Photo:Gettyimages
ഇ കൊമേഴ്‌സ് ഭീമനായ ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനും ചൈനയിലെ ശതകോടീശ്വരനുമായ ജാക് മായെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്‌തോ? രണ്ടുമാസമായി പൊതുഇടങ്ങളിലൊന്നും കാണാതായതിനെതുടര്‍ന്നാണ് ഭരണകൂടം അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായുള്ള അഭ്യൂഹംപരക്കുന്നത്. വീട്ടുതടങ്കലിലാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലോകമാകെ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ നിരീക്ഷണത്തിലാണെന്നുമാത്രമാണ് ചൈനിസ് സര്‍ക്കാര്‍ വെളിപ്പെടുത്തിയത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഇടഞ്ഞശേഷം അദ്ദേഹത്തിനെതിരെ അന്വേഷണ നടപടികളുള്‍പ്പടെയുള്ളവയുമായി ചൈനീസ് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ കാണാതായ വാര്‍ത്ത പ്രചരിക്കുന്നത്.
മായുടെ സ്വന്തം ടാലന്റ് ഷോയായ 'ആഫ്രിക്കാസ് ബിസിനസ് ഹീറോസ്' ന്റെ അവസാന എപ്പിസോഡില്‍ ജഡ്ജായി അദ്ദേഹം എത്തിയിരുന്നില്ല. പകരം ആലിബാബയുടെ മറ്റൊരു പ്രതിനിധിയാണ് പങ്കെടുത്തത്. ആലിബാബയുടെ വെബ്‌സൈറ്റില്‍ നിന്ന് മായുടെ ചിത്രവും നീക്കുകയുംചെയ്തു.
ഒക്ടോബറില്‍ ഒരു പൊതുപരിപാടിയില്‍ മാ ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിനു പിന്നാലെയാണ് ആലിബാബയ്‌ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടത്. ചൈനീസ് റെഗുലേറ്റര്‍മാര്‍ സമയം നഷ്ടപ്പെടുത്തുന്നെന്നും നവീന ആശയങ്ങളെ നിരുത്സാഹപ്പെടുത്തുന്നെന്നുമായിരുന്നു വിമര്‍ശനം.
മായുടെ ഉടമസ്ഥതയിലുള്ള ആന്റ് ഗ്രൂപ്പിന്റെ ഷാങ് ഹായിയിലും ഹോങ് കോങ്ങിലും 3700 കോടി ഡോളറിന്റെ ഓഹരി വില്‍ക്കാനുള്ള പദ്ധതി (ഇനിഷ്യല്‍ പബ്ലിക് ഓഫറിങ്) ചൈനീസ് സര്‍ക്കാര്‍ നവംബറില്‍ തടഞ്ഞിരുന്നു. മായോട് രാജ്യംവിടരുതെന്നും ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയില്‍ പേടിഎം, പേടിഎം മാള്‍, സൊമാറ്റോ, ബിഗ് ബാസ്‌കറ്റ്, സ്‌നാപ്ഡീല്‍ തുടങ്ങിയവയില്‍ ആലിബാബയ്ക്ക് നിക്ഷേപമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..