പ്രതീകാത്മക ചിത്രം/AFP
ക്രിപ്‌റ്റോ കറന്‍സികള്‍ക്കുമേല്‍ നിയന്ത്രണം കൊണ്ടുവരണമന്ന് റിസര്‍വ് ബാങ്ക് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ അന്താരാഷട്ര സഹകരണം ധനമന്ത്രി നിര്‍മല സീതാരാമന്‍ ആവശ്യപ്പെടുകയുംചെയ്തു.
ലോക്‌സഭയില്‍ ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി. ക്രിപ്‌റ്റോകറന്‍സി നിരോധിക്കുന്നതിന് നിയമനിര്‍മാണം വേണമെന്ന് റിസര്‍വ് ബാങ്ക് ആവര്‍ത്തിച്ച് ശുപാര്‍ശ ചെയ്തിട്ടുള്ളതായി ധനമന്ത്രി വ്യക്തമാക്കി. ക്രിപ്‌റ്റോ ഇടപാടുകള്‍ അതിരുകളില്ലാത്തതാണെന്നും ഫലപ്രദമായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും അവര്‍ പറഞ്ഞു.
ക്രിപ്‌റ്റോ കറന്‍സി വിതരണം, വാങ്ങല്‍, വില്‍ക്കല്‍, കൈവശംവെയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് പലപ്പോഴായി റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2018 ഏപ്രില്‍ ആറിന് ഇറക്കിയ സര്‍ക്കുലറില്‍, വെര്‍ച്വല്‍ കറന്‍സികള്‍ കൈകാര്യം ചെയ്യുന്നതിനോ അവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനോ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.
കെവൈസി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വെര്‍ച്വല്‍ കറന്‍സികളുടെ ഇടപാടുകള്‍ക്കായി ഉപഭോക്തൃ ജാഗ്രതാ പ്രക്രിയകള്‍ തുടരാന്‍ 2021 മെയ് 31ലെ സര്‍ക്കുലറില്‍ ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു. പത്തുവര്‍ഷമായി ക്രിപ്‌റ്റോ ഇടപാടുകളുമായി ബന്ധപ്പെട്ട് ആര്‍ബിഐ നിര്‍ദേശങ്ങളോ മുന്നറിയിപ്പുകളോ നല്‍കിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ധനമന്ത്രി ആര്‍ബിഐയുടെ നപടികള്‍ വിശദീകരിച്ചു.
എല്ലാ കറന്‍സികളും കേന്ദ്ര ബാങ്കുകളോ സര്‍ക്കാരുകളോ പുറത്തിറക്കേണ്ടതിനാല്‍ ക്രിപ്‌റ്റോ കറന്‍സികളെ കറന്‍സിയായി പരിഗണിക്കാന്‍ കഴിയില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. കറന്‍സികളുടെ മൂല്യം ധനനയം നിയമപരമായ അംഗീകാരം എന്നിവയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. എന്നാല്‍, ക്രിപ്‌റ്റോ കറന്‍സികളുടെ മൂല്യം ഊഹക്കച്ചവടങ്ങളിലും ഉയര്‍ന്ന റിട്ടേണ്‍ പ്രതീക്ഷകളിലുംമാത്രം അധിഷ്ഠിതമാണെന്നും ആര്‍ബിഐ നിരീക്ഷിക്കുന്നു. ഇത് രാജ്യത്തിന്റെ പണവും ധനപരവുമായ സ്ഥിരതയെ ബാധിക്കുമെന്നുമാണ് ആര്‍ബിഐയുടെ നിലപാടെന്നും ധനമന്ത്രി വ്യക്താക്കി.
Content Highlights: RBI seeks Crypto ban, but India needs global support to regulate it, says FM Nirmala Sitharaman
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..