തൃശ്ശൂർ: ഗ്ലെൻമാർക്ക് കമ്പനിയുടെ, കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഫാബിഫ്ളൂ എന്ന ബ്രാൻഡ് വിപണിമൂല്യംകൊണ്ട് ആരോഗ്യമേഖലയെ അമ്പരപ്പിക്കുന്നു.
ഇൻഫ്ളുവൻസയെന്ന പകർച്ചപ്പനിക്കെതിരേയുള്ള ജാപ്പനീസ് മരുന്നാണ് ഫാവിപിരാവിർ. കടുത്ത വൈറസ് ബാധയ്ക്കെതിരേ ഉപയോഗിക്കാവുന്ന മരുന്ന് ഇടത്തരം കോവിഡ് ബാധിതർക്കും നൽകാനുള്ള അനുമതി കഴിഞ്ഞ ജൂണിലാണ് ഇന്ത്യയിൽ നൽകിയത്.
മുപ്പതിലധികം കമ്പനികൾ മരുന്നിന്റെ ജനറിക് പതിപ്പ് ഇവിടെ ഉത്പാദിപ്പിക്കുന്നുമുണ്ട്. ഇതിൽ ഇക്കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയിലെ ഔഷധമൊത്തവ്യാപാരി സംഘടനയുടെ കണക്കുകൾ പ്രകാരം 351.9 കോടി രൂപയുടെ ഫാബിഫ്ളൂ മരുന്നാണ് വിറ്റുപോയത്. ഏറ്റവും കൂടുതൽ വിപണിവിഹിതമുണ്ടായിരുന്ന സിൻകോവിറ്റിനെയാണ് 90 ലക്ഷം രൂപ കൂടുതൽ നേടി മറികടന്നത്.
അതേമാസം ഇന്ത്യയിലെ മൊത്തം മരുന്നുകളുടെ വിൽപ്പന 15,665 കോടി രൂപയുടെ വിറ്റുവരവാണുണ്ടാക്കിയത്. അതായത് പതിനായിരക്കണക്കിന് ബ്രാൻഡുകളുള്ള ഔഷധവിപണിയുടെ മൊത്തം വിറ്റുവരവിന്റെ രണ്ടുശതമാനവും ഫാബിഫ്ളൂവെന്ന കോവിഡ് മരുന്ന് നേടി. തൊട്ടുമുൻപത്തെ മാർച്ചുമാസത്തിൽ വെറും 48.3 കോടിയുടെ വിറ്റുവരവായിരുന്നു.
ഗുരുതരരോഗികൾക്കുള്ള കുത്തിവെപ്പുമരുന്നുകളായ റെംഡെസിവിറിന്റെയും ടോസിലിസുമാബിന്റെയും ഉപയോഗം ആശുപത്രികളിലായി നിജപ്പെടുത്തിയിട്ടുണ്ട്. വീട്ടിൽ പരിചരിക്കേണ്ടിവരുന്ന രോഗികൾക്കാണ് ഫാവിപിരാവിർ തുടങ്ങിയ മരുന്നുകൾ കൊടുക്കുന്നത്. എന്നാൽ, വിദേശരാജ്യങ്ങളിലെപ്പോലെയുള്ള പ്രയോജനം കോവിഡ് ചികിത്സയിൽ ഇവയ്ക്ക് ഇന്ത്യയിലുണ്ടാക്കാൻ കഴിഞ്ഞോയെന്ന സംശയവും വിദഗ്ധർ പ്രകടിപ്പിക്കുന്നുണ്ട്. ഏറെക്കാലമായി വിപണിയിൽ ലഭ്യമായ മരുന്നുകളാണെന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്.
കോവിഡ് ചികിത്സയ്ക്ക് അനുമതി നൽകിയിട്ടുള്ള മരുന്നുകളുടെ വിതരണത്തിന് കടുത്ത നിയന്ത്രണങ്ങളാണുള്ളത്. ഇതിൽ രണ്ട് കുത്തിവെപ്പുമരുന്നുകളും ആശുപത്രികൾ വഴി മാത്രമാണ് വിതരണം. ഫാവിപിരാവിർ പോലുള്ള മരുന്നുകൾ വിൽക്കുന്നത് യോഗ്യരായ ഡോക്ടർമാരുടെ കുറിപ്പടിയുടെ മാത്രം അടിസ്ഥാനത്തിലായിരിക്കണം. ചില്ലറവിൽപ്പനശാലകൾ ഇക്കാര്യത്തിൽ കടുത്തശ്രദ്ധ പുലർത്തണം. രോഗികൾ മരുന്നുകൾ നേരിട്ടുവാങ്ങി ഉപയോഗിക്കരുത്.
-കെ.ജെ. ജോൺ
സംസ്ഥാന ഡ്രഗ്സ് കൺട്രോളർ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..