പ്രതീകാത്മകചിത്രം |മാതൃഭൂമി
റിസര്‍വ് ബാങ്ക് നിരക്കുയര്‍ത്തി ഒരുദിവസം പിന്നിടുംമുമ്പെ ബാങ്കുകള്‍ വായ്പ പലിശ ഉയര്‍ത്തി തുടങ്ങി. കേന്ദ്ര ബാങ്കിന്റെ നിരക്ക് വര്‍ധനവിന് ആനുപാതികമായാണ് പലിശയും കൂടുന്നത്. ഒന്നര മാസത്തിനിടെ റിപ്പോ നിരക്കില്‍ 0.90ശതമാനം വര്‍ധനവാണുണ്ടായത്.
നിശ്ചിത ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള നിരക്കുകളിലാണ് വര്‍ധന ആദ്യം പ്രതിഫലിക്കുക. നിലവില്‍ നാല് ബാങ്കുകളാണ് പലിശ വര്‍ധന പ്രഖ്യാപിച്ചത്.
ഐസിഐസിഐ ബാങ്ക്
ആര്‍ബിഐ റിപ്പോ നിരക്കില്‍ അരശതമാനം വര്‍ധന പ്രഖ്യാപിച്ചതിനുപിന്നാലെ ഐസിഐസിഐ ബാങ്ക് വായ്പാ പലിശ ഉയര്‍ത്തി. ബാങ്കിന്റെ വെബ്സൈറ്റില്‍നിന്നുള്ള വിശദാംശങ്ങള്‍ പ്രകാരം ജൂണ്‍ എട്ടുമുതല്‍ 8.60ശതമാനമാണ് പലിശ.
ബാങ്ക് ഓഫ് ബറോഡ
റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച വായ്പാ പലിശ 7.40ശതമാനമായാണ് ബാങ്ക് ഓഫ് ബറോഡ ഉയര്‍ത്തിയത്. ജൂണ്‍ ഒമ്പതുമുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലായത്.
പഞ്ചാബ് നാഷണല്‍ ബാങ്ക്(പിഎന്‍ബി)
റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കും വര്‍ധനവരുത്തി. പുതുക്കിയ പലിശ 7.75ശതമാനമാണ്. ജൂണ്‍ എട്ടുമുതല്‍ നിരക്ക് പ്രാബല്യത്തിലായി.
ഇഎംഐയില്‍ എത്രവര്ധനവുണ്ടാകും?
രണ്ടുതവണയായി 0.90ശതമാനം നിരക്ക് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ അതിന് ആനുപാതികമായി വായ്പാ പലിശയിലും പ്രതിഫലിക്കും. ഉദാഹരണത്തിന്, 20 വര്‍ഷക്കാലയളവില്‍ ഏഴുശതമാനം പലിശ നിരക്കില്‍ 25 ലക്ഷം രൂപ ഭവന വായ്പയെടുത്തവര്‍ അടച്ചിരുന്ന 19,382 രൂപ 20,756 രൂപയാകും. ഒരുമാസംമാത്രം വരുന്ന അധിക ബാധ്യതയാകട്ടെ 1,374 രൂപയാണ്.
പലിശ ഇനിയും കൂടും
പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നതിനാല്‍ ഓഗസ്റ്റിലെ എംപിസി യോഗത്തിലും ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയേക്കും. കാല്‍ശതമാനമെങ്കിലും വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. റിപ്പോ, മാര്‍ജിനല്‍ കോസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയുള്ള വായ്പ പലിശകളിലാണ് വര്‍ധന ആദ്യം പ്രതിഫലിക്കുക. നിലവില്‍ ബാങ്കുകള്‍ നല്‍കിയിട്ടുള്ള വായ്പകളില്‍ 50ശതമാനത്തിലേറെ ഇത്തരത്തിലുള്ളവയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..