പ്രതീകാത്മകചിത്രം.
തൃശ്ശൂർ: വർക്ക് ഫ്രം ഹോം രീതി, വർക്ക് ഫ്രം ലൊക്കേഷനിലേക്ക് മാറുന്നു. കമ്പനി സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിൽ താമസിച്ചുള്ള ജോലിയാണ് പുതിയത്. മെട്രോ നഗരങ്ങളിലാണ് ഇതിന് തുടക്കമായത്.
ബെംഗളൂരു ആസ്ഥാനമായ ചില കമ്പനികൾ ഇതിനായി ഓഗസ്റ്റ് അവസാനംതന്നെ ജീവനക്കാരെ ഘട്ടങ്ങളായി തിരിച്ചുവിളിക്കുന്നുണ്ട്. കമ്പനിക്ക് ചുറ്റുമായി ചലനമറ്റുപോയ വിപണിക്കാണ് ഇതേറ്റവും ഗുണം ചെയ്യുക. ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം ഓഫീസിൽ എത്തുകയും ബാക്കിദിവസം കമ്പനിക്കടുത്ത് താമസിച്ച് വർക്ക് ഫ്രം ഹോം ചെയ്യുന്ന ‘ഹൈബ്രിഡ്’ രീതിയും നിർദേശിക്കുന്നുണ്ട്. ബെംഗളൂരുവിൽ 2022 ഡിസംബർ വരെ വർക്ക് ഫ്രം ഹോം തുടരണമെന്ന് ഐ.ടി. കമ്പനികൾക്ക് സംസ്ഥാന സർക്കാർ കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. കമ്പനികൾ കൂടുതലുള്ള ഔട്ടർ റിങ് റോഡ് ഭാഗത്ത് മെട്രോയുടെ പണികൾ നടക്കുന്നതാണ് കാരണം.
എന്നാൽ, ഇങ്ങനെയുള്ള വർക്ക് ഫ്രം ഹോം ബെംഗളൂരുവിൽത്തന്നെ ആക്കുന്നതിനാണ് കമ്പനികളുടെ ശ്രമം നടക്കുന്നത്.
സർക്കാർതലത്തിലും താത്‌പര്യം
വർക്ക് ഫ്രം ലൊക്കേഷൻ നടപ്പാക്കുന്നതിൽ സർക്കാർതലത്തിലുള്ള താത്‌പര്യംകൂടിയുണ്ടെന്നാണ് വിവരം. ഐ.ടി. അടക്കമുള്ള മേഖലകളിലെ വർക്ക് ഫ്രം ഹോം മൂലം നിർജീവമായത് കമ്പനികൾ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിലെ വിപണിയാണ്. ആയിരക്കണക്കിന് ജീവനക്കാരാണ് വിവിധ കമ്പനികളിൽനിന്നായി അവരവരുടെ വീടുകളിലേക്ക് പോയത്. വാഹനസൗകര്യം ഏർപ്പെടുത്തിയിരുന്ന കാബ് ഇൻഡസ്ട്രി, ടീ-കോഫിഷോപ്പുകൾ, പേയിങ് ഗസ്റ്റ് സംവിധാനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഇത് ബാധിച്ചിട്ടുണ്ട്.
ലോക്ഡൗണും തുടർന്ന് വർക്ക് ഫ്രം ഹോമും വന്നതോടെ ബെംഗളൂരു നഗരത്തിൽ നൂറുകണക്കിന് ഫ്ലാറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം ഓഫീസിൽ വരണമെന്ന രീതി നടപ്പാക്കുമ്പോഴും ജീവനക്കാർക്ക് കമ്പനി സ്ഥിതിചെയ്യുന്ന സ്ഥലത്ത് തങ്ങാതെ പറ്റില്ല. എന്നാൽ, കുറച്ചുകൂടി അടുത്ത സ്ഥലങ്ങളിൽ ഓഫീസ്‌സൗകര്യം ചെയ്തുകൊടുക്കുന്ന രീതിയുമുണ്ട്. ബെംഗളൂരുവിലെ കമ്പനിയിൽ ജോലിചെയ്യുന്ന വിദൂരദേശക്കാർക്കായി ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകളിൽ ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം എത്തുന്ന വിധത്തിലുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുമുണ്ട്. ഇങ്ങനെവരുമ്പോഴും ഫലത്തിൽ ഈ സ്ഥലങ്ങളിൽത്തന്നെ താമസിച്ച് ബാക്കിദിവസം വർക്ക് ഫ്രം ഹോം ചെയ്യേണ്ടിവരും.
ഓഫീസുള്ള സ്ഥലത്ത് ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം ഓഫീസിൽ വരുന്ന ശൈലി ഉണ്ടായിവരുന്നുണ്ട്. ഇങ്ങനെ വരുമ്പോൾ ജീവനക്കാർ മെച്ചപ്പെട്ട ജീവിതസാഹചര്യം കണക്കിലെടുത്ത് പട്ടണപ്രദേശത്തേക്ക് മാറും. ഇത് ഒരുപക്ഷേ ഐ.ടി. അനുബന്ധ സാമൂഹികജീവിതത്തിന് ചലനമുണ്ടാക്കിയേക്കാം.
ജി. വിജയരാഘവൻ,
സ്ഥാപക സി.ഇ.ഒ.,
ടെക്‌നോപാർക്ക്, തിരുവനന്തപുരം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..