Image: LinkedIn
ദമ്പതിമാര്‍. രാകേഷും രശ്മി വെര്‍മയും. വെബ് കാര്‍ട്ടോഗ്രാഫിയില്‍ ഗൂഗിള്‍ വിപ്ലവം സൃഷ്ടിക്കുന്നതിനു വളരെമുമ്പ്. രണ്ടുപതിറ്റാണ്ടുമുമ്പ്. രാജ്യത്തെ നഗരങ്ങളും തെരുവുകളും ഇവര്‍ മനസില്‍ കണ്ടു. ബാലികേറാമലയെന്ന് കരുതി പിന്‍തിരിയാതെ അതെല്ലാം ഡിജിറ്റല്‍ മാപ്പിലേയ്ക്കുപകര്‍ത്തി.
ആ ദൗത്യത്തിന്റെ ഏറ്റവും പുതിയ ചുവടുവെപ്പായിരുന്നു ചൊവാഴ്ച. ദമ്പതിമാര്‍ കെട്ടിപ്പൊക്കിയ സൗധം 'മാപ്പ് മൈ ഇന്ത്യ' രാജ്യത്തെ വിപണിയില്‍ ലിസ്റ്റ് ചെയ്ത ദിവസം ഓഹരി 35ശതമാനം കുതിപ്പ് രേഖപ്പെടുത്തി. ഓഹരിയൊന്നിന്റെ വില 1,393.65 രൂപയായി ഉയര്‍ന്നു.
സങ്കീര്‍ണമായ ഭൂപ്രകൃതിയുള്ള രാജ്യത്തിന്റെ ഡിജിറ്റല്‍ ഭൂപടവും ഭൂമിശാസ്ത്രവിവരങ്ങളും നല്‍കുന്ന ഒരു കമ്പനിക്ക് എന്തുകൊണ്ടും മികച്ച തുടക്കമായിരുന്നു അത്. ദമ്പതിമാരുടെ ആസ്തി 4,400 കോടി(586 മില്യണ്‍ ഡോളര്‍)യായി.
വളര്‍ച്ച ഇങ്ങനെ
25 വര്‍ഷംമുമ്പ് ഇവര്‍ ഡാറ്റാ മാപ്പിങ് ആരംഭിച്ചപ്പോള്‍ പലര്‍ക്കും അതെന്താണെന്ന് മനസിലായില്ല. ഇപ്പോഴാകട്ടെ, സര്‍വത്രമേഖലകളില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യം ഈമേഖല പിടിച്ചടക്കിയിരിക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പേ ഭാവി പ്രവചിക്കാന്‍ കഴിയണം. സ്റ്റാര്‍ട്ടപ്പുകള്‍ ഇങ്ങനെയാകണം.
ആപ്പിള്‍, ആമസോണ്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ കമ്പനിയുടെ സോഫ്റ്റ് വെയറിന്റെ ഉപഭോക്താക്കളായി. സി.ഇ ഇന്‍ഫോസിസ്റ്റം-എന്നപേരില്‍ അറിയപ്പെടുന്ന മാപ്പ് മൈ ഇന്ത്യ-യുടെ വിപണിയിലെ അരങ്ങേറ്റം മികച്ചതായിരുന്നു. 150 ഇരട്ടയിലേറെ അപേക്ഷകളാണ് ഐ.പി.ഒയ്ക്ക് ലഭിച്ചത്.
കമ്പനിയില്‍ 54ശതമാനം ഓഹരി വിഹിതമാണ് ഈ ഭര്‍തൃ-ഭാര്യ കൂട്ടുകെട്ടിനുള്ളത്. വിപണിയുടെ മുന്നേറ്റത്തിനിടെ വിജയക്കൊടിപാറിച്ച കമ്പനികളുടെ മുന്‍നിരയില്‍ മാപ് മൈ ഇന്ത്യ സ്ഥാനംപിടിച്ചു.
മുന്‍ സാമ്പത്തിക വര്‍ഷം 192 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. 59.43കോടി രൂപ അറ്റാദായവുംനേടി. നടപ്പ് സാമ്പത്തികവര്‍ഷം ആദ്യരണ്ട് പാദങ്ങളില്‍ ലാഭത്തില്‍ ലഭിച്ച മാര്‍ജിന്‍ 46ശതമാനമാണ്.
