-
ഓഗസ്റ്റ് 2 നു നടന്ന മാതൃഭൂമി മാക്‌സഡ് വെബ്ബിനാറില്‍ കോവിഡ് മഹാമാരി ലോകോത്തര കോര്‍പറേറ്റുകളുടെയും വ്യവസായ വാണിജ്യ മേഖലകളുടെയും വളര്‍ച്ചയെ എങ്ങനെ ബാധിച്ചുവെന്നും ബിസിനസ് നേതാക്കള്‍ക്ക് മുന്നില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ചും ചര്‍ച്ച നടന്നു. നിസ്സാന്‍ ഇന്ത്യ ഡിജിറ്റല്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ സുജ ചാണ്ടി ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ഏകദേശം നൂറില്‍പരം പ്രേക്ഷകര്‍ സൂം ആപ്പ് വഴി ഈ ചര്‍ച്ചയില്‍ പങ്കെടുത്തു. വെബ്ബിനാറിന്റ്റെ റെക്കോര്‍ഡഡ് വീഡിയോ യുട്യൂബ് ചാനലില്‍ ലഭ്യമാണ്. ലോകമെമ്പാടും സാമ്പത്തിക വളര്‍ച്ചാ നിരക്ക് 12 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്. ഏകദേശം 8 ത്രില്ല്യന്‍ ഡോളര്‍ വിലമതിക്കുന്ന ബിസിനസ് നഷ്ടം വൈറസ് കാരണം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഏറെ അനിശ്ചിതത്വം നിലനില്‍ക്കുന്ന ഈ സമയത്തു ട്രാവല്‍, ടൂറിസം തുടങ്ങിയ വ്യവസായങ്ങളുടെയും ചെറുകിട സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ഏകദേശം സ്തംഭിച്ച നിലയിലാണ്.
2021 ജൂണോടുകൂടി ബിസിനസ് സാധാരണ നിലയിലേക്ക് എത്തും എന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഇതു വരെ കാണാത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ ബിസിനസ് നേതാക്കളുടെ ആദ്യത്തെ കടമ്പ ഇതിനെ അതിജീവിക്കുക എന്നതാണ്. ജീവനക്കാരുടെ ആരോഗ്യ പരിപാലനവും ഉപഭോക്തൃ സേവനവും ചെലവ് ചുരുക്കലും ആണ് ഈ ഘട്ടത്തെ പ്രധാന ലക്ഷ്യം. അടുത്ത പടിയായി എങ്ങനെ തങ്ങളുടെ സംരംഭത്തെ പുനരുജ്ജീവിപ്പിച്ചു ഘട്ടം ഘട്ടമായി അഭിവൃദ്ധിയിലേക്കു നയിക്കാം എന്നതായിരിക്കും അവരുടെ അടുത്ത ലക്ഷ്യം.
ഇതിനായി വിതരണ ശൃംഖല പുനഃസംഘടിപ്പിക്കുവാനും, പുതിയ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുവാനും, പുതിയ വിപണികള്‍ കണ്ടെത്തുവാനും, ബിസിനസ് പങ്കാളികളെ കണ്ടെത്തുവാനും ബിസിനസ് നേതാക്കള്‍ ശ്രദ്ധിക്കണമെന്നു സുജ അഭിപ്രായപ്പെട്ടു. മാറി വരുന്ന ഉപഭോക്ത്ര അഭിരുചികളും ഡിജിറ്റല്‍ പേയ്‌മെന്റ്‌റ് തുടങ്ങിയ സേവനങ്ങളുടെ വളര്‍ന്നു വരുന്ന ജനസമ്മിതിയും മനസ്സിലാക്കി ബിസിനസ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും കോര്‍പറേറ്റുകള്‍ തയ്യാറാകണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനും താത്കാലിക ബിസിനസ് മാന്ദ്യത മറികടന്നു അഭിവൃദ്ധിപ്പെടാനും ശക്തമായ നേതൃത്വം, മൂല്യാധിഷ്ടിതമായ പ്രവര്‍ത്തനം, സുതാര്യമായ ആശയവിനിമയം എന്നിവ കോര്‍പറേറ്റുകള്‍ക്കു അത്യന്താപേക്ഷിതമാണെന്നും ചോദ്യോത്തര വേളയില്‍ സുജ ചാണ്ടി പറഞ്ഞു.
Content highlights : mathrubhumi maxed webinar series talk on suja chandi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..