പ്രതീകാത്മകചിത്രം.
എല്ലാ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും കെവൈസി നിര്‍ബന്ധമാക്കുന്നു. ജനുവരി ഒന്നു മുതല്‍ എടുക്കുന്ന ആരോഗ്യ, വാഹന, ട്രാവല്‍, ഹോം ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് പുതിയ നിബന്ധന ബാധകമാകും.
ജനുവരി ഒന്നിനുശേഷം പുതുക്കുന്ന പോളിസികള്‍ക്കും കൈവൈസി ബാധകമാണ്. ഇന്‍ഷുറന്‍സ് ക്ലെയിം ഉണ്ടാകുമ്പോള്‍ മാത്രമാണ് പാനും ആധാറും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ നിലവില്‍ ആവശ്യപ്പെട്ടിരുന്നത്. ഒരു ലക്ഷം രൂപയ്ക്കുമുകളിലാണ് തുകയെങ്കില്‍ മാത്രമായിരുന്നു ഇത് ബാധകം.
നിലവിലെ പോളിസി ഉടമകളില്‍നിന്ന് നിശ്ചിത സമയ പരിധിക്കുള്ളില്‍ കൈവൈസി രേഖകള്‍ ശേഖരിക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആര്‍ഡിഎഐ) ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷംവരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. രേഖകള്‍ ആവശ്യപ്പെട്ട് കമ്പനികള്‍ പോളിസി ഉടമകള്‍ക്ക് ഇ-മെയിലും എസ്എംഎസും അയ്ക്കും.
പോളിസി ഉടമകള്‍ക്ക് നേട്ടം
പോളിസി ഉടമകളുടെ വിശദ വിവരങ്ങള്‍ ലഭിക്കുന്നതിനാല്‍ വേഗത്തില്‍ ക്ലെയിം തീര്‍പ്പാക്കാന്‍ കമ്പനികള്‍ക്ക് കഴിയും. യഥാര്‍ഥ ആശ്രിതരെ കണ്ടെത്താനും തട്ടിപ്പുകള്‍ തടയുന്നതിനും കൈവൈസി ഉപകരിക്കും. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കേന്ദ്രീകൃത വിവര ശേഖരണം സാധ്യമാകുമെന്നതാണ് മറ്റൊരു സാധ്യത. ക്ലെയിം ചരിത്രം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പരസ്പരം പരിശോധിക്കുന്നതിനും സംവിധാനംവഴി കഴിയും.
തെറ്റായ ക്ലെയിമുകള്‍ ഒഴിവാക്കാന്‍ കഴിയുമെന്നതാണ് കമ്പനികള്‍ക്കുള്ള പ്രധാന നേട്ടം. പോളിസികള്‍ കൃത്യമായും കാര്യക്ഷമമായും വിതരണം ചെയ്യാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനും സഹായിക്കും.
Content Highlights: KYC mandatory for buying insurance from January
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..