മുംബൈ: രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകളിലെ ഓഹരികളിൽ ഒരുഭാഗം ഈ സാമ്പത്തികവർഷംതന്നെ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. ഇതിനുള്ള നടപടികൾ വേഗത്തിലാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ട്.
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂകോ ബാങ്ക്, ഐ.ഡി.ബി.ഐ. ബാങ്ക് എന്നിവയിലെ ഓഹരികളിൽ ഒരു ഭാഗം വിറ്റഴിക്കാനാണ് ആലോചന. ഈ നാലു ബാങ്കുകളുടെയും ഭൂരിഭാഗം ഓഹരികളും നേരിട്ടോ അല്ലാതെയോ സർക്കാർ ഉടമസ്ഥതയിലാണുള്ളത്. ഇതുസംബന്ധിച്ച് നടപടികളുമായി മുന്നോട്ടുപോകാൻ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര ധനമന്ത്രാലയത്തിന് ഈ മാസമാദ്യം കത്തു നൽകിയെന്നാണ് വിവരം.
കോവിഡ് മഹാമാരിയെത്തുടർന്ന് നികുതിവരുമാനം കുറഞ്ഞ സാഹചര്യത്തിൽ ബജറ്റിലെ ചെലവിനുള്ള പണം കണ്ടെത്തുന്നതിനൊപ്പം ബാങ്ക് സ്വകാര്യവത്കരണ നടപടികൾ വേഗത്തിലാക്കാൻ കൂടിയാണ് തീരുമാനം. നാലു ബാങ്കുകളുടെയും സ്വകാര്യവത്കരണം സംബന്ധിച്ച് ചർച്ചകൾ തുടങ്ങിയതായാണ് സൂചന.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ബാങ്കുകൾ കിട്ടാക്കട ഭീഷണിയിലാണ്. നിഷ്‌ക്രിയ ആസ്തി കൂടുന്ന സാഹചര്യമുണ്ടായാൽ കേന്ദ്രസർക്കാർ ഇവയ്ക്ക് കൂടുതൽ മൂലധനം നൽകേണ്ടതായി വരും. സ്വകാര്യവത്കരണം വഴി ഇതൊഴിവാക്കാൻ കൂടിയാണ് സർക്കാർ ആലോചിക്കുന്നത്.
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ പകുതിയോളം സ്വകാര്യവത്കരിക്കുന്നത് സർക്കാർ പരിഗണിക്കുന്നതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. പൊതുമേഖലയിൽ അഞ്ചു ബാങ്കുകൾ മതിയെന്ന നിലപാടിലാണ് സർക്കാർ. നിലവിൽ 12 ബാങ്കുകളാണ് പൊതുമേഖലയിലുള്ളത്.
ഐ.ഡി.ബി.ഐ. ബാങ്കിൽ 47.11 ശതമാനം ഓഹരികൾ ഇപ്പോഴും സർക്കാരിന്റെ കൈവശമുണ്ട്. ബാക്കി 51 ശതമാനം പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി.യുടെ കൈവശമാണ്.
കോവിഡ് മഹാമാരിയെത്തുടർന്നുണ്ടായ മാന്ദ്യത്തിൽ ഓഹരി വിപണിയും ബാങ്ക് ഓഹരികളും മോശം സ്ഥിതിയിലാണുള്ളത്. ഇപ്പോൾ ബാങ്കുകളുടെ ഓഹരികൾ വിൽക്കുന്നത് സർക്കാരിന് വലിയ നഷ്ടമുണ്ടാക്കും. നിഷ്‌ക്രിയ ആസ്തി ഉയരുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ഇവയുടെ വിൽപ്പന എളുപ്പമാകില്ലെന്നും വിലയിരുത്തലുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..