കോഴിക്കോട് മിഠായിത്തെരുവിലെ തിരക്ക് |ഫോട്ടോ: സാജൻ വി. നമ്പ്യാർ.
കൊച്ചി: മിക്ക സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണങ്ങളിൽ അയവു വന്നു തുടങ്ങിയതോടെ രാജ്യത്ത് ചില്ലറ വ്യാപാര മേഖലയിലെ (റീട്ടെയ്ൽ) വില്പന മെച്ചപ്പെട്ടു തുടങ്ങി. ഈ വർഷം ജൂലായിൽ റീട്ടെയ്ൽ വിഭാഗത്തിൽനിന്നുള്ള വില്പന കോവിഡിനു മുൻപുള്ളതിന്റെ 72 ശതമാനത്തിലേക്കെത്തിയതായി റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (റായ്) സർവേ വ്യക്തമാക്കുന്നു. ഈ വർഷം ജൂണിൽ ഇത് 50 ശതമാനമായിരുന്നു.
ഈ ഉത്സവ സീസണിൽ വ്യാപാരികൾക്ക് പ്രതീക്ഷ നൽകുന്ന റിപ്പോർട്ടാണ് റായ് പങ്കുവെച്ചിട്ടുള്ളത്. കേരളം ഉൾപ്പെടെയുള്ള ദക്ഷണിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള റീട്ടെയ്ൽ വില്പനയിൽ ശക്തമായ തിരിച്ചുവരവ് പ്രകടമായിട്ടുണ്ട്. മേഖലയിൽ വില്പന 2019 ജൂലായിൽ രേഖപ്പെടുത്തിയതിന്റെ 82 ശതമാനം വരെയായി ഉയർന്നിട്ടുണ്ടെന്നാണ് സർവേ വ്യക്തമാക്കുന്നത്. അതായത്, 18 ശതമാനത്തിന്റെ മാത്രം കുറവ്. പശ്ചിമേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡിനു മുൻപുള്ളതിന്റെ 57 ശതമാനമായും വടക്കേ ഇന്ത്യയിൽ 78 ശതമാനമായും വില്പന ഉയർന്നു.
വിപണി ഉണർന്നു
വിഭാഗങ്ങൾ തിരിച്ചുള്ള കണക്കെടുത്താൽ വില്പനയിൽ ഏറ്റവും മികച്ച പുരോഗതി നിരീക്ഷിച്ചിട്ടുള്ളത് ക്വിക് സർവീസ് റെസ്റ്റോറന്റ്‌സ് മേഖലയിലാണ്. ഈ മേഖലയിലെ വില്പന കഴിഞ്ഞ മാസം കോവിഡിനു മുൻപുള്ളതിന്റെ 97 ശതമാനമായിട്ടുണ്ട്.
ബ്യൂട്ടി ആൻഡ് വെൽനസ് വിഭാഗത്തിൽ 50 ശതമാനത്തിലേക്കും വസ്ത്രവ്യാപാര മേഖലയിൽ 63 ശതമാനത്തിലേക്കും വില്പന എത്തി. ജൂവലറി വില്പന 2019 ജൂലായിൽ രേഖപ്പെടുത്തിയതിന്റെ 69 ശതമാനം വരെയായി. ഭക്ഷണ, പലചരക്ക് വിഭാഗത്തിൽ 88 ശതമാനമായും കൺസ്യൂമർ ഡ്യൂറബിൾസ് ആൻഡ് ഇലക്‌ട്രോണിക്സ് വില്പന 72 ശതമാനമായും മെച്ചപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..