കൊച്ചി: കോവിഡ് പ്രതിസന്ധിയിൽ വിവിധ മേഖലകളിലെന്നപോലെ ഐ.ടി.യിലും ശോഭനമല്ല കാര്യങ്ങൾ. പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറയ്ക്കലുമെല്ലാം ജീവനക്കാരെ അലട്ടുന്നു. ഐ.ടി. ജീവനക്കാരുടെ കൂട്ടായ്മ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിനുകീഴിലുള്ള മൂന്ന് ഐ.ടി. പാർക്കുകളിലുമായി 800-ലേറെ കമ്പനികളുണ്ടെന്നാണ് കണക്ക്. ഒരു ലക്ഷത്തിലേറെപ്പേരാണ് ഇവിടെ ജോലിചെയ്യുന്നത്.
അമേരിക്ക, ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് ഐ.ടി.കമ്പനികളുടെ ഇടപാടുകാരേറെയും. കോവിഡ് മൂലം ഈ രാജ്യങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. തൊഴിൽനഷ്ടവും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
‘അമേരിക്കയിലെയും ബ്രിട്ടനിലെയും പല കമ്പനികളും പ്രോജക്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. തത്കാലത്തേക്ക് പദ്ധതി നടപ്പാക്കുന്നില്ലെന്നാണ് അവരറിയിച്ചത്’- സംസ്ഥാനത്തെ ഒരു ഐ.ടി. കമ്പനിയുടെ ഉന്നത പ്രതിനിധി പറഞ്ഞു. ഭാവിപദ്ധതികളിലല്ല, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ജോലികൾ നഷ്ടമാകാതിരിക്കാനാണ് കമ്പനികൾ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ട്രാവൽ, ഹോസ്പിറ്റാലിറ്റി, എയർലൈൻസ്, റീട്ടെയ്ൽ, ഓയിൽ ആൻഡ് ഗ്യാസ്, ഫിനാൻഷ്യൽ സർവീസസ്, മാനുഫാക്ചറിങ് എന്നീ മേഖലകളിലെല്ലാം തൊഴിൽനഷ്ടത്തിന് സാധ്യത വിലയിരുത്തിയിട്ടുണ്ട്.
പ്രതിസന്ധി പ്രകടം
പല കമ്പനികളിലും പ്രതിസന്ധി പ്രകടമാണ്. ശമ്പളത്തിൽ കുറവുണ്ടാകുമെന്നും ഇൻക്രിമെന്റ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തത്കാലം നൽകാനാകില്ലെന്നും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. പുതിയ നിയമനങ്ങൾ നിർത്തിവെച്ചു. നിയമനങ്ങൾക്കുള്ള അറിയിപ്പും പലരും പിൻവലിച്ചിട്ടുണ്ട്. ലോക്ഡൗൺ പ്രഖ്യാപിച്ചതുമൂലം ജീവനക്കാരിൽ ഭൂരിഭാഗവും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. ഇതുമൂലം ജോലിക്ഷമതയിൽ കുറവുവന്നതായും വിലയിരുത്തലുണ്ട്. ഏറെ പ്രതിസന്ധിയിലായിരിക്കുന്നത് ചെറുകിട കമ്പനികളും സ്റ്റാർട്ടപ്പുകളുമാണ്.
ജീവനക്കാർ ആവശ്യപ്പെടുന്നത്
പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഐ.ടി. ജീവനക്കാരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസ് മുഖ്യമന്ത്രിക്ക് കത്തുനൽകി. ആർക്കും ജോലി നഷ്ടമാകില്ലെന്ന് ഉറപ്പിക്കാൻ സർക്കാർ ഇടപെടണം. കോവിഡിനുശേഷമുള്ള സാഹചര്യം വിലയിരുത്താൻ കമ്മിറ്റിയുണ്ടാക്കണം. കർമപദ്ധതിയുണ്ടാക്കണം.
ജീവനക്കാരുടെ ആശങ്ക പരിഹരിക്കാൻ ഐ.ടി.വകുപ്പ് ഹെൽപ്പ്ലൈൻ തുടങ്ങണം. കമ്പനിയിൽ നിന്നുള്ള അസൈൻമെന്റിന്റെ ഭാഗമായി പലരും വിദേശത്താണ്.
അവർക്കായി ഹെൽപ്പ്ലൈൻ തുടങ്ങണം. നികുതിയിളവ് ഉൾപ്പെടെയുള്ള പിന്തുണയും അത്യാവശ്യമാണെന്ന് പ്രോഗ്രസീവ് ടെക്കീസ് സംസ്ഥാന പ്രസിഡന്റ് അനീഷ് പന്തലാനിയും ജനറൽ സെക്രട്ടറി പി. ആനന്ദും ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..