പ്രതീകാത്മ ചിത്രം | Photo: REUTERS
സാമ്പത്തിക പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ 10,000 ഡോളറിന് തുല്യമായ ഇന്ത്യന്‍ കറന്‍സി കൈവശം വെയ്ക്കാന്‍ അനുമതി നല്കി. ഡോളര്‍ ലഭ്യതക്കുറവുമൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ രൂപയിലുള്ള വിനിമയം ശ്രീലങ്കയ്ക്ക് സഹായകരമാകും. ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ രൂപയെ ജനപ്രിയ കറന്‍സിയാക്കാനും ഡോളറിന്മേലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനുമുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായിക്കൂടിയാണ് തീരുമാനം.
ശ്രീലങ്കക്കാര്‍ക്ക് ഇന്ത്യന്‍ രൂപയെ മറ്റ് കറന്‍സികളിലേയ്ക്ക് മാറ്റാനുള്ള അവസരവും ഇതോടെ ലഭിക്കും. ഇത്തരത്തിലുള്ള വിനിമയത്തിന് ശ്രീലങ്കയിലെ ബാങ്കുകള്‍ നോസ്ട്രോ (വിദേശ കറന്‍സി അക്കൗണ്ട്) അക്കൗണ്ടുകള്‍ തുറക്കുന്നതിന് ഇന്ത്യയിലെ ബാങ്കുകളുമായി കരാറിലെത്തേണ്ടതുണ്ട്. മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് സേവനം നല്കുന്ന ശ്രീലങ്കന്‍ ബാങ്കുകളുടെ(ഓഫ്ഷോര്‍ യൂണിറ്റ്) ശാഖകള്‍ക്ക് പ്രവാസികളില്‍നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ അനുമതി ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇതുപ്രകാരം ശ്രീലങ്കക്കാര്‍ക്കും പ്രവാസികള്‍ക്കുമിടയില്‍ കറന്റ് അക്കൗണ്ട് ഇടപാടുകള്‍ നടത്താം.
നേരത്തെ ഇത്തരം ഇടപാടുകള്‍ക്ക് ഇന്ത്യ അനുമതി നല്‍കിയിരുന്നുവെങ്കിലും ശ്രീലങ്കന്‍ കേന്ദ്ര ബാങ്ക് രൂപയെ വിദേശ കറന്‍സിയായി വിജ്ഞാപനം ചെയ്തിരുന്നില്ല. ഇതിനാണ് ഇപ്പോള്‍ മാറ്റംവന്നത്. യുഎസ് ഡോളര്‍, പൗണ്ട് സ്റ്റെര്‍ലിങ്, റെന്‍മിന്‍ബി, ക്രോണര്‍, സ്വിസ് ഫ്രാങ്ക് എന്നിവ ഉള്‍പ്പടെ 15 കറന്‍സികളാണ് ശ്രീലങ്കയുടെ വിദേശ കറന്‍സി പട്ടികയിലുള്ളത്.
ഡോളര്‍ ഒഴിവാക്കിയുള്ള ഇടപാടിന് ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും കഴിയുമെന്നതാണ് പുതിയ തീരുമാനംകൊണ്ടുള്ള നേട്ടം. ഡോളര്‍ ലഭ്യതയില്‍ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് രൂപയിലുള്ള ഇടപാട് വ്യാപാര പ്രതിസന്ധി മറികടക്കാന്‍ സഹായിക്കും. ഉദാഹരണത്തിന്, ശ്രീലങ്കയ്ക്ക് ഇന്ത്യയിലേയ്ക്ക് തുണിത്തരങ്ങള്‍ കയറ്റുമതി ചെയ്ത് രൂപ സ്വീകരിക്കാം. ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പനങ്ങള്‍ക്ക് നല്കാന് കയറ്റുമതിയിലൂടെ ലഭിക്കുന്ന രൂപ ഉപയോഗിക്കുകയും ചെയ്യാം. ഇത്തരത്തില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ നിലവില്‍ റൂബിള്‍-രൂപ വ്യാപാരം നടക്കുന്നുണ്ട്.
Also Read
ഇന്ത്യയിലേയ്ക്കുവരുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കുള്ള മാനദണ്ഡങ്ങളും ലഘൂകരിച്ചിട്ടുണ്ട്. വിദേശ യാത്രാ അലവന്‍സായി 5,000 ഡോളറിന് തുല്യമായ രൂപ കൈവശംവെയ്ക്കാനാകും. ശ്രീലങ്കക്കാര്‍ക്ക് അവരുടെ കറന്‍സി നേരിട്ട് രൂപയിലേയ്ക്ക് മാറ്റാനും കഴിയും.
കോവിഡിനുമുമ്പ് പ്രതിവര്‍ഷം ശരാശരി മൂന്നു ലക്ഷം ശ്രീലങ്കക്കാരാണ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നത്. മൊത്തം വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിന്റെ മൂന്നുശതമാനത്തോളംവരും ഇത്.
Content Highlights: Indian govt allows Lankans to hold $10,000 worth of rupee in cash
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..