ചരിത്രം രചിച്ചവര്‍
മാപ്പിങ് ഡാറ്റയില്‍ ആര്‍ക്കും താല്‍പര്യമില്ലാത്ത കാലം. 1990കളുടെ മധ്യം. രാകേഷും രശ്മിയും കമ്പനിക്ക് തുടക്കമിടുന്നു. ഇന്റര്‍നെറ്റ് പോലുമില്ലാത്ത അക്കാലത്ത് ബെംഗളുരുവും ഗുരുഗ്രാമും ടെക്കികള്‍ക്ക് അജ്ഞാതമായിരുന്നു.
സാങ്കേതിക മുന്നേറ്റത്തിന്റെകാലമെത്തിയപ്പോഴും ഇവര്‍ വേറിട്ട ബിസിനസുമായി പിടിച്ചുനിന്നു. രശ്മിക്കായിരുന്നു സ്ഥാപനത്തിലെ ടെക്‌നോളജി വിഭാഗത്തിന്റെ ചുമതല. ചീഫ് ടെക്‌നോളജീ ഓഫീസറായി സ്ഥാപനത്തെ നിയന്ത്രിച്ചു. വാഹനം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിങ്ങനയുള്ള മേഖലകളിലേയ്ക്ക് കമ്പനിയുടെ ഉത്പന്നമെത്തിക്കാന്‍ രാകേഷ് നിര്‍ണായക പങ്കുവഹിച്ചു.
ആദ്യകാലം
എന്‍ജിനിയറിങില്‍ ബിരുദംനേടി യുഎസിലേയ്ക്കുപറന്ന അവര്‍ ഉന്നത ബിരുദവും സ്വന്തമാക്കിയശേഷമായിരുന്നു കോര്‍പറേറ്റ് കരിയറിന് തുടക്കമിട്ടത്. രാകേഷ് ജനറല്‍ മോട്ടോഴ്‌സിലും രശ്മി ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍ കോര്‍പറേഷനിലും പ്രവര്‍ത്തിച്ചു. ഇന്ത്യയില്‍ തിരിച്ചത്തിയ ദമ്പതിമാര്‍, വികിസിത രാജ്യങ്ങളില്‍ സാധ്യതകള്‍ തുറന്ന ഡിജിറ്റല്‍ മാപ്പിങിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു.
സര്‍വെയര്‍മാരോടൊപ്പം ചേര്‍ന്ന് മുംബൈയിലെ തെരുവുകള്‍ ഡാറ്റയാക്കിമാറ്റുകയാണ് ആദ്യംചെയ്തത്. സാങ്കേതികവിദ്യയുടെ കുതിപ്പിനനസുരിച്ച് അവരുടെ ലോകം വിശാലമായി. ബിസിനസ് ആരംഭിച്ച് ഒരുവര്‍ഷം പിന്നിട്ടപ്പോള്‍, വിതരണശൃംഖല ശക്തിപ്പെടുത്താന്‍ കൊക്കക്കോള കമ്പനി ഇവരുടെ സാഹയംതേടി. മോട്ടറോള, എറിക്‌സണ്‍, ക്വാല്‍കോം തുടങ്ങി നിരവധി കമ്പനികള്‍ പിന്നീട് ഇവരുടെ ഉപഭോക്താക്കളായി. 2004ല്‍ ഇരുവരുംചേര്‍ന്ന് ആദ്യത്തെ ഇന്ററാക്ടീവ് മാപ്പ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ബിഎംഡബ്ല്യു, ബെന്‍സ് തുടങ്ങി വന്‍കിട കാര്‍ കമ്പനികളും മക്‌ഡൊണാള്‍ഡ് കോര്‍പറേഷന്‍ പോലുള്ള ആഗോള ബ്രാന്‍ഡുകളും മാപ് മൈ ഇന്ത്യയെ തേടിയെത്തി.
ഭാവി
200ലേറെ രാജ്യങ്ങളുടെ മാപുകള്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തുകയാണ് കമ്പനിയുടെ അടുത്ത ലക്ഷ്യം. ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെന്ന വ്യക്തമായ ധാരണ ദമ്പതിമാര്‍ക്കുണ്ട്. ദശാബ്ദത്തിന്റെ അവസാനത്തോടെ 1,400 കോടി ഡോളറിന്റെ വിപണിയാണ് ഡിജിറ്റല്‍ മാപ്പിങ് മേഖലയെ കാത്തിരിക്കുന്നതെന്ന് അവര്‍ ഇപ്പോഴെ തിരിച്ചറിയുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..