷം ലിറ്ററിന്റെ കുളമുണ്ടാക്കി മീൻ വളർത്തി. അതിൽ ചിത്രലാഡ എന്നയിനം 8,000 മത്സ്യക്കുഞ്ഞുങ്ങളെയിട്ടു. കുളത്തിലെ വെള്ളം ഇടയ്ക്ക് മാറ്റുന്നത് വളമാക്കി ഉപയോഗപ്പെടുത്താൻ പുൽകൃഷി തുടങ്ങി. പുല്ല് പ്രയോജനപ്പെടുത്താൻ നാലു പശുക്കളെ വാങ്ങി ഫാം തുടങ്ങി.

ചാണകം ഉപയോഗപ്പെടുത്തി കപ്പയും വാഴയും കൃഷിയിറക്കി, കോഴി,ആട്.,മുയൽ,താറാവ് തുടങ്ങിയവയുടെയും ഫാമുകളുണ്ട്. ഇപ്പോൾ എല്ലാം വൻവിജയം. ഇപ്പോൾ മീൻ വിളവെടുപ്പ് കാലമാണ്. ഇതേവരം 1,200 കിലോ മീൻ വിറ്റു. തൃശ്ശൂർ ജില്ലാ ഫാർമേഴ്സ് സഹകരണ സംഘം ഡയറക്ടറുമാണ് മുപ്പത്താറുകാരനായ പ്രകാശ് ജോൺ.