
ഓരോ ബാങ്കിന്റെയും കണക്കെടുത്താൽ നിഷ്ക്രിയ ആസ്തിയിൽ ഏറ്റവും കൂടുതൽ കുറവുണ്ടായത് യൂക്കോ ബാങ്കിനാണ്. 2020 മാർച്ചിനെ അപേക്ഷിച്ച് ഡിസംബറിൽ 40.7 ശതമാനത്തിന്റെ കുറവാണുണ്ടായത്. 33.6 ശതമാനത്തിന്റെ കുറവുമായി ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. 21.4 ശതമാനം കുറവുമായി മൂന്നാം സ്ഥാനത്തുണ്ട്. കനറാ ബാങ്ക് (18.6%), ഇന്ത്യൻ ബാങ്ക് (16.1%), ഇന്ത്യൻ ഓവർസീസ് ബാങ്ക് (15.9%), ബാങ്ക് ഓഫ് ഇന്ത്യ (10.7%), പഞ്ചാബ് നാഷണൽ ബാങ്ക് (10.2%), സെൻട്രൽ ബാങ്ക് (9.5%), യൂണിയൻ ബാങ്ക് (9.5%) എന്നിങ്ങനെയാണ് മറ്റു ബാങ്കുകളിലെ കണക്കുകൾ.
2020 സെപ്റ്റംബർവരെ പാപ്പരത്ത നടപടിക്കുകീഴിൽ 1.9 ലക്ഷം കോടി രൂപയുടെ 277 പുനരുജ്ജീവന പദ്ധതികൾക്ക് അംഗീകാരമായിട്ടുണ്ട്. ആറുവർഷത്തിനിടെ പൊതുമേഖലാ ബാങ്കുകളുടെ മൂലധന ശേഷി ഉയർത്തുന്നതിനായി കേന്ദ്രസർക്കാർ 3.2 ലക്ഷംകോടി രൂപ നൽകിയിട്ടുണ്ട്. കൂടാതെ, 2.8 ലക്ഷം കോടി രൂപ ഓഹരി വിൽപ്പനയിലൂടെയും കടപ്പത്രങ്ങളിലൂടെയും ബാങ്കുകൾ സമാഹരിച്ചു. അപ്രധാനമായ ആസ്തികൾ വിറ്റഴിച്ചതിലൂടെ ബാങ്കുകൾക്ക് 36,226 കോടി രൂപയും ലഭിച്ചിട്ടുണ്ട്.
അതേസമയം, കോവിഡ് മഹാമാരി മുൻനിർത്തി സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് പുതിയ കിട്ടാക്കട വായ്പകൾ നിഷ്ക്രിയ ആസ്തിയായി തരംമാറ്റുന്നത് നിർത്തിവെച്ചിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് തിരിച്ചടവുമുടങ്ങിയ വലിയൊരു ഭാഗം വായ്പകൾ ഇത്തരത്തിലുണ്ടെന്നാണ് കരുതുന്നത്.
റിസർവ് ബാങ്കിന്റെ സാമ്പത്തിക സുസ്ഥിരതാ റിപ്പോർട്ടുപ്രകാരം 2021 സെപ്റ്റംബറോടെ ബാങ്കുകളിലെ കിട്ടാക്കടത്തിൽ 13.5 ശതമാനത്തോളം വർധനയുണ്ടാകുമെന്നും പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..