തൃശ്ശൂര്‍: ഒരു ചട്ടി കോണ്‍ക്രീറ്റ് മിശ്രിതം കട്ടപിടിച്ചാലുള്ള ഉറപ്പിനേക്കാള്‍ കരുത്തുണ്ട് കത്രീനയെന്ന 89-കാരിയുടെ അധ്വാനാവേശത്തിന്. തൃശ്ശൂര്‍ നഗരത്തിലെ മിക്ക കെട്ടിടങ്ങളുടെയും കോണ്‍ക്രീറ്റില്‍ വീണലിഞ്ഞുചേര്‍ന്നിട്ടുണ്ട് ഈ അമ്മൂമ്മയുടെ വിയര്‍പ്പിന്റെ ഉപ്പ്. വയസ്സുകാലത്ത് ഈ കഷ്ടപ്പാട് നിര്‍ത്തി വിശ്രമിച്ചുകൂടേ എന്ന് രണ്ടുകൊല്ലംമുമ്പ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോദിച്ചപ്പോള്‍ നെഞ്ചത്തടിച്ച് കത്രീന കരഞ്ഞുപോയി. എന്നെക്കൊണ്ടാവില്ല എന്നുപറഞ്ഞായിരുന്നു ആ കരച്ചില്‍. 59 കൊല്ലംമുമ്പ് വീട്ടിലെ പട്ടിണിമാറ്റാന്‍ സിമന്റും മെറ്റലും കുഴയ്ക്കാന്‍ ഇറങ്ങിയതാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം രൂപത്തില്‍ മാത്രമാണ് മാറ്റം. പല്ലുകൊഴിഞ്ഞിട്ടില്ല. വായിക്കാന്‍ കണ്ണട വേണ്ട. നല്ല കേള്‍വിശക്തിയുമുണ്ട്. എപ്പോള്‍ വിളിച്ചാലും എവിടെയും പണിക്ക് തയ്യാറായ മുപ്പതോളംപേരുടെ വഴിവിളക്കാണിവര്‍. 20 ചട്ടികള്‍, രണ്ട് മിനിലോറി, രണ്ട് യന്ത്രക്കോണി, രണ്ട് മിക്‌സിങ് യന്ത്രം, കുട്ടകള്‍, കൈക്കോട്ടുകള്‍ തുടങ്ങി വാര്‍ക്കപ്പണിക്ക് വേണ്ടതെല്ലാം സ്വന്തമായുണ്ട്. ചട്ടിയും കുട്ടയും തൂമ്പയുമൊക്കെ സൂക്ഷിച്ചിരിക്കുന്നത് നഗരത്തിലെ ഒരു റോഡരികില്‍ ആര്‍ക്കും ശല്യമാകാതെ തടിപ്പെട്ടിയില്‍. പൂങ്കുന്നം ഹരിനഗറിലെ കാട്ടൂക്കാരന്‍ വീട്ടില്‍നിന്ന് പുലര്‍ച്ചെ നാലിന് ഓട്ടോയില്‍ പുറപ്പെടുന്നതോടെ കത്രീനയുടെ ഒരു ദിവസം തുടങ്ങും. തേക്കിന്‍കാട് മൈതാനത്തിനടുത്തുള്ള കുറുപ്പം റോഡിലെ സുധാകരന്റെ ചായക്കടയില്‍നിന്ന് മൂന്നു ബ്രൂ കാപ്പി കുടിച്ചിറങ്ങുമ്പോഴേക്കും പണിക്കാരെത്തും. മകന്‍ വര്‍ക്കി, മകള്‍ ഫിലോമിന, പേരക്കുട്ടി സഞ്ജു എന്നിവരും ടീമിലുണ്ട്. പണിസ്ഥലത്തെത്തി കാലില്‍ റബ്ബര്‍ ഷൂസുമിട്ട് കത്രീനയും കൈമെയ് മറന്നുള്ള അധ്വാനമാണ് പിന്നീട്. ഉഴപ്പിയാല്‍ ശാസിക്കല്‍, ചെറിയ അടി ഒക്കെ പണിക്കാര്‍ക്ക് കിട്ടും. ജോലിക്കിടയിലോ ജോലികഴിഞ്ഞോ മദ്യപിക്കുന്നത് കണ്ടാല്‍ വിധം മാറും. തൃശ്ശൂരിലെ പാറമേക്കാവ് ദേവസ്വം കെട്ടിടം, അമല ആസ്​പത്രി, രാഗം തിയേറ്റര്‍, സിറ്റി സെന്റര്‍, പൂങ്കുന്നം മേല്‍പ്പാലം, ചാലക്കുടിപ്പാലം, പൊന്നാനിയിലെ വസന്തം തിയേറ്റര്‍ തുടങ്ങി എത്രയോ നിര്‍മാണങ്ങള്‍.
 
ഏറ്റെടുക്കുന്ന ജോലി പൂര്‍ണതയോടെ കത്രീന ചെയ്തുതീര്‍ക്കുമായിരുന്നെന്ന് തൃശ്ശൂരിലെ അനാര്‍ക്ക് ബില്‍ഡേഴ്‌സ് ഉടമ കെ. രാമകൃഷ്ണന്‍ ഓര്‍മിക്കുന്നു. തൃശ്ശൂരിലെ നീന്തല്‍ക്കുളത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ അഞ്ചുപവനും 5000 രൂപയും തന്നതായി കത്രീന പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു വാര്‍പ്പിനിടെ രണ്ടാം നിലയില്‍നിന്നുവീണ് ഇടതുകൈ ഒടിഞ്ഞതുമാത്രമാണ് 'സര്‍വീസി'ലെ ഒരു കറുത്ത പാട്. വിശപ്പുണ്ടായാല്‍ മാത്രം ഭക്ഷണം. അതും വിശപ്പടക്കാന്‍ മാത്രം. ബിരിയാണി ഇഷ്ടമല്ല. അങ്കമാലി മൂഴിക്കുളത്തുനിന്ന് വന്ന് തൃശ്ശൂരിലെ ചേറൂരില്‍ വാടകയ്ക്ക് താമസമാക്കിയതാണ് കത്രീനയുടെ മാതാപിതാക്കള്‍. ഭര്‍ത്താവ് ബേബിജോണ്‍ 20 കൊല്ലംമുമ്പ് മരിച്ചു. പൂങ്കുന്നത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് കത്രീന വാങ്ങിയ സ്ഥലത്ത് അവര്‍തന്നെ നാലുവീടുകളും മക്കള്‍ക്കായി പണിതു. ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായ കൊച്ചുമകന്‍ സഞ്ജുവിന്റെ കല്യാണത്തിനെത്തിയ ഐ.എം. വിജയന്‍ പറഞ്ഞതിങ്ങനെ:- ''ഇങ്ങനൊരു അമ്മച്ചിയെ കിട്ടിയ നീ ഭാഗ്യവാന്‍തന്നെ''.