ന്യൂഡൽഹി: കഴിഞ്ഞമാസം രാജ്യത്ത് ഉള്ളിയുടെ വില കുതിച്ചുയർന്നപ്പോൾ തുർക്കിയിൽനിന്നും മറ്റും ഇറക്കുമതിചെയ്ത ഉള്ളി വിലകുറച്ച് സംസ്ഥാനങ്ങൾക്കു വിൽക്കാൻ കേന്ദ്രം തീരുമാനിച്ചു. കിലോയ്ക്ക് 50 രൂപത്തോതിൽ ഇറക്കുമതിചെയ്ത വലുപ്പംകൂടിയ ഉള്ളി പത്തോപതിനഞ്ചോ രൂപയ്ക്ക് സംസ്ഥാനങ്ങൾക്കു നൽകാനാണ് ആലോചന.
വലുപ്പത്തിലും രുചിയിലും വ്യത്യസ്തമായ വിദേശയുള്ളിക്ക് ആവശ്യക്കാരില്ലാത്തതിനാൽ അവ കെട്ടിക്കിടക്കുകയാണ്. ശ്രീലങ്ക, മാലദ്വീപ്, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്ക് വാങ്ങിയവിലയ്ക്കു മറച്ചുവിൽക്കാൻ ശ്രമിച്ചെങ്കിലും അതു നടന്നില്ല. അതോടെയാണ് വിലകുറച്ച് സംസ്ഥാനങ്ങൾക്ക് വിൽക്കാൻ തീരുമാനിച്ചത്.
33,500 ടൺ ഉള്ളി മുംബൈ തുറമുഖത്ത് കെട്ടിക്കിടക്കുകയാണ്. മഹാരാഷ്ട്ര, കർണാടക, ഒഡിഷ, ഹരിയാണ, അസം സംസ്ഥാനങ്ങൾ ഉള്ളിയിറക്കുമതിക്കു നൽകിയ ഓർഡർ പിൻവലിക്കുകയും ചെയ്തു. ഇതോടെ കെട്ടിക്കിടക്കുന്നവ വിലകുറച്ചു വിൽക്കുകയല്ലാതെ സർക്കാരിനു പോംവഴിയില്ലാതായി.
നാഫെഡ് വഴി വിൽക്കാനാണ് നീക്കം. കഴിഞ്ഞമാസം കിലോയ്ക്ക് 100 രൂപയ്ക്കു മുകളിൽപ്പോയ ഉള്ളിയുടെ വില ഇപ്പോൾ 50 രൂപയാണ്. അടുത്തമാസത്തോടെ ആഭ്യന്തര ഉള്ളിയുടെ വരവു കൂടും.
Content Highlights: Onion Turkey
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..