കൊച്ചി: കൊറോണ മൂലമൂള്ള അടച്ചിടൽ മിക്ക വ്യവസായങ്ങളുടെയും നടുവൊടിച്ചു. എന്നാൽ, ചില ഉത്പന്നങ്ങളുടെ വില്പന പല മടങ്ങ് ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിരോധ ശേഷി ഉയർത്തുന്ന പരമ്പരാഗത ഉത്പന്നങ്ങൾ മുതൽ നൂഡിൽസും സാനിറ്റൈസറും വരെ ഇതിൽ പെടുന്നു.
ച്യവനപ്രാശവും തേനും
പ്രതിരോധന ശേഷി കൂട്ടാനായി ഇന്ത്യക്കാർ വൻതോതിലാണ് ച്യവനപ്രാശം വാങ്ങിക്കൂട്ടിയത്. ഏപ്രിൽ-ജൂൺ കാലയളവിൽ ഇവയുടെ വില്പനയിൽ 700 ശതമാനത്തിലേറെ വർധനയാണ് ഉണ്ടായതെന്ന് പ്രമുഖ വിപണി ഗവേഷണ സ്ഥാപനമായ നീൽസൺ ഹോൾഡിങ്സിന്റെ പഠനം വ്യക്തമാക്കുന്നു. കൊറോണ പിടിക്കാതിരിക്കാൻ പ്രതിരോധ ശേഷി കൂട്ടണമെന്നും ഇതിന് ച്യവനപ്രാശം ഉത്തമമാണെന്നും കണ്ടാണ് ഇത്. ഡാബർ, ഹിമാലയ തുടങ്ങിയ ദേശീയ ബ്രാൻഡുകൾക്കു പുറമെ, കേരളത്തിന്റെ സ്വന്തം ആയുർവേദ ശാലകളും ഇവയുടെ വില്പനയിൽ മികച്ച വളർച്ച കൈവരിച്ചു.
മഞ്ഞൾപൊടിയുടെ കൂടെ കലക്കിക്കുടിക്കാനായി തേനും ഇന്ത്യക്കാർ വൻതോതിൽ വാങ്ങി.
ബിസ്കറ്റും നൂഡിൽസും
ലോക്ഡൗണിൽ കുടുംബവും കുട്ടികളും വീട്ടിൽ തന്നെ കഴിയേണ്ടി വന്നതോടെ പാക്കേജ് ഭക്ഷ്യോത്പന്നങ്ങളുടെ വില്പനയും പല മടങ്ങ് ഉയർന്നു. മാഗി നൂഡിൽസിന്റെ വില്പന ഉയർന്നതോടെ നെസ്ലേയുടെ വരുമാനം തന്നെ ഉയർന്നു. കിറ്റ്കാറ്റ്, മഞ്ച് തുടങ്ങിയ ചോക്ലേറ്റുകളുടെ വില്പനയും കൂടി.
പ്രമുഖ ബിസ്കറ്റ് നിർമാതാക്കളായ ബ്രിട്ടാനിയയ്ക്കും വില്പനയിൽ മുന്നേറ്റം കാഴ്ചവയ്ക്കാൻ കഴിഞ്ഞു. പാർലെയുടെ പാർലെ-ജി ബിസ്കറ്റുകൾക്ക് ഏപ്രിൽ-മേയ് കാലയളവിൽ റെക്കോഡ് വില്പനയായിരുന്നു.
ഡെറ്റോളും സാനിറ്റൈസറും
ശുചി ഉത്പന്നങ്ങളുടെ വില്പനയിൽ റെക്കോഡ് മുന്നേറ്റമാണ് ഇക്കഴിഞ്ഞ മാർച്ച് മുതൽ ഇന്ത്യയിൽ രേഖപ്പെടുത്തിയത്. ഡെറ്റോൾ, ഹാർപിക് ടോയ്ലറ്റ് ക്ലീനർ എന്നിവയുടെ വില്പന കൂടിയതോടെ റെക്കിറ്റ് ബെൻകൈസറിന്റെ വരുമാനത്തിൽ 10 ശതമാനത്തിനടുത്ത് വളർച്ചയുണ്ടായി. ടോയ്ലറ്റ് ക്ലീനിങ് ഉത്പന്നങ്ങൾ, സാനിറ്റൈസർ, സോപ്പ് എന്നിവയുടെയെല്ലാം വില്പന വൻതോതിൽ കൂടിയിട്ടുണ്ട്.
മൊബൈലും ലാപ്ടോപ്പും
അടച്ചിടലിൽ ജനം വീട്ടിലിരുന്ന് ബോറടിച്ചപ്പോൾ അത് മാറ്റാൻ അവർ വാങ്ങിക്കൂട്ടിയ ഉത്പന്നങ്ങളാണ് മൊബൈൽ ഫോണും ലാപ്ടോപ്പും. ഓൺലൈൻ പഠനവും ഇവയുടെ വില്പന കൂടാൻ സഹായിച്ചു.
വീട്ടുജോലിക്കാർ എത്താതായതോടെ ഡിഷ് വാഷർ, വാക്വം ക്ലീനർ, വാഷിങ് മെഷീൻ എന്നിവയുടെ വില്പന താരതമ്യേന കൂടി. എന്നാൽ, ആവശ്യത്തിന് സ്റ്റോക് ഇല്ലാത്തത് ചിലയിടങ്ങളിൽ വ്യാപാരികളെയും നിർമാതാക്കളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..