-
കുന്നംകുളം: അടുക്കളയിൽനിന്ന് സാമ്പാറിനും അവിയലിനും തത്കാലത്തേക്കെങ്കിലും അവധി നൽകേണ്ടിവരും. തൊട്ടാൽ പൊള്ളുന്ന രീതിയിലാണ് പച്ചക്കറികളുടെ വില ഉയരുന്നത്. ദീപാവലിക്ക് ശേഷം 15 ഇനങ്ങൾക്ക് 30 ശതമാനത്തിലേറെ വില ഉയർന്നിട്ടുണ്ട്.
പയർ, വെണ്ട, മുളക്, മുരിങ്ങക്കായ, തക്കാളി, കൊത്തമര, വെള്ളരി, പടവലം, വഴുതന, കാപ്‌സിക്കം. പച്ചക്കറികളിൽ വില ഉയർന്ന ഇനങ്ങളുടെ പട്ടിക വലുതാകുകയാണ്. വീടുകളിലെ അടുക്കളകളേക്കാൾ ഹോട്ടലുകാരും കാറ്ററിങ് സർവീസുകാരും വിലവർധനയിൽ ബുദ്ധിമുട്ടുന്നുണ്ട്. ദീപാവലിയുടെ ഇടവേളയിൽ ചെറിയ വിലക്കയറ്റം ഉണ്ടാകാറുണ്ട്. തമിഴ്‌നാട്ടിലെ കൃഷിസ്ഥലങ്ങളിൽ വിളവെടുപ്പിന് ജോലിക്കാർ കുറയുന്നത് ഉത്പന്നങ്ങൾ മാർക്കറ്റുകളിലെത്തുന്നതിന് തടസ്സമാകാറുണ്ട്. ഒരാഴ്ചക്കുള്ളിൽ ഇത് സാധാരണ നിലയിലെത്താറുണ്ടെന്ന് മൊത്തകച്ചവടക്കാർ പറയുന്നു.

കാരറ്റിന് 20-30 രൂപയാണ് മൊത്തവില വരാറുള്ളത്. കുറച്ച് മാസങ്ങളായി ഇത് 50 രൂപയ്ക്ക് മുകളിലാണ്. കൊത്തമരയ്ക്ക് 30 രൂപയിലേറെ വില ഉയരാറില്ല. അത് ഇരട്ടിയായാണ് വർധിച്ചിട്ടുള്ളത്. തക്കാളിക്ക് ഏറെ കാലങ്ങൾക്കുശേഷമാണ് 75 രൂപക്ക് മുകളിലേക്ക് കടക്കുന്നത്. മൊത്തവിൽപ്പനക്കാരിൽനിന്ന് ചില്ലറ വിൽപ്പനശാലകളിലെത്തുമ്പോൾ 10-15 രൂപവരെ ഓരോ ഇനങ്ങൾക്കും വില വ്യത്യാസമുണ്ടാകും.
തമിഴ്‌നാട്ടിലെ മഴയും ഉത്പന്നങ്ങളുടെ കുറവുമാണ് ഇവിടെ പച്ചക്കറിയുടെ വിലവർധനയ്ക്ക് കാരണമാകുന്നത്. പൊള്ളാച്ചി, ഒട്ടച്ചത്രം, മേട്ടുപ്പാളയം എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും പച്ചക്കറികളെത്തുന്നത്. കർണാടകയിൽനിന്ന് തക്കാളിയുമെത്തുന്നുണ്ട്. മണ്ഡലമാസം കൂടിയെത്തിയതോടെ പച്ചക്കറിക്ക് ആവശ്യക്കാരും വർധിച്ചു.
സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തിലൂടെയാണ് വിലക്കയറ്റം പിടിച്ചുനിർത്തിയിരുന്നത്. ഓണം, വിഷു സീസണുകളിൽ ഇത് കൃത്യമായി പ്രതിഫലിച്ചിരുന്നു. ആവശ്യത്തിനനുസരിച്ച് പച്ചക്കറി എത്തിക്കാൻ സംസ്ഥാനത്ത് ഉത്പാദനം കുറവാണ്. നാടൻ ഉത്പന്നങ്ങളെത്തുകയോ ഇതരസംസ്ഥാനങ്ങളിൽ ഉത്പാദനം വർധിക്കുകയോ ചെയ്യുന്നതുവരെ വില ഉയർന്നുനിൽക്കാനാണ് സാധ്യത.
ഇന്ധന വിലവർധനയും പച്ചക്കറികളുടെ വിലവർധനയ്ക്ക് കാരണമാകുന്നുണ്ട്. ദീപാവലിക്കുമുമ്പ് പതിനഞ്ചോളം ഇനങ്ങളുമായി എത്തിയിരുന്ന കച്ചവടക്കാർ ഇപ്പോഴെത്തുന്നത് അഞ്ചിൽ താഴെ ഇനങ്ങളുമായാണെന്ന് കുന്നംകുളം മാർക്കറ്റിലെ മൊത്തവിൽപ്പനക്കാരനായ പുതുശ്ശേരി സ്വദേശി കെ.ബി. ബിജേഷ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..