നികുതി വെട്ടിപ്പ് കേസില്‍ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചി(എന്‍എസ്ഇ)ന്റെ എംഡിയും സിഇഒയുമായിരുന്ന ചിത്ര രാമകൃഷ്ണന്റെയും ഗ്രൂപ്പ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യന്റെയും ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നു. ഇരുവരുടെ വീടുകളിലും ആദായ നികുതി വകുപ്പ് പുലര്‍ച്ചെ റെയ്ഡ് നടത്തിയിരുന്നു.
എന്‍എസ്ഇയെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഹിമാലയന്‍ സന്യാസിക്ക് ഇവര്‍ കൈമാറിയെന്ന് നേരത്തെ സെബി കണ്ടെത്തിയിരുന്നു. എന്‍എസ്ഇയുടെ സാമ്പത്തിക രൂപരേഖ, ലാഭവിഹിത സാധ്യത, പ്രവര്‍ത്തന ഫലം ഉള്‍പ്പടെയുള്ള കമ്പനിയുടെ രഹസ്യ തീരുമാനങ്ങള്‍ തുടങ്ങിയവ സന്യാസിക്ക് കൈമാറിയതായും ജീവനക്കാരുടെ തൊഴില്‍ പ്രകടനത്തെക്കുറിച്ച് ചര്‍ച്ചചെയ്തതായും സെബിയുടെ കുറ്റപത്രത്തില്‍ പറയുന്നു.
ഹിമാലയന്‍ സന്യാസിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ വിസമ്മതിക്കുകയും അജ്ഞാതനായ വ്യക്തി ആത്മീയ ശക്തിയാണെന്ന് അവകാശപ്പെടുകയുമാണ് ചിത്ര രാമകൃഷ്ണന്‍ ചെയ്തത്.
ലീവ് എന്‍കാഷ്‌മെന്റ് ഇനത്തില്‍ നല്‍കിയ 1.54 കോടി രൂപയും മാറ്റിവെച്ച ബോണസായ 2.83 കോടി രൂപയും കണ്ടുകെട്ടാന്‍ എന്‍എസ്ഇയോട് സെബി നിര്‍ദേശിക്കുകയുംചെയ്തിരുന്നു. ചിത്ര രാമകൃഷ്ണന് മൂന്നു കോടി രൂപയും എന്‍എസ്ഇയില്‍നിന്നും സുബ്രഹ്മണ്യനില്‍നിന്നും രണ്ടുകോടി വീതവും മുന്‍ എംഡിയും സിഇഒയുമായ രവി നരേന്‍, ചീഫ് റെഗുലേറ്ററി ഓഫീസറായ വി.ആര്‍ നരസിംഹം എന്നിവരില്‍നിന്ന് ആറുലക്ഷം രൂപയും സെബി പിഴ ചുമത്തി.
വിപണിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായോ സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇടനിലക്കാരുമായോ ബന്ധപ്പെടുന്നതില്‍നിന്ന് രാമകൃഷ്ണനും സുബ്രഹ്മണ്യനും മൂന്നുവര്‍ഷം വിലക്കേര്‍പ്പെടുത്തുകയുംചെയ്തിട്ടുണ്ട്.
സുബ്രഹ്മണ്യനെ ചീഫ് സ്ട്രാറ്റജിക് അഡൈ്വസറായി നിയമിച്ചതിലും ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫീസറായും എംഡിയുടെ ഉപദേശകനായും നിയമിച്ചതിലും വീഴ്ചയുണ്ടെന്ന് ആരോപിച്ച് ചിത്ര ഉള്‍പ്പടെയുള്ളവര്‍ക്ക് സെബി മുമ്പ് പിഴ ചുമത്തിയിരുന്നു. 2013-16 കാലയളവിലാണ് ചിത്ര രാമകൃഷ്ണന്‍ എന്‍എസ്ഇയുടെ ഡയറക്ടറും സിഇഒയുമായിരുന്നത്.
Content Highlights: I-T dept. raids former NSE MD Chitra Ramkrishna in tax evasion probe.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..