പ്രതീകാത്മക ചിത്രം | Reuters
മുംബൈ: ചില്ലറ ഇടപാടുകള്‍ക്കായുള്ള റിസര്‍വ് ബാങ്കിന്റെ റീട്ടെയില്‍ ഡിജിറ്റല്‍ രൂപ പരീക്ഷണാടിസ്ഥാനത്തില്‍ ഡിസംബര്‍ ഒന്നിന് അവതരിപ്പിക്കും. രണ്ടു ഘട്ടങ്ങളിലായി 13 നഗരങ്ങളില്‍ എട്ടുബാങ്കുകള്‍വഴി ഇത് അവതരിപ്പിക്കും.
മുംബൈ, ന്യൂഡല്‍ഹി, ബെംഗളൂരു, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ റീട്ടെയില്‍ ഡിജിറ്റല്‍ രൂപ ആദ്യമെത്തും. രണ്ടാംഘട്ടത്തിലെ പട്ടികയില്‍ കൊച്ചിയും ഉള്‍പ്പെടും. ഡിജിറ്റല്‍ ടോക്കണ്‍ രീതിയിലുള്ള ഇത് തുടക്കത്തില്‍ തിരഞ്ഞെടുത്ത ഗ്രൂപ്പുകള്‍ക്കുള്ളില്‍ മാത്രമായിരിക്കും ഉപയോഗിക്കാനാകുക.
തുടക്കത്തില്‍ എല്ലാവര്‍ക്കുമില്ല
വ്യക്തികള്‍ക്ക് തമ്മില്‍ ഇടപാടുകള്‍ നടത്താന്‍ കഴിയുന്നതും റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നതുമായ റീട്ടെയില്‍ ഡിജിറ്റല്‍ രൂപ തുടക്കത്തില്‍ എല്ലാവര്ക്കും ഉപയോഗിക്കാനാകില്ല. തിരഞ്ഞെടുത്ത ഗ്രൂപ്പുകള്‍ക്കുള്ളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇത് അവതരിപ്പിക്കുന്നത്. തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ വ്യാപാരികളും ഉപഭോക്താക്കളുമാകും ഗ്രൂപ്പുകളിലുണ്ടാവുക.
ഡിജിറ്റല്‍ രൂപ സംവിധാനം നടപ്പാക്കുമ്പോഴുണ്ടാകുന്ന വെല്ലുവിളികള്‍ കണ്ടെത്താന്‍ കൂടിയാണ് പരീക്ഷണപദ്ധതിയായി അവതരിപ്പിക്കുന്നത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ഇടപാടുകള്‍ക്കായി ഹോള്‍സെയില്‍ ഡിജിറ്റല്‍ രൂപ നേരത്തേ ആര്.ബി.ഐ. അവതരിപ്പിച്ചിരുന്നു.
ആദ്യം നാല് നഗരങ്ങളില്‍
മുംബൈ, ന്യൂഡല്‍ഹി, ബെംഗളൂരു, ഭുവനേശ്വര്‍ എന്നീ നാലു നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ രൂപ ലഭിക്കുക. എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ. ബാങ്ക്, യെസ് ബാങ്ക്, ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക് എന്നിവയ്ക്കാണ് വിതരണച്ചുമതല.
Also Read
രണ്ടാംഘട്ടത്തില്‍ അഹമ്മദാബാദ്, ഗാങ്ടോക്, ഗുവാഹാട്ടി, ഹൈദരാബാദ്, ഇന്ദോര്‍, കൊച്ചി, ലഖ്നൗ, പട്ന, ഷിംല എന്നീ നഗരങ്ങളില്‍ ബാങ്ക് ഓഫ് ബറോഡ, യൂണിയന് ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിങ്ങനെ ബാങ്കുകളുടെ നിരയും വിപുലമാകും.
എങ്ങനെ ഉപയോഗിക്കും
ഡിജിറ്റല്‍ ടോക്കണ്‍ രൂപത്തിലായിരിക്കും റീട്ടെയില്‍ ഡിജിറ്റല്‍ രൂപയെത്തുക. നിയമപരമായ സാധുത ഉറപ്പാക്കുന്നതാണ് ഈ ഡിജിറ്റല്‍ നമ്പര്‍. നിലവില്‍ ആര്.ബി.ഐ. പുറത്തിറക്കുന്ന കറന്‍സി നോട്ടുകളുടെയും നാണയങ്ങളുടെയും അതേ മൂല്യത്തിലാകും ഡിജിറ്റല്‍ രൂപയും ലഭ്യമാകുക.
എട്ടു ബാങ്കുകളാണ് പരീക്ഷണ ഘട്ടത്തില്‍ റീട്ടെയില്‍ ഡിജിറ്റല്‍ രൂപ ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്. ഈ ബാങ്കുകള്‍ ഡിജിറ്റല്‍ വാലറ്റുകള്‍ അവതരിപ്പിക്കും. ഇതുവഴി ആര്‍ക്കും ഡിജിറ്റല്‍ രൂപ മൊബൈല്‍ ഫോണില്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ സൂക്ഷിക്കാനാകും. വ്യക്തികള്‍ തമ്മിലും വ്യക്തികളും വ്യാപാരികളും തമ്മിലുമുള്ള ഇടപാടുകള്‍ക്ക് ഇതുപയോഗിക്കാം. വ്യാപാരസ്ഥാപനങ്ങളില്‍ വെക്കുന്ന ക്യു.ആര്. കോഡ് വഴിയാകും ഇടപാടുകള്‍.
സുരക്ഷ
നോട്ടുകള്‍ പോലെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കിക്കൊണ്ടാണ് റീട്ടെയില്‍ ഡിജിറ്റല്‍ രൂപ അവതരിപ്പിക്കുന്നത്. ഇടപാടുകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനും കഴിയും.
അതേസമയം, അക്കൗണ്ടില്‍ കറന്‍സിയിലുള്ള നിക്ഷേപത്തിന്റെ മാതൃകയില്‍ ഡിജിറ്റല്‍ രൂപയ്ക്ക് പലിശ ലഭിക്കില്ല. എന്നാല്‍, ബാങ്ക് നിക്ഷേപംപോലെ കറന്‍സിയായോ മറ്റേതെങ്കിലും രൂപത്തിലുള്ള പണമായോ ഇതു മാറ്റാനാകും.
Content Highlights: India to pilot retail digital currency on December 1
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..