Photo: Gettyimages
അതിസമ്പന്നര്‍ സമ്പത്തിന് ആനുപാതികമായി നികുതി നല്‍കുന്നില്ലെന്ന് പഠനം. റിപ്പോര്‍ട്ട് ചെയ്യുന്ന വരുമാനം കുറച്ചുകാണിക്കുന്ന പ്രവണത സമ്പന്നരുടെ ഇടയില്‍ വ്യാപകമാണെന്നും ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സ് (ഡിഎസ്ഇ)നടത്തിയ പഠനത്തില്‍ പറയുന്നു. 7,600 കുടംബങ്ങളുടെ സമ്പത്തും വെളിപ്പെടുത്തുന്ന വരുമാനവും വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്. 2014ലെയും 2019ലെയും തിരഞ്ഞെടുപ്പുകള്‍ക്കായി സ്ഥാനാര്‍ഥികള്‍ നല്കിയ സത്യവാങ്മൂലം, ശതകോടീശ്വരന്മാരുടെ ഫോബസ് പട്ടിക, 2013-14 മുതല്‍ 2018-19വരെ ആദായ നികുതി വകുപ്പ് പ്രസിദ്ധീകരിച്ച വാര്‍ഷിക സ്ഥിതിവിവരക്കണക്കുകള്‍ എന്നിവയാണ് ഡിഎസ്ഇ വിലയിരുത്തിയത്.
ഉയര്‍ന്ന വരുമാനമുള്ള അഞ്ച് ശതമാനം കുടുംബങ്ങള്‍ അവരുടെ സമ്പത്തിന്റെ നാലു ശതമാനത്തില്‍ താഴെമാത്രമാണ് വെളിപ്പെടുത്തുന്നതത്രെ. താഴെതട്ടിലുള്ള വരുമാനക്കാരുടെ കുടുംബങ്ങളാകട്ടെ വെളിപ്പെടുത്തുന്ന ശരാശരി വരുമാനം സമ്പത്തിന്റെ 170ശതമാനത്തിലേറെയുമാണെന്ന് പഠനം പറയുന്നു. സര്‍ക്കാരിന്റെ നടപടികള്‍ ഫലം കണ്ടുതുടങ്ങിയെന്നും കുറച്ചു വര്‍ഷങ്ങളായി കൂടുതല്‍ വരുമാനം വെളിപ്പെടുത്തുന്ന പ്രവണത കണ്ടുവരുന്നുണ്ടെന്നും പഠനത്തില്‍ വിലയിരുത്തുന്നു.
ഉയര്‍ന്ന വരുമാനക്കാര്‍ക്ക് വരുമാനം എളുപ്പത്തില്‍ കുറച്ചുകാണിക്കാന്‍ കഴിയുമെന്നാണ് പ്രമുഖ സാമ്പത്തിക വിദഗ്ധനായ തോമസ് പിക്കെറ്റിയുടെ നിരീക്ഷണം. അതിസമ്പന്നര്‍ താഴെതട്ടിലുള്ളവരേക്കാള് കുറവ് നികുതി അടയ്ക്കുന്നവരായിരിക്കും. സാമൂഹികവും സാമ്പത്തികവുമായ സ്ഥിതി മോശമാക്കാനേ അത് ഉപകരിക്കൂയെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ഓഹരിയില്‍നിന്ന് ലാഭമെടുത്തിട്ടുണ്ടെങ്കില്‍ മാത്രമെ അത് മൂലധനനേട്ടമായി കണക്കാക്കൂ. എങ്കില്‍ മാത്രമെ നികുതിയടച്ച് ഐടി റിട്ടേണില്‍ കാണിക്കേണ്ടതുള്ളൂ. അതുകൊണ്ടുതന്നെ അതിസമ്പന്നര്‍ ഓഹരികളിലും വാണിജ്യ സമുച്ചയങ്ങളിലുമാണ് പ്രധാനമായും പണം മുടക്കുന്നത്. സമ്പന്നര്‍ ലാഭവീതം സ്വീകരിക്കുന്നതിനു പകരം ആതുകയുടെ ഭൂരിഭാഗവും കമ്പനികളില്‍ വീണ്ടും നിക്ഷേപിക്കാനാണ് താല്പര്യപ്പെടുന്നത്. ലാഭവിഹിതത്തിന് നല്‍കേണ്ട നികുതിയില്‍നിന്ന് ഒഴിവാകുകയാണ് ലക്ഷ്യം.
ഫോബ്സ് പട്ടികയിലെ അതിസമ്പന്നരായ ഇന്ത്യക്കാര്‍ അവരുടെ സമ്പത്തിന്റെ 0.2ശതമാനത്തില്‍താഴെയാണ് നികുതി അടയ്ക്കുന്നത്. ഇടത്തരക്കാരുടെ നികുതി ബാധ്യതയേക്കാള് കുറവാണിതെന്നും പഠനം നിരീക്ഷിക്കുന്നു.
Content Highlights: Study shows that the wealthy indians reporting lower income, paying less tax
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..