
Terra Luna
ആഗോളതലത്തില്‍ ബിറ്റ്കോയിന് ഉള്‍പ്പടെയുളള ക്രിപ്റ്റോ കറന്‍സികളുടെ മൂല്യം കൂപ്പുകുത്തി. ടെറാഫോം ലാബ്സിന്റെ ക്രിപ്റ്റോ കറന്‍സിയായ ടെറ ലൂണയുടെ ഇടിവിനെതുടര്ന്നായിരുന്നു പ്രതിസന്ധി രൂപ്പെട്ടത്.
24 മണിക്കൂറിനുള്ളില്‍ ടെറ ലൂണയ്ക്ക് 99ശതമാനം മൂല്യവും നഷ്ടമായതാണ് ക്രിപ്റ്റോ ലോകത്തെ ഞെട്ടിച്ചത്. ടെറയുടെ വ്യാപാരം ഇപ്പോള്‍ നടക്കുന്നത് 0.51 ഡോളിലാണ്. അതായത് അരഡോളര്‍ നിലവാരത്തില്‍.
മാസങ്ങള്‍ക്കുമുമ്പ് 112 ഡോളര്‍വരെ ടെറയുടെ മൂല്യമുയര്‍ന്നിരുന്നു. ഒരുമാസം മുമ്പുവരെ 90 ഡോളറുണ്ടായിരുന്ന മൂല്യമാണ് 24 മണിക്കൂറിനുള്ളില്‍ തകര്‍ന്നടിഞ്ഞത്.
ടെറയുടെ മൂല്യമിടഞ്ഞതോടെ ആഗോളതലത്തില്‍ ക്രിപ്റ്റോ കറന്‍സികള്‍ കനത്ത സമ്മര്‍ദത്തിലാണ്. ബിറ്റ്കോയിന് 27,000 ഡോളര്‍ നിലവാരത്തിലാണിപ്പോഴുള്ളത്. 22,000 ഡോളറിലേയ്ക്ക് മൂല്യമിടിഞ്ഞേക്കാമെന്നും ക്രിപ്റ്റോ ലോകം വിലയിരുത്തുന്നു. ആറുമാസം മുമ്പാകട്ടെ 63,000 ഡോളറായിരുന്നു ബിറ്റകോയിന്റെ മൂല്യം.

മൂല്യമിടിവിന് പിന്നില്‍
ടെറയുടെ കൈവശമുള്ള ബിറ്റ്കോയിനുകള്‍ വന്‍തോതില്‍ കയ്യൊഴിഞ്ഞതാണ് ടെറ ലൂണ ഉള്‍പ്പടെയുള്ള ക്രിപ്റ്റോകറന്‍സികള്‍ സമ്മര്‍ദത്തിലാകാന്‍ കാരണം. 1600 കോടി രൂപയാണ് ഇതിനകം ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് നഷ്ടമായത്.
70,000ത്തോളം ബിറ്റ്കോയിനുകള്‍ ടെറ ഒഴിവാക്കിയതോടെയാണ് തിരിച്ചടിയുടെ തുടക്കം. താരതമ്യേന സ്റ്റേബിള്‍ കോയിനായി കരുതിയിരുന്ന ടെറയുടെതന്നെ യുഎസ്ടിയും തിരിച്ചടിനേരിട്ടു. താരതമ്യേന ഒരു ഡോളറിന് തുല്യമായ മൂല്യമുണ്ടായിരുന്ന യുഎസ്ടിയുടെ ഇപ്പോഴത്തെ മൂല്യം 26 സെന്റാണ്(100 സെന്റിന് സമാനമാണ് ഒരു ഡോളര്‍).
തിരിച്ചുവരവ് സാധ്യമാണോ?
യുഎസ്ടിയുടെ മൂല്യം തിരിച്ചുപിടിക്കാനുള്ള തന്ത്രം പ്രായോഗികതലത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ടെറ ലൂണയുടെ തകര്‍ച്ചക്കിടയില്‍ ടെറാഫോം ലാബ്സിന്റെ സ്ഥാപകനായ ഡോ ക്വോണ്‍ ട്വിറ്ററില്‍ കുറിച്ചു.
ടെറ ലൂണയുടെയും യുഎസ്ടിയുടെയും മൂല്യം തിരികെകൊണ്ടുവരാന്‍ ടെറാഫോം ലാബ്സ് നിക്ഷേപകരുമായി സഹകരണം തേടിയിട്ടുണ്ടെന്ന ഊഹോപോഹങ്ങളും പ്രചരിക്കുന്നുണ്ട്.
യുഎസിലെ പണപ്പെരുപ്പ നിരക്കുകളില്‍ വര്ധനതുടരുന്നതും ടെറ ഉള്‍പ്പടെയുള്ള ക്രിപ്റ്റോകറന്‍സികള്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുപ്രകാരം പണപ്പെരുപ്പം 40വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍തന്നെ തുടരുകയാണ്. നിരക്കുവര്‍ധനവുമായി മുന്നോട്ടുപോകാന്‍ അത് ഫെഡറല്‍ റിസര്‍വിന് പ്രേരണയാകുമെന്നതാണ് കാരണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..