ഫോട്ടോ:മാതൃഭൂമി
കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയിൽ കുതിപ്പ് തുടരുകയാണ്. ചൊവ്വാഴ്ച കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 25 പൈസ വർധിച്ച് 85.36 രൂപയും ഡീസലിന് 27 പൈസ വർധിച്ച് 79.51 രൂപയിലുമെത്തി. തിങ്കളാഴ്ച പെട്രോളിന് 85.11 രൂപയും ഡീസലിന് 79.24 രൂപയുമായിരുന്നു നിരക്ക്. ഈ മാസം ഇതുവരെ പെട്രോളിന് ഒരു രൂപ 26 പൈസയുടെയും ഡീസലിന് ഒരു രൂപ 36 പൈസയുടെയും വർധനയാണ് ഉണ്ടായിട്ടുള്ളത്.
ദിവസേനയുള്ള നേരിയ വർധന തുടർന്നാൽ ഇന്ധന വില പുതിയ റെക്കോർഡുകൾ ഭേദിക്കും. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വിലയെയും രൂപയുടെ ഡോളർ മൂല്യത്തെയും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിർണയിക്കുന്നത്. എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 52-53 ഡോളർ നിലവാരത്തിൽ നിൽക്കുമ്പോഴും രാജ്യത്ത് ഇന്ധന വില വർധിക്കുന്നത് ആക്ഷേപത്തിന് ഇടയാക്കുന്നുണ്ട്.
കഴിഞ്ഞ ആറു മാസം കൊണ്ട് പെട്രോൾ വില ലിറ്ററിന് 10 രൂപയിലേറെ ഉയർന്നിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ശക്തമായ ഇടപെടൽ ഉണ്ടായാലെ ഇന്ധന വില വർധന പിടിച്ചുകെട്ടാൻ സാധിക്കുകയുള്ളൂ. കേന്ദ്ര ബജറ്റിൽ എക്‌സൈസ് തീരുവയിൽ കുറവ് വരുത്തുമെന്നാണ് മേഖല പ്രതീക്ഷിക്കുന്നത്. അതേസമയം, ഇന്ധനത്തിനു കൂടി കോവിഡ് സെസ് ഏർപ്പെടുത്തുമോ എന്ന ആശങ്കയും മറുവശത്തുണ്ട്.
ഡീലർമാർക്ക് തിരിച്ചടി
വില ഉയരുന്നത് ഡീലർമാർക്കും തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഡീലർമാർക്ക് കഴിഞ്ഞ ആറ് മാസംകൊണ്ട് പ്രവർത്തന മൂലധനം ശരാശരി 40 ലക്ഷം രൂപ വേണ്ട അവസ്ഥയാണ്. കോവിഡ് പ്രതിസന്ധി ഉയർത്തി വെല്ലുവിളിക്കിടെയാണ് ഇത്.
കഴിഞ്ഞ എട്ട് വർഷമായി ഡീലർഷിപ്പ് കമ്മിഷനിൽ വർധനയില്ല. ഒരു ലോഡ് എടുക്കുന്നതിന് എട്ട് ലക്ഷത്തോളം രൂപ വേണ്ടയിടത്ത് ഇന്ന് 9.5 ലക്ഷം രൂപയായി. 20 ലോഡ് എടുക്കുമ്പോൾ 30 ലക്ഷം രൂപ അധികം നൽകേണ്ട അവസ്ഥയാണിപ്പോൾ. കൂടാതെ, ബാങ്ക് പലിശ തുടങ്ങിയ മറ്റ് ചെലവുകളും ഡീലർമാർക്ക് വരും. അഡ്വാൻസ് നൽകാതെ ലോഡ് കിട്ടില്ലെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് രക്ഷാധികാരി എം. രാധാകൃഷ്ണൻ പറഞ്ഞു.
കേരളത്തിൽ അഞ്ച് പുതിയ ലൈസൻസുകൾ മേഖലയിൽ നിലവിൽ ആവശ്യമാണ്. ഇത്തരം ലൈസൻസുകൾ എടുക്കാൻ അഞ്ച് ലക്ഷം രൂപയാണ് വരുന്നത്. കേരളത്തിന് പുറത്തുള്ള ഡീലർമാർക്ക് ഇത്തരം ലൈസൻസുകൾ ആവശ്യമില്ല. കേരളത്തിലെ പമ്പുകളുടെ എണ്ണത്തിൽ 15 ശതമാനം വർധനയുണ്ടായതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..