എറിക്‌സണ്‍, നോക്കിയ, സിസ്‌കോ, ഡെല്‍ തുടങ്ങിയ കമ്പനികളില്‍നിന്ന് 5ജിക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ റിലയന്‍സ് ജിയോയ്ക്ക് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് അനുമതി നല്‍കി.
ഇതോടെ മറ്റ് ടെലികോം കമ്പനികള്‍ക്കും എറിക്‌സണ്‍ ഉള്‍പ്പടെയുള്ള കമ്പനികളില്‍നിന്ന് 5ജിക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയും. ദേശീയ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്ന കമ്പനികളില്‍നിന്നാണ് ഉപകരണങ്ങള്‍ വാങ്ങുക. 'വിശ്വസ്തത'യുള്ള കമ്പനികളില്‍നിന്ന് വാങ്ങാമെന്നാണ് നിര്‍ദേശം.
ഇതിന്റെ ആദ്യഘട്ടമായി ഉത്പന്ന നിര്‍മാതാക്കളെ വിശ്വസനീയമായ കമ്പനികളായി അംഗീകരിക്കണം. അവരുടെ ഉത്പന്നവും ഇതേ വിഭാഗത്തിലെ സര്‍ട്ടിഫിക്കേഷന്‍ സ്വന്തമാക്കിയിരിക്കണമെന്നുമുണ്ട്. അതേസമയം, റിലയന്‍സ് ജിയോ സാംസങുമായുള്ള ഇടപാടിനാണ് ശ്രമിക്കുന്നത്. സാംസങിന്റെ ഉപകരണങ്ങള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള ശ്രമംതുടരുകയാണ്.
4ജിക്കായി സാംസങിന്റെ ഉപകരണങ്ങളാണ് ജിയോ ഉപയോഗിച്ചത്. രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ 5ജി പരീക്ഷണം നടത്തുന്നതിനും ഇതേ കമ്പനിയുടെ ഉപകരണങ്ങളാണ് ജിയോ താല്‍ക്കാലികമായി പ്രയോജനപ്പെടുത്തിയത്. അതോടൊപ്പംതന്നെ 5ജിക്കായി സ്വന്തം സാങ്കേതിക വിദ്യ ജിയോ വികസിപ്പിക്കുകയുംചെയ്തിട്ടുണ്ട്.
അതിനിടെ, ഉപകരണം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനിയായ വാവെ ടെക്‌നോളജീസിനോട് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ കമ്പനികളുടെ ഉപകരണങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതോടെ രാജ്യത്ത് 5ജി അവതരിപ്പിക്കാനുള്ള ലക്ഷ്യത്തില്‍ കമ്പനികള്‍ ഒരുചുവടുകൂടി മുന്നോട്ടുവെച്ചുവെന്നുപറയാം.
Jio gets approval to buy 5G gear from 'trusted' vendors.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..