ആരെന്തു പറഞ്ഞാലും വിശ്വസിക്കില്ല എന്ന ദൃഢപ്രതിജ്ഞയുമായാണ് ഏപ്രില്‍ ഒന്നിന് എല്ലാവരും എഴുന്നേല്‍ക്കുന്നത്. എന്നാല്‍ എവിടെയെങ്കിലും വെച്ച് വിഡ്ഢികളാകുകയും ചെയ്യും. പറ്റീരു പരിപാടിയുമായി പല പ്രമുഖ കമ്പനികളും ഇത്തവണയും രംഗത്തുവന്നു. കുട്ടികള്‍ക്കുള്ള സൗജന്യവിമാനസര്‍വീസുമായി ഓസ്‌ട്രേലിയയിലെ വിര്‍ജിനും ഉപയോക്താവിനെ തേടിയെത്തുന്ന വൈഫൈയും വന്നപ്പോള്‍, ഗൂഗിള്‍ ഇ-മെയിലിലൂടെയാണ് ആളുകളെ വിഡ്ഢികളാക്കിയത്.

കുട്ടിക്കളിയല്ല ആകാശയാത്ര 

കുട്ടികള്‍ക്കുവേണ്ടി പ്രത്യേക വിമാനസര്‍വീസ് എന്ന പ്രഖ്യാപനവുമായാണ് ഓസ്‌ട്രേലിയയിലെ വിര്‍ജിന്‍ എയര്‍ലൈന്‍സ് വിഡ്ഢിദിനം ആഘോഷിച്ചത്. ഒമ്പതുലക്ഷം കുട്ടികള്‍ പ്രതിവര്‍ഷം വിമാനയാത്ര ചെയ്യുന്നുവെന്നും ഈയൊരു കണക്ക് അടിസ്ഥാനപ്പെടുത്തി കുട്ടികള്‍ക്കുവേണ്ടി പ്രത്യക വിമാനസര്‍വീസ് ആരംഭിക്കുന്നുവെന്നും അറിയിച്ചുകൊണ്ടുള്ള പരസ്യവീഡിയോ ഏപ്രില്‍ ഒന്നിന് രാവിലെ കമ്പനിയുടെ സോഷ്യല്‍മീഡിയ പേജുകളില്‍ പ്രത്യക്ഷപ്പെട്ടു. എയര്‍ഹോസ്റ്റസുമാര്‍ കുട്ടികളെ ട്രോളി ബാഗില്‍ ഇരുത്തി വലിച്ചുകൊണ്ടുപോകുന്നതും കോമിക് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ടി.വി സ്‌ക്രീനിനുപകരം ചവിട്ടിക്കളിക്കാനുള്ള കുഷ്യനാണ് യാത്രികന്റെ മുന്‍സീറ്റില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് ഇഷ്ടമുള്ള പാവയെ മെനുകാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കാം. എയര്‍ഹോസ്റ്റസുമാര്‍ എല്ലാ യാത്രികരെയും രാത്രി കഥപറഞ്ഞ് ഉറക്കുകയും ചെയ്യും. വിര്‍ജിന്‍ ഓസ്‌ട്രേലിയ കിഡ്‌സ് ക്ലാസ് 2016ല്‍ ആരംഭിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് പരസ്യചിത്രം അവസാനിക്കുന്നത്.

വീഡിയോയുടെ പൂര്‍ണരൂപം ഇങ്ങനെ

 

Introducing Virgin Australia Kids Class – the world’s first kids-only aircraft cabin.

