ജിദ്ദ: സൗദി അറേബ്യയിലെ തുറമുഖനഗരമായ യാമ്പുവിൽ റീട്ടെയ്ൽ സ്ഥാപനമായ ലുലു ഗ്രൂപ്പിന്റെ പുതിയ ഷോപ്പിങ് മാൾ വരുന്നു. യാമ്പു സൗദി റോയൽ കമ്മിഷന്റെ ടെൻഡർ നടപടികളിലൂടെയാണ് പദ്ധതി ലുലുവിന് ലഭിച്ചത്.
യാമ്പു റോയൽ കമ്മിഷൻ സി.ഇ.ഒ. അദ് നാൻ ബിൻ ആയേഷ് അൽ വാനിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും കരാറിൽ ഒപ്പുവെച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ചടങ്ങ്.
യാമ്പുവിന്റെ ഹൃദയഭാഗത്ത് അനുവദിച്ച 10 ഏക്കർ സ്ഥലത്താണ് ലുലു ഹൈപ്പർമാർക്കറ്റ് ഉൾപ്പെടുന്ന വിശാലമായ ഷോപ്പിങ് സമുച്ചയം ഉയരുന്നത്. 300 ദശലക്ഷം സൗദി റിയാലാണ് (600 കോടി രൂപ) പദ്ധതിക്കായി ലുലു നിക്ഷേപിക്കുന്നത്. ലോകത്തിലെ ഏറ്റവുംവലിയ സിനിമാ ഓപ്പറേറ്ററായ എം.എം.സി.യുടെ സാന്നിധ്യം യാമ്പു മാളിന്റെ സവിശേഷതയാണ്.
റീട്ടെയ്ൽ രംഗത്തെ പ്രമുഖരും ദീർഘകാലത്തെ അനുഭവസ്ഥരുമായ ലുലു ഗ്രൂപ്പുമായി യാമ്പു മാൾ പദ്ധതിക്കുവേണ്ടി കൈകോർക്കുന്നതിൽ സന്തോഷമുണ്ടെന്ന് യാമ്പു റോയൽ കമ്മിഷൻ സി.ഇ.ഒ. അദ് നാൻ ബിൻ ആയേഷ് അൽ വാനി പറഞ്ഞു. പദ്ധതിക്കായി തങ്ങളെ തിരഞ്ഞെടുത്തതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.
പദ്ധതി പൂർത്തിയാകുന്നതോടെ അഞ്ഞൂറിലേറെ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയിൽ പതിനേഴെണ്ണം ഉൾപ്പെടെ 191 ഹൈപ്പർമാർക്കറ്റുകളാണ് ലുലു ഗ്രൂപ്പിന് വിവിധ രാജ്യങ്ങളിലായുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..