പ്രതീകാത്മകചിത്രം
ചെറുതുരുത്തി: മാസം ലക്ഷം രൂപയിലേറെ വരുമാനം. ജീവിതത്തിൽ വിജയിച്ചുവെന്ന് അവകാശപ്പെടുന്നവരുടെ ത്രസിപ്പിക്കുന്ന വീഡിയോകൾ. നൂറുദിവസത്തിനുള്ളിൽ വരുമാനവും സമ്മാനങ്ങളും ലഭിക്കുമെന്നുള്ള വാഗ്ദാനം. മണിചെയിൻ മാതൃകയിൽ പുതിയ തട്ടിപ്പുശൃംഖലയിൽ ചെറുതുരുത്തിയിൽ മാത്രം കുടുങ്ങിയത് നൂറ്റമ്പതിലേറെപ്പേർ. ഇവരിൽ ഭൂരിഭാഗവും കൗമാരക്കാരാണെന്നത് തട്ടിപ്പിന്റെ ഗൗരവമേറ്റുന്നു. ഓൺലൈൻ പഠനക്കാലത്ത് വിദ്യാർഥികളുടെ കൈയിൽ ഫോണുണ്ടെന്നതിനാൽ ഇവരെ കുടുക്കാൻ തട്ടിപ്പുകാർക്ക് എളുപ്പം സാധിക്കുന്നു.
കോഴിക്കോട്ടുള്ള കമ്പനിയുടെ ഉത്പന്നങ്ങൾ വിൽക്കാനെന്ന പേരിലാണ് 15 മുതൽ 22 വയസ്സുള്ളവരെ കേന്ദ്രീകരിച്ച് കണ്ണികൾ വികസിപ്പിക്കുന്നത്. മലപ്പുറം സ്വദേശികളാണ് ചെറുതുരുത്തിയിലെ പ്രചാരണയോഗങ്ങളിൽ പങ്കെടുക്കുന്നത്. കണ്ണിയിൽ അംഗമാകാൻ 4,000 മുതൽ 18,000 രൂപയുടെ വിവിധ പദ്ധതികളുണ്ട്.
‘വരുമാനത്തിനൊപ്പം കാർ, ഫോൺ, വസ്ത്രം’
കാർ, ബൈക്ക്, വസ്ത്രങ്ങൾ, വിലപിടിപ്പുള്ള മൊബൈൽ ഫോൺ, സൗന്ദര്യവർധകവസ്തുക്കൾ തുടങ്ങി വൻ വാഗ്‌ദാനങ്ങളാണ് കൗമാരക്കാർക്കു മുന്നിൽ നിരത്തുന്നത്. നൂറുദിവസത്തിനുള്ളിൽ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് വിശ്വസിപ്പിക്കുംവിധമാണ് ഇവർ വീഡിയോകൾ തയ്യാറാക്കി പ്രചരിപ്പിക്കുന്നത്. ഈ വീഡിയോകൾ കണ്ടും മാസത്തിൽ ലക്ഷത്തിലേറെ രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന കഥകൾ വിശ്വസിച്ചുമാണ് പലരും ഇതിൽ ചേരുന്നത്.
കോവിഡ് പ്രതിസന്ധി മുതലെടുത്ത് തട്ടിപ്പ്
കോവിഡ്‌കാലത്ത് വീട്ടിലിരുന്നും പണമുണ്ടാക്കാമെന്നാണ് പലരും കരുതുന്നത്. കൂട്ടുകാരുടെ സമ്മർദത്തിന് വഴങ്ങി ഇതിൽ കണ്ണിയാകും. വീട്ടുകാരെ പറഞ്ഞുവിശ്വസിപ്പിച്ച് വാങ്ങിക്കുന്ന പണം കണ്ണിചേർക്കാൻ എത്തിയവർക്ക് കൈമാറും. വരുമാനം ലഭിക്കാൻ അക്കൗണ്ട് നമ്പറും മറ്റു രേഖകളും കൈമാറും. കണ്ണിചേർന്നയാൾ പിന്നീട് മറ്റുള്ളവരെ കണ്ണിചേർക്കാനുള്ള തിരക്കിലാകും. കുട്ടികളുടെ വാശിക്ക് വഴങ്ങി ഒട്ടേറെ വീട്ടമ്മമാർ പണം നൽകിയിട്ടുണ്ട്. പോലീസിൽ പരാതി നൽകി കണ്ണിമുറിക്കാൻ പണം നഷ്ടപ്പെട്ടവർ തയ്യാറായിട്ടില്ല. തൊട്ടുമുന്നിലുള്ള ‘കണ്ണി’ സുഹൃത്തോ അടുത്തബന്ധുവോ ആയിരിക്കും. മാനക്കേടും പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങേണ്ടിവരുന്നതിന്റെ ബുദ്ധിമുട്ടുമാണ് പലരെയും പരാതി നൽകുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നത്.
കൂട്ടുകാർ വഴി കുട്ടികളെ പ്രലോഭിപ്പിച്ചാണ് കണ്ണിചേർക്കുന്നത്. മകന്റെ നിർബന്ധത്തിന് വഴങ്ങി പണം നൽകി. ഒരുരൂപപോലും തിരിച്ചുകിട്ടിയില്ല. സർക്കാർ അംഗീകരിച്ചതാണെന്നാണ് അവർ പറയുന്നത്. പക്ഷേ, രേഖകളൊന്നും കാണിച്ചുതന്നില്ല. എൻജിനീയറിങ് കഴിഞ്ഞ മകൻ വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുകയാണ്. അപ്പോഴാണ് ഈ കുരുക്കിൽപ്പെട്ടത്.
ചെറുതുരുത്തിയിലെ വീട്ടമ്മ
പണം ഇരട്ടിപ്പിക്കുന്ന രീതിയിലുള്ള വാഗ്‌ദാനങ്ങളുമായി തട്ടിപ്പുകൾ നടത്തുന്ന സംഭവങ്ങളുണ്ടാകുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങൾ സർക്കാരിന്റെ നിബന്ധനകൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നവയല്ല. കണ്ണികളായി വരുമാനം നൽകുന്ന സ്ഥാപനങ്ങൾ ഒരു പരിധി കഴിയുന്നതോടെ അടച്ചുപൂട്ടും.
- ടി.എസ്. സിനോജ്,
അസിസ്റ്റന്റ് കമ്മിഷണർ, കുന്നംകുളം
ഇത്തരം തട്ടിപ്പ് നടത്തുന്ന ആളുകളുടെ പേരിൽ വഞ്ചനക്കുറ്റത്തിന് കേസെടുക്കാം. ഇങ്ങനെയുള്ള സ്ഥാപനങ്ങൾക്ക് സർക്കാർ രജിസ്‌ട്രേഷനും ലഭിക്കില്ല. ചതിയിൽപ്പെടുന്നവർ പോലീസിന്റെയും നിയമത്തിന്റെയും സംരക്ഷണം തേടണം.
പ്രിനു പി. വർക്കി,
അഭിഭാഷകൻ, കുന്നംകുളം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..