കൊച്ചി: മത്തിയുടെ ലഭ്യതയിൽ ഈ വർഷവും കാര്യമായ വർധനയുണ്ടാകാൻ സാധ്യതയില്ലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). കഴിഞ്ഞ രണ്ടുവർഷങ്ങളിലെപ്പോലെ മത്തിയുടെ ക്ഷാമം തുടരും. മത്തി പിടിക്കുന്നതിൽ കൂടുതൽ കരുതൽ വേണമെന്ന് ഈ മേഖലയിൽ പഠനം നടത്തുന്ന സി.എം.എഫ്.ആർ.ഐ.യിലെ വിദഗ്ധർ.
എൽനിനോയെ തുടർന്ന് മത്തിയുടെ പ്രജനനത്തെ ദോഷകരമായി ബാധിച്ചിരുന്നു. മത്തിയുടെ അനുയോജ്യമായ അളവിലുള്ള പ്രജനനത്തിനും ശരിയായ രീതിയിൽ വളർച്ചപ്രാപിക്കുന്നതിനും ഇത് തടസ്സമായിരുന്നു. നിലവിൽ സമുദ്ര കാലാവസ്ഥ മത്തിയുടെ പ്രജനനത്തിന് അനുയോജ്യമല്ലാത്തതാണ് കടലിൽ മത്തിയുടെ ക്ഷാമം തുടരുന്നതിന് കാരണമെന്ന് സി.എം.എഫ്.ആർ.ഐ.യിലെ ഉപരിതലമത്സ്യ ഗവേഷണ വിഭാഗത്തിലെ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
ചെറുമത്തി പിടിക്കുന്നത് ഒഴിവാക്കുന്നതിനോടൊപ്പംതന്നെ, മുട്ടയിടാറായ തള്ളമീനുകളെയും പരമാവധി പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് സി.എം.എഫ്.ആർ.ഐ. നിർദേശിക്കുന്നത്. നിയന്ത്രണങ്ങൾ പാലിച്ചാൽ മാത്രമേ വരുംവർഷങ്ങളിൽ മത്തിയുടെ ഉത്‌പാദനം പൂർവസ്ഥിതിയിലാക്കാൻ കഴിയൂവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം ജില്ലയുടെ തെക്കൻ തീരങ്ങളിൽ മുട്ടമത്സ്യങ്ങളുടെ ചെറിയ ചെറിയ കൂട്ടങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രജനനത്തിനുള്ള സമയം നൽകാതെ ഇവയെ പിടിച്ചെടുക്കപ്പെടുന്നതായാണ് കാണുന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..