Representational Image | Photo: Reuters
ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മികച്ച ലാഭവിഹിതം പ്രഖ്യാപിച്ച് പൊതുമേഖല ബാങ്കുകള്‍. വായ്പാ വളര്‍ച്ചയോടൊപ്പം ആസ്തി ഗുണനിലവാരം മെച്ചപ്പെട്ടതുമാണ് ലാഭവിഹിതം പ്രഖ്യാപിക്കാന്‍ ബാങ്കുകളെ സഹായിച്ചത്.
ഡിവിഡന്റ് ഇനത്തില്‍ സര്‍ക്കാരിന് 8000 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഒഴികെയുള്ള ബാങ്കുകള്‍ മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു.
പണപ്പെരുപ്പം ചെറുക്കാന്‍ വിവിധ തീരുവകള്‍ കുറയ്‌ക്കേണ്ടിവന്ന സാഹചര്യം നേരിടാന്‍ ലാഭവിഹിതം സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസമാകും. സബ്‌സിഡിയിനത്തിലെ ചെലവ് വര്‍ധനയും സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയില്‍നിന്നുമാത്രം സര്‍ക്കാരിന് 3,600 കോടി ലഭിക്കും. യൂണിയന്‍ ബാങ്കില്‍നിന്ന് 1,084 കോടിയും കാനാറ ബാങ്കില്‍നിന്ന് 742 കോടിയും ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയില്‍നിന്ന് 600 കോടി രൂപ വീതവും സര്‍ക്കാരിന്റെ ഖജനാവിലെത്തും. ഓഹരിയൊന്നിന് എസ്ബിഐ 7.10 രൂപയും ഇന്ത്യന്‍ ബാങ്ക് 6.50 രൂപയുമാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്(ഐഒബി), ഐഡിബിഐ ബാങ്ക് ഉള്‍പ്പടെയുള്ളവ ലാഭത്തിലാണെങ്കിലും ഈവര്‍ഷം ഡിവിഡന്റ് പ്രഖ്യാപിച്ചിട്ടില്ല. യൂക്കോ ബാങ്കാകട്ടെ ലാഭവിഹിതം പ്രഖ്യാപിക്കുന്നതിന് അനുമതി തേടിയിട്ടുമുണ്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ലാഭവിഹിതം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും.
ദുര്‍ബലമായ സാമ്പത്തിക സ്ഥിതി പരിഗണിച്ച് 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ പൊതുമേഖല ബാങ്കുകള്‍ ലാഭവിഹിതം നല്‍കുന്നത് പരിമിതപ്പെടുത്തിയിരുന്നു. അതിനിടയില്‍ എസ്ബിഐയും ഇന്ത്യന്‍ ബാങ്കുമാണ് നാമമാത്രമായ ലാഭവിഹിതം ചിലവര്‍ഷങ്ങളില്‍ പ്രഖ്യാപിച്ചത്.
Also Read
കോവിഡ് മൂലമുണ്ടായ അനിശ്ചിതത്വത്തെതുടര്‍ന്ന് 2020 സാമ്പത്തിക വര്‍ഷത്തില്‍ ലാഭവിഹിതം നല്‍കുന്നതില്‍നിന്ന് ആര്‍ബിഐ ബാങ്കുകളെ വിലക്കിയിരുന്നു. മൂലധന സംരക്ഷണത്തിന് പ്രാധാന്യം നല്‍കാനായിരുന്നു നടപടി.
Content Highlights: PSBs to pay ₹8,000 cr dividend to Centre
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..