കൊച്ചി: റിസർവ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ മൊറട്ടോറിയം ക്രെഡിറ്റ് കാർഡുകൾക്കും ബാധകമാക്കിയിട്ടുണ്ടെങ്കിലും കാർഡ് കമ്പനികളിൽ നിന്ന് ഇതു സംബന്ധിച്ച വ്യക്തതയില്ല. ഇതോടെ, കാർഡുടമകൾ ആശങ്കയിലായി. മൂന്ന് മാസത്തേക്കാണ് ആർ.ബി.ഐ. വായ്പാ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്.
എല്ലാത്തരം വായ്പകൾക്കും മൊറട്ടോറിയം ബാധകമാണെന്നാണ് കേന്ദ്ര ബാങ്ക് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. ക്രെഡിറ്റ് കാർഡ് ഇ.എം.ഐ., ക്രെഡിറ്റ് കാർഡ് തിരിച്ചടവ് എന്നിവയും മൊറട്ടോറിയം പരിധിയിൽ വരും. അതായത് മൂന്ന് മാസത്തേക്ക് ക്രെഡിറ്റ് കാർഡ് ഇ.എം.ഐ.യും വായ്പാ തിരിച്ചടവും ഇടപാടുകാർക്ക് മാറ്റിവയ്ക്കാവുന്നതാണ്.
പക്ഷെ, ബാങ്കുകളിൽനിന്നും കാർഡ് കമ്പനികളിൽ നിന്നും കാർഡ് കുടിശ്ശിക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ഇടപാടുകാർക്ക് തുടർച്ചയായി ലഭിക്കുന്നുണ്ടെന്നാണ് ആക്ഷേപം.
അതേസമയം, നിലവിലെ സാഹചര്യത്തിൽ വായ്പാ തിരിച്ചടവുകളും ക്രെഡിറ്റ് കാർഡ് തിരിച്ചടവുകളും മൂന്നു മാസത്തേക്ക് മാറ്റിവെക്കുന്നത് സാമ്പത്തികമായി ഉപഭോക്താക്കൾക്ക് കൂടുതൽ ഞെരുക്കം സൃഷ്ടിക്കുമെന്നാണ് ബാങ്കിങ് വൃത്തങ്ങൾ പറയുന്നത്. അതുകൊണ്ട് കൈയിൽ കാശുള്ളവർ മൂന്നു മാസത്തേക്ക് തിരിച്ചടവുകൾ മാറ്റിവെക്കുന്നതിനു പകരം അതത് മാസങ്ങളിൽ തുക തിരിച്ചടയ്ക്കുന്നതാണ് നല്ലതെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.
ഓരോ വായ്പയുടെയും തിരിച്ചടവ് കാലാവധി മാത്രമാണ് മൂന്നു മാസത്തേക്ക് ദീർഘിപ്പിച്ചിട്ടുള്ളത്. ഇതിനുമേലുള്ള പലിശ നിരക്കുകൾ ഒഴിവാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ നിരക്കും കൂടി ചേർത്ത് മൂന്നു മാസം കഴിയുമ്പോൾ ഒരുമിച്ച് അടയ്ക്കേണ്ടതായി വരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..