കൊച്ചി: 2040-ഓടെ ആഗോള മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി.) ഇന്ത്യയുടെ വിഹിതം ഗണ്യമായി ഉയരുമെന്നും ലോകത്തിലെ സാമ്പത്തിക ശക്തികളിൽ മുന്നാം സ്ഥാനത്തെത്തുമെന്നും റിപ്പോർട്ട്. യു.എസ്. നാഷണൽ ഇന്റലിജൻസ് കൗൺസിൽ പ്രസിദ്ധീകരിച്ച ഗ്ലോബൽ ട്രെൻഡ്സ് റിപ്പോർട്ടിന്റെ ഏഴാം പതിപ്പിൽ പറയുന്നു. ഓക്സ്ഫഡ് ഇക്കണോമിക്സിന്റേതാണ് റിപ്പോർട്ട്.
2020-ൽ ആഗോള ജി.ഡി.പി.യിൽ ഇന്ത്യയുടെ വിഹിതം 3.1 ശതമാനമാണ്. 2040-ൽ ഇത് ഇരട്ടിയായി ഉയർന്ന് 6.1 ശതമാനമാകുമെന്നാണ് നിരീക്ഷണം. ആഗോള റാങ്കിങ്ങിൽ കഴിഞ്ഞ വർഷം ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ, 2040-ൽ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. ആഗോള റാങ്കിങ്ങിൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
20 വർഷത്തിനുള്ളിൽ യു.എസിനെ മറികടന്ന് ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോർട്ടിലുണ്ട്. ആഗോള ജി.ഡി.പി.യിൽ ഇന്ത്യയുടെയും ചൈനയുടെയും സംയുക്ത വിഹിതം 29 ശതമാനമാകും. ആഗോള ജി.ഡി.പി.യിലെ ഏറ്റവും വലിയ പങ്കാളികളായി ഇന്ത്യയും ചൈനയും മാറുമെങ്കിലും ജീവത നിലവാരത്തിന്റെ കാര്യത്തിൽ, അല്ലെങ്കിൽ പ്രതിശീർഷ ജി.ഡി.പി.യിൽ വികസിത രാജ്യങ്ങളെക്കാൾ താഴെയായിരിക്കും ഈ രാജ്യങ്ങളെന്നും റിപ്പോർട്ടിലുണ്ട്.
ലോക ജനസംഖ്യ 20 വർഷം കൊണ്ട് 920 കോടിയിലെത്തുമെന്നാണ് റിപ്പോർട്ടിലെ നിരീക്ഷണം. എന്നാൽ, ജനസംഖ്യ വളർച്ചാ നിരക്ക് ഓരോ മേഖലയിലും കുറവായിരിക്കും. ഇന്ത്യയിലും ജനസംഖ്യ വളർച്ച മന്ദഗതിയിലാണെങ്കിലും 2027-ൽ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയെ മറികടക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇന്ത്യ 10.2 %വളരുമെന്ന് കെയർ
കൊച്ചി: കോവിഡിന്റെ രണ്ടാം വ്യാപനം മൂലം മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനിടെ നടപ്പു സാമ്പത്തിക വർഷം ഇന്ത്യ 10.2 ശതമാനം വളർച്ച കൈവരിക്കുമെന്ന് കെയർ റേറ്റിങ്സിന്റെ അനുമാനം. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് കെയർ ഇന്ത്യയുടെ വളർച്ച അനുമാനം കുറയ്ക്കുന്നത്.
10.7-10.9 ശതമാനം വളരുമെന്നായിരുന്നു നേരത്തെ നടത്തിയിരുന്ന പ്രവചനം. 11-11.2 ശതമാനം വളർച്ചയായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കൂടുതൽ സംസ്ഥാനങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിക്കാനിടയുണ്ടെന്നും ഇത് സാമ്പത്തിക വളർച്ചയുടെ തോത് കുറയ്ക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..