Photo:Gettyimages
ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് സെബിയുടെ നടപടിക്ക് ഭാഗികമായി സ്റ്റേ. സെക്യൂരിറ്റീസ് അപ്പലറ്റ ട്രിബ്യൂണലാണ് ഫ്രാങ്ക്‌ളിൻ ടെംപിൾടണ് അനുകൂലമായി ഇടക്കാല ഉത്തവിട്ടത്.
രണ്ടുവർഷത്തേയ്ക്ക് പുതിയതായി ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ തുടങ്ങുന്നതിന് വിലക്കേർപ്പെടുത്തിയതിനാണ് സ്റ്റേ ലഭിച്ചത്. ഫണ്ട് മാനേജുമെന്റ് ചാർജിനത്തിൽ ഈടാക്കിയ തുകയായ 512 കോടി രൂപ നിക്ഷേപിക്കുന്നതിനും എഎംസിക്ക് ആശ്വാസം ലഭിച്ചു. നിക്ഷേപിക്കേണ്ടതുക 250 കോടിയായി കുറയ്ക്കുകയാണ് ചെയ്തത്.
20വർഷത്തിലേറെയായി ഫ്രാങ്ക്‌ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ട് രാജ്യത്ത് പ്രവർത്തിച്ചുവരുന്നതായി ട്രിബ്യൂണൽ നിരീക്ഷിച്ചു. പ്രവർത്തനം മരവിപ്പിച്ച ഫണ്ടുകളിൽ 10 വർഷത്തിലേറെ പഴക്കമുള്ളവയുമുണ്ട്. ഇതുവരെ മോശം ഫണ്ട് മാനേജുമെന്റായിരുന്നു ഈ ഫണ്ടുകളിലെന്ന് പരാതിയൊന്നു ലഭിച്ചിട്ടില്ലെന്നും ട്രിബ്യൂണലിന്റെ സ്റ്റേ ഉത്തരവിൽ പറയുന്നു.
ഇക്വിറ്റി, ഡെറ്റ് പദ്ധതികളിലായി 48 ഫണ്ടുകളാണ് കമ്പനിക്കുള്ളത്. ഡെറ്റ് വിഭാഗത്തിൽമാത്രം 28 ഫണ്ടുകളുണ്ട്. ഇതിൽ ആറെണ്ണമാണ് പ്രവർത്തനംനിർത്തിയത്. 22 ഫണ്ടുകൾ ഇപ്പോഴും പ്രവർത്തിച്ചുവരുന്നുണ്ടെന്നും വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ തീരുമാനത്തിനായി അപ്പീൽ പരിഗണിക്കുന്നത് ഓഗസ്റ്റ് 30ലേയ്ക്ക് മാറ്റിവെച്ചു.
2020 ഏപ്രിൽ 23നാണ് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കുന്നതായി ഫ്രാങ്ക്‌ളിൻ നിക്ഷേപകരെ അറിയിച്ചത്. മൂന്നുലക്ഷത്തിലേറെ നിക്ഷേപകരുടെ 25,000 കോടിയോളം രൂപയാണ് മൊത്തമുണ്ടായിരുന്ന നിക്ഷേപം. പലതവണയായി നിക്ഷേപത്തിൽ 17,000 കോടിയിലേറെ രൂപ കമ്പനി ഇതിനകം തിരിച്ചുകൊടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..