അഹമ്മദാബാദ്: കഴിഞ്ഞ ദീപാവലിക്ക് ജീവനക്കാര്‍ക്ക് ബോണസായി 400 അപ്പാര്‍ട്ടുമെന്റുകളും 1,000 കാറുകളും നല്‍കിയ സൂറത്തിലെ ഡയമണ്ട് വ്യാപാരിയെ നിങ്ങള്‍ മറന്നിട്ടുണ്ടാവില്ല.

എന്നാല്‍ ഈവര്‍ഷം സാവ്ജി ദോലാക്യയെന്ന വജ്രവ്യാപാരി വാര്‍ത്തകളില്‍ നിറയുന്നത് ജീവനക്കാര്‍ക്ക് നയാപൈസപോലും ബോണസ് നല്‍കാതിരുന്നതിനാലാണ്. 

ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ കോടീശ്വന്മാരുള്ള സൂറത്തില്‍ ഇത്തവണത്തെ ദീപാവലിയ്ക്ക് ശോഭകുറവായിരുന്നു. 

നോട്ട് അസാധുവാക്കലും ജിഎസ്ടിയും തീര്‍ത്ത അനിശ്ചിതത്വവും ആദായനികുതി വകുപ്പിന്റെ ജാഗ്രതയും മൂലം വ്യാപാരികള്‍ മുന്‍കരുതലെടുത്തതാണ് കാരണം.  

ഇതൊക്കെയാണെങ്കിലും നോട്ട് അസാധുവാക്കലിനെയും ജിഎസ്ടിയെയും ബോണസുമായി ബന്ധപ്പെടുത്താന്‍ ഹരേകൃഷ്ണ എക്‌സ്‌പോര്‍ട്‌സ് ഉടമ ദോലാക്യ തയ്യാറാല്ല. 

ഇത്തവണത്തെ ബോണസ് നല്‍കുന്നത് അടുത്ത ദീപാവലിയിലേയ്ക്ക് മാറ്റിവെക്കുകമാത്രമാണ് ചെയ്തതെന്ന് 5,500 ജീവനക്കാരും 6000 കോടിയുടെ വിറ്റുവരവുമുള്ള കമ്പനിയുടെ തലപ്പത്തിരുന്ന് ദോലാക്യ പറയുന്നു. 

വജ്രവ്യാപാരികളുടെ ഇടയില്‍ പ്രശസ്തനായ ഇദ്ദേഹം 2015ല്‍ 491 ഫിയറ്റ് പുന്തോ കാറും രണ്ട് കിടപ്പുമുറികളുള്ള 200 വീടുമാണ് ബോണസായി നല്‍കിയത്. 1200 ജിവനക്കാര്‍ക്ക് സ്വര്‍ണാഭരണങ്ങളും സമ്മാനിച്ചു. 

2016ലാകട്ടെ, ഡാറ്റ്‌സണ്‍ റെഡി ഗോ, മാരുതി ആള്‍ട്ടോ എന്നീ കാറുകളും സ്വര്‍ണാഭരണങ്ങളും 2000 ജീവനക്കാര്‍ക്കായി നല്‍കി. 

ജിഎസ്ടി പ്രകാരം ജീവനക്കാര്‍ക്ക് സാമ്പത്തിക വര്‍ഷം 50,000 രൂപയില്‍താഴെ വിലവരുന്ന സമ്മാനങ്ങളാണ് നികുതിയില്ലാതെ നല്‍കാന്‍ കഴിയുക.

ദോലാക്യ മാത്രമല്ല, സൂറത്തിലെ വജ്രവ്യാപരികളില്‍ പലരും വിലകൂടിയ സമ്മാനങ്ങള്‍ ഇത്തവണ ദീപാവലിക്ക് ജീവനക്കാര്‍ക്ക് നല്‍കിയില്ല.