ദിലീപ് നാരായണൻ
കൊച്ചി: ഗാന്ധിജിയും 21-ാം നൂറ്റാണ്ടിലെ ബിസിനസും എന്ന വിഷയം അടിസ്ഥാനമാക്കി ഒരു വർഷം നീളുന്ന ഗവേഷണത്തിലൂടെയും ശിൽപ്പശാലകളിലൂടെയും ഗ്ലോബൽ റിസർച്ച് ഒബ്സർവേറ്ററി എന്ന വിജ്ഞാന നിരീക്ഷണ മണ്ഡലം സ്ഥാപിക്കാനുള്ള യജ്ഞത്തിന് കൊച്ചി ആസ്ഥാനമായ പർപ്പസ് ബ്രാൻഡിംഗ് കമ്പനിയായ ഓർഗാനിക് ബിപിഎസ് തുടക്കം കുറിച്ചു.
മിനിമലിസവും ലളിതജീവിതവും നടപ്പാക്കിക്കൊണ്ടുതന്നെ ഇന്നുള്ള ആധുനിക കമ്യൂണിക്കേഷൻ സംവിധാനങ്ങളൊന്നും ലഭ്യമല്ലാതിരുന്ന 1940-കളിൽ 36 കോടിവരുന്ന ജനതയെ ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന വലിയ ലക്ഷ്യപ്രാപ്തിയിലേയ്ക്ക് നയിച്ച ഗാന്ധിജിയെ ലോകംകണ്ട എക്കാലത്തെയും മികച്ച സിഇഒ ആയി വിലയിരുത്തുപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി വിഭാവനം ചെയ്തതെന്ന് ഓർഗാനിക് ബിപിഎസ് സ്ഥാപകൻ ദിലീപ് നാരായണൻ പറഞ്ഞു.
ഗാന്ധിജിയെപ്പറ്റിയാകുമ്പോൾ ഒബ്സർവേറ്ററി എന്നു വിളിയ്ക്കുന്നതിന് മറ്റൊരുമാനംകൂടിയുണ്ടെന്നും ദിലീപ് നാരായണൻ പറഞ്ഞു. ആഗോളചിന്തകർ ഗാന്ധിജിയെ ബഹിരാകാശത്തോടാണ് (സ്പേസ്) ഉപമിക്കാറുള്ളത്. കൂടുതൽ പര്യവേഷണം ചെയ്യുന്തോറും കൂടുതൽ പഠനസാധ്യതകൾ തുറന്നിട്ടുകൊണ്ട് മുന്നിലേയ്ക്ക് നീണ്ടുകിടക്കുന്ന സാമൂഹ്യപ്രതിബദ്ധതയുടേയും കർമവീര്യത്തിന്റേയും പ്രചോദനത്തിന്റേയും അനന്തമായ ആകാശത്തേയ്ക്ക് നോക്കുന്ന നിരീക്ഷണകേന്ദ്രമാകും ഈ ഒബ്സർവേറ്ററി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വ്യത്യസ്ത മേഖലകളിൽ കഴിവുതെളിയിച്ച നൂറോളം പ്രതിഭകളുടെ ആശയങ്ങൾ വിവിധ പരിപാടികളിലൂടെ സമന്വയിപ്പിച്ച് ഒബ്സർവേറ്ററിയുടെ ഭാഗമാക്കും. ഗ്ലോബൽ സിഇഒമാർ, സംരംഭകർ, സാമ്പത്തികവിദഗ്ധർ, ചരിത്രകാരന്മാർ, അക്കാദമിക് മേഖലയിൽ നിന്നുള്ളവർ, പൊതുനയ രൂപികരണ രംഗത്തുപ്രവർത്തിക്കുന്ന സാമൂഹ്യസേവകർ തുടങ്ങിയവരെ പങ്കെടുപ്പിക്കുന്ന ശിൽപ്പശാലകൾ, സെമിനാറുകൾ, കേസ് സ്റ്റഡികൾ, അഭിമുഖങ്ങൾ, റൗണ്ട്ടേബ്ൾ പരിപാടികൾ തുടങ്ങിയവയിലൂടെയാണ് ഒബ്സർവേറ്ററിയുടെ ആശയലോകം സൃഷ്ടിക്കുകയെന്നും ദിലീപ് നാരായണൻ പറഞ്ഞു.
2022 ഒക്ടോബർ 2-ന് ഒബ്സർവേറ്ററിയുടെ സേവനം പൊതുമണ്ഡലത്തിൽ ലഭ്യമാക്കുമെന്നും ദിലീപ് കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങൾക്ക് www.organicbps.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..