US Federal reserve Chairman Jerome Powell. Photo:Gettyimages
ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ കുതിക്കുന്നതിനാല്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ വീണ്ടും നിരക്കുകള്‍ ഉയര്ത്തിതുടങ്ങി.
ഏറ്റവും ഒടുവില്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വാണ് വായ്പാ നിരക്കില്‍ അരശതമാനം വര്‍ധനവരുത്തിയത്. രണ്ടുദശാബ്ദത്തിനിടെയിലെ കുത്തനെയുള്ള വര്‍ധനവാണ് ഫെഡ് റിസര്‍വ് പ്രഖ്യാപിച്ചത്.
ഇതോടെ യുഎസിലെ വായ്പാ നിരക്കില്‍ 0.75 മുതല്‍ ഒരുശതമാനംവരെ വര്‍ധനവുണ്ടാകും. 2000ത്തിനുശേഷം ഇതാദ്യമായാണ് യുഎസ് കേന്ദ്ര ബാങ്ക് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. വരാനിരിക്കുന്ന ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മറ്റി യോഗങ്ങളിലും ഘട്ടംഘട്ടമായി നിരക്ക് ഉയര്‍ത്തല്‍ തുടര്‍ന്നേക്കും.
കോവിഡിനെ തുടര്‍ന്ന് വിപണിയില്‍ പണലഭ്യത ഉറപ്പാക്കുന്നതിനായി ഫെഡ് റിസര്‍വ് സ്വീകരിച്ച നടപടികളില്‍നിന്നുള്ള പിന്മാറ്റംതുടരുകയാണ്. ദീര്‍ഘകാല വായ്പാ നിരക്കുകള്‍ പിടിച്ചനിര്‍ത്താന്‍ വിപണിയില്‍നിന്ന് വന്‍തോതില്‍ ബോണ്ടുകള്‍ വാങ്ങിയിരുന്നു. ഈ നടപടിയില്‍നിന്ന് ഘട്ടംഘട്ടമായി പിന്മാറുന്നത് വിപണിയില്‍ വായ്പാചെലവ് വര്‍ധിക്കാനിടയാക്കും.
ഉയര്‍ന്ന വായ്പാ ചെലവ് പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് കേന്ദ്ര ബാങ്കിന്റെ കണക്കുകൂട്ടല്‍. ക്രഡിറ്റ് പോളിസിയില്‍ പിടിമുറുക്കുന്നത് മന്ദഗതിയിലാണെന്ന വിമര്‍ശനം ഫെഡ് റിസര്‍വ് നേരിടുന്നുണ്ട്. പെട്ടെന്നുള്ള നീക്കം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിച്ചേക്കാമെന്നും വിഗദ്ധര്‍ നിരീക്ഷിക്കുന്നു.
സാമ്പത്തിക വളര്‍ച്ചയെ ബാധിക്കാതെ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നതെന് ഫെഡറല്‍ റിസര്‍വ് മേധാവി ജെറോം പവല്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഈവര്‍ഷം അവസാനത്തോടെ നിരക്ക് 2.4ശതമാനത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
Content Highlights: US Fed raises rates by 50 bps, biggest hike in two decades
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..