Photo: Gettyimages
രാജ്യത്ത് ഇതാദ്യമായി ഡിജിറ്റല്‍ കറന്‍സി(ഇ രൂപ)യുടെ ചില്ലറ ഇടപാടിന് തുടക്കമായി. പരീക്ഷണാടിസ്ഥാനത്തിലുള്ള ഇടപാടിനായി നാല് ബാങ്കുകള്‍ക്ക് 1.71 കോടി രൂപയാണ് റിസര്‍വ് ബാങ്ക് അനുവദിച്ചത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക് എന്നിവയുടെ നേതൃത്വത്തില്‍ മുംബൈ, ഡല്‍ഹി, ബെംഗളുരു, ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളിലെ തിരഞ്ഞെടുത്ത സംഘങ്ങള്‍ക്കിടയിലാണ് ഇടപാട് നടത്തുന്നത്. ചെറുകിട ഇടപാടുകാരുടെ ആവശ്യം, ബാങ്കുകളുടെ പണലഭ്യത എന്നിവ കണക്കിലെടുത്താകും കൂടുതല്‍(ഡിജിറ്റല്‍ രൂപ)തുക അനുവദിക്കുക. സുഹൃത്തുക്കള്‍ക്കിടയിലും കച്ചവടക്കാര്‍ ഉപഭോക്താക്കള്‍ തമ്മിലും ഇടപാടുകള്‍ നടത്തിതുടങ്ങി. തെരുവ് കച്ചവടക്കാര്‍ മുതല്‍ വന്‍കിട വ്യാപാരികള്‍വരെ ഇതില്‍ ഉള്‍പ്പെടും. ഭക്ഷ്യ വിതരണ ആപ്പുകളും വരുംദിവസങ്ങളില്‍ ഡിജിറ്റല്‍ രൂപ സ്വീകരിച്ചുതുടങ്ങും.
50,000 കച്ചവടക്കാരെയും ഉപഭോക്താക്കളെയും ദിവസങ്ങള്‍ക്കുള്ളില്‍ ഇടപാടുകളില്‍ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടമായി രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ നാലു ബാങ്കുകളെക്കൂടി ഉള്‍പ്പെടുത്തും. ബാങ്ക് ഓഫ് ബറോഡ, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ചേരുക. അതോടൊപ്പം അഹമ്മദാബാദ്, ഗാംങ്ടോക്ക്, ഗുവാഹട്ടി, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊച്ചി, ലക്നൗ, പട്ന, ഷിംല എന്നിവിടങ്ങളിലേയ്ക്കും ഇടപാട് വ്യാപിപ്പിക്കും.
ബാങ്കുകള്‍ ഇതിനായി തയ്യാറാക്കിയ വാലറ്റ് ആപ്പ് സ്മാര്‍ട്ട്ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് ആദ്യംവേണ്ടത്. കറന്‍സി ഡിജിറ്റലായി നല്കി ബാങ്കുകളില്‍നിന്ന് ഡിജറ്റല്‍ രൂപ സമാഹരിക്കാന്‍ കഴിയും. വ്യക്തികള്‍ക്കോ കച്ചവടക്കാര്‍ക്കോ ഇത്തരം ഡിജിറ്റല്‍ രൂപ കൈമാറുകയുംചെയ്യാം. ക്യൂആര്‍ കോഡ് വഴിയാണ് വ്യാപാരികള്‍ക്ക് പണംകൈമാറാന്‍ കഴിയുക. അതിനുവേണ്ടിയുള്ള ക്യുആര്‍ കോഡ് കച്ചവടസ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കും.
Also Read
തിരഞ്ഞെടുത്ത സംഘങ്ങള്ക്കിടയില്മാത്രമാണ് ഇപ്പോള്‍ ഇടപാട് നടത്തുന്നത്. വിപണിയിലുള്ള രൂപയുടെ അതേ മൂല്യമുള്ള ഡിജിറ്റല്‍ ടോക്കണിന്റെ രൂപത്തിലാണ് ഇടപാട് നടക്കുക. അച്ചടിച്ച രൂപയും ലോഹ രൂപത്തിലുള്ള കോയിനും ഒഴിവാക്കുന്നു എന്ന വ്യത്യാസംമാത്രം.
Content Highlights: RBI creates Rs 1.71 crore of digital rupee for retail pilot
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..