Posted by Virgin Australia on Thursday, March 31, 2016

 


റേഞ്ചില്ലേ? വൈഫൈ വിമാനം നിങ്ങളെ തേടിയെത്തും

april fool

ഓസ്‌ട്രേലിയയില്‍ 97 ശതമാനം വൈഫൈ ഇന്റര്‍നെറ്റ് ശൃംഘലയുള്ള വോഡഫോണ്‍, ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ബാക്കി മൂന്നു ശതമാനം വരുന്ന പ്രദേശങ്ങളില്‍ കൂടി സേവനമെത്തിക്കുമെന്ന വാര്‍ത്ത കമ്പനിയുടെ ഔദ്യോഗിക ബ്ലോഗിലാണ് പ്രത്യക്ഷപ്പെട്ടത്. പരിസ്ഥിതി സൗഹൃദമാണ് ഈ വോഡഡ്രോണ്‍. മരങ്ങളും പക്ഷികളും എന്നുവേണ്ട ഏണിയില്‍ കയറിനില്‍ക്കുന്ന ആളുകളില്‍ നിന്നുവരെ ഒഴിഞ്ഞുമാറാന്‍ ഡ്രോണിന് സാധിക്കും. ഉപയോക്താവ് ചെയ്യേണ്ടത് ഇത്രമാത്രം: വൈഫൈ ആവശ്യമുള്ളപ്പോള്‍ വോഡഡ്രോണ്‍ എന്ന സന്ദേശം അയക്കുക, അരമണിക്കൂറിനകം നിങ്ങളുടെ ഉപകരണത്തിലേക്ക് ഇന്റര്‍നെറ്റുമായി വിമാനം നിങ്ങളെ തേടിയെത്തും. ഏപ്രില്‍ ഒന്നായതിനാല്‍ എല്ലാ സ്റ്റോറുകളിലും ഡ്രോണ്‍ ലഭ്യമായിരിക്കില്ല എന്നും എല്ലാവര്‍ക്കും വിഢിദിന ആശംസകള്‍ നേരുന്നുവെന്നും പറഞ്ഞാണ് അറിയിപ്പ് അവസാനിക്കുന്നത്.

ഗൂഗിളിന്റെ ഏപ്രില്‍ഫൂള്‍ 

april fool

ഏപ്രില്‍ ഒന്നിന് സോഫ്റ്റ് വെയര്‍ ഭീമന്‍ ഗൂഗിളും ഒപ്പിച്ചു ഒരു കുസൃതി. അലോസരപ്പെടുത്തുന്ന ചാറ്റുകളില്‍ നിന്ന് അവസാനവാക്ക് പറഞ്ഞ് പുറത്തുകടക്കാമെന്ന വിശേഷണത്തോടെയുള്ള മിക് ഡ്രോപ് സംവിധാനമാണ് അവര്‍ പ്രഖ്യാപിച്ചത്. ജിമെയില്‍ സന്ദേശത്തിന് പ്രതികരണം അയക്കുമ്പോള്‍ മിക് ഡ്രോപ് ബട്ടണ്‍ പ്രത്യക്ഷപ്പെടും. ഈ ബട്ടണ്‍ അമര്‍ത്തുന്നതോടെ റിപ്ലേക്കൊപ്പം ചെറിയൊരു ആനിമേഷന്‍ ഐക്കണ്‍ പോകുകയും അതോടെ ഇ-മെയില്‍ സംഭാഷണം അവസാനിക്കുകയും ചെയ്യും. തുടര്‍പ്രതികരണങ്ങള്‍ പിന്നെ മെയില്‍ബോക്‌സിലേക്ക് വരില്ല.

എന്നാല്‍ പ്രധാനപ്പെട്ട പല മെയിലുകള്‍ക്കും തമാശരൂപത്തിലാണ് പ്രതികരണം പോയതെന്നും ഗൂഗിളിന്റെ ഏപ്രില്‍ ഫൂള്‍ സ്വല്‍പം കടന്നുപോയെന്നും സോഷ്യല്‍മീഡിയയിലൂടെ നിരവധിപേര്‍ പ്രതികരിച്ചു. ജോലിക്കുവേണ്ടിയും മറ്റുമായി മെയിലുകള്‍ അയച്ചവരാണ്, ആകുലത പ്രകടിപ്പിച്ച് രംഗത്തുവന്നിരിക്കുന്നത്.