ഫോട്ടോ: മാതൃഭൂമി
വടക്കാഞ്ചേരി: ഭാരതപ്പുഴയിൽ കൊച്ചിൻ പാലത്തിന് സമീപത്തുള്ള തടയണയോട് ചേർന്ന് ഔദ്യോഗികമായി 4994 ഘനമീറ്റർ മണൽ നീക്കി. സംസ്ഥാന സർക്കാരിന് ഈ ഇനത്തിൽ 90 ലക്ഷം രൂപ വരുമാനം ലഭിച്ചു. തൃശ്ശൂർ അഡീഷണൽ ഇറിഗേഷൻ വിഭാഗത്തിനാണ് ഇതിന്റെ ചുമതല. 15,750 ഘനമീറ്റർ മണൽ ഇവിടെനിന്ന് വിൽപ്പന നടത്താനാണ് സർക്കാർ അനുമതി. ഇതിന്റെ മൂന്നിലൊന്ന് മണൽ മാത്രമാണ് ഇതുവരെ പുഴയിൽ നിന്ന് നീക്കിയത്.
ചെങ്ങണാംകുന്നിലും വെളിയാങ്കല്ലിലും മണൽ വിൽപ്പനയുടെ ചുമതല പാലക്കാട്, മലപ്പുറം ജില്ലയിലെ അഡീഷണൽ ഇറിഗേഷനാണ്. 2018-ലെ പ്രളയത്തെത്തുടർന്ന് ഭാരതപ്പുഴയിലെ രണ്ട് റെഗുലേറ്ററുകളിലും, കൊച്ചിൻ പാലത്തിനു താഴെയുള്ള തടയണയിലും അടിഞ്ഞ മണൽ നീക്കുന്നതിനുള്ള നടപടി ഇ-ടെൻഡർ വഴിയാണ് നേരത്തെ പൂർത്തീകരിച്ചത്. മൂന്നിടങ്ങളിലുമായി പതിനായിരക്കണക്കിന് ക്യുബിക് മീറ്റർ മണൽ നീക്കുന്നതിന് 15.19 കോടി രൂപയ്ക്കാണ് ടെൻഡർ പോയിട്ടുള്ളത്. കൊണ്ടയൂർ ചെങ്ങണാംകുന്ന് റെഗുലേറ്ററിലെ മണൽ 9.61 കോടി രൂപയ്ക്കാണ് ലേലത്തിലെടുത്തിട്ടുള്ളത്. വെളിയാങ്കല്ല് റെഗുലേറ്ററിൽ മൂന്ന് കോടി രൂപയ്ക്കും കൊച്ചിൻ പാലത്തിന് താഴെയുള്ള തടയണയിൽ 2.58 കോടി രൂപയ്ക്കുമാണ് മണൽ നീക്കാൻ ടെൻഡർ ഉറപ്പിച്ചത്. കേരളത്തിലെ അണക്കെട്ടുകളിൽ അടിഞ്ഞുകൂടിയ ചെളിയും മണലും നീക്കാനുള്ള സാങ്കേതിക നടപടി 2017-ൽ സർക്കാർ സ്വീകരിച്ചിരുന്നു.
സിമന്റ് പോലെ മണലും
വടക്കാഞ്ചേരി: നിർമാണങ്ങൾക്ക് ഇനി പുഴമണലിനായി നെട്ടോട്ടം ഓടേണ്ട. 30 കിലോ, 50 കിലോ മണൽ ചാക്കുകളിലായി വിപണിയിൽ സിമന്റ്ചാക്കുപോലെ വാങ്ങാനാകും. വടക്കാഞ്ചേരി നഗരസഭാ പരിധിയിലെ അത്താണിയിലും വരവൂരിലെ തളിയിലും സാൻഡ്‌വൺ എന്ന പേരിൽ കോൺക്രീറ്റിനും പ്ലാസ്റ്ററിങ്ങിനും ഉപയോഗിക്കാവുന്ന പുഴമണൽ ചാക്കുകളിലാക്കി നൽകുന്നു. 30 കിലോ ബാഗിന് 160 രൂപയും 50 കിലോക്ക് 210 രൂപയുമാണ്. ഇത് 5000 കിലോ വാങ്ങുമ്പോൾ 18,000 രൂപയ്ക്ക് ലഭിക്കും. ചെറിയ അറ്റകുറ്റപ്പണിക്ക് സിമന്റിനൊപ്പം കടയിൽനിന്ന് മണലും വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..