വാർത്താസമ്മേളനത്തിൽ കേരള ചാപ്റ്റർ പ്രസിഡന്റ് എം.എ റഷീദ് സംസാരിക്കുന്നു. ട്രഷറർ അബ്ദുൾ അസ്സീസ് , സ്ഥാപക സെക്രട്ടറിയും രക്ഷാധികാരിയുമായ ജെയിംസ് ജോസ്, കേരള ചാപ്റ്റർ സെക്രട്ടറി സി.പി. ബഷീർ എന്നിവർ സമീപം
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഹാള്‍മാര്‍ക്ക് നിയമം സ്വാഗതം ചെയ്ത് ഇന്ത്യൻ അസ്സോസിയേഷന്‍ ഓഫ് ഹാള്‍മാര്‍ക്കിംഗ് സെന്റേഴ്‌സ് (ഐ.എ.എച്ച്.സി) രംഗത്ത്. ഭാരത സര്‍ക്കാര്‍ പാസാക്കിയ കണ്‍സ്യൂമര്‍ പ്രൊട്ടക്ക്ഷന്‍ ആക്ട് 2019, ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ആക്ട് 2016, ഹാള്‍മാര്‍ക്കിംഗ് റെഗുലേഷന്‍സ് ആക്ട് 2018 എന്നിവ സ്വര്‍ണ്ണാഭരണത്തിന്റെ ഗുണമേന്‍മ പാലിക്കേണ്ടതിന്റെ ഉത്തരവാദിത്വവും, വീഴ്ചയുണ്ടായാലുള്ള പിഴതുക, ശിക്ഷാ നിയമ നടപടികളും പ്രതിപാദിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ 900 ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ ഉണ്ട്. കേരളത്തില്‍ 72-ഉം. 2000 ഏപ്രില്‍ 11-ന് രാജ്യത്ത് ഹാള്‍മാര്‍ക്കിംഗ് നടപ്പിലാക്കിയപ്പോള്‍ തന്നെ ആദ്യ ഹാള്‍മാര്‍ക്കിംഗ് സെന്ററും ഹാള്‍മാര്‍ക്ക്ഡ് ജൂവലറികളും കേരളത്തിലാണ് വന്നത്. കേരളത്തിലെ 5600 സ്വര്‍ണ്ണ വ്യാപാരികളില്‍ 2900 പേര്‍ ഇപ്പോള്‍തന്നെ ഹാള്‍മാര്‍ക്ക്ഡ് ആണ്. ഇവിടെ വില്‍ക്കുന്ന 80 ശതമാനം സ്വര്‍ണ്ണവും ബി.ഐ.എസ് സര്‍ട്ടിഫൈഡ് 916 ആണ്. കേരളത്തിലെ സ്വര്‍ണ്ണക്കടയുടെ 50 കിലോമീറ്റര്‍ ചുറ്റളവില്‍ ഓരോ ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ ഉണ്ട്. 14, 18, 22 എന്നീ കാരറ്റിലുള്ള സ്വര്‍ണ്ണമാണ് ഈ നിയമത്തിന്റെ പരിധിയില്‍ വില്‍ക്കേണ്ടത്.
അര പവനായാലും, 10 പവനായാലും ഹാള്‍മാര്‍ക്ക് ചാര്‍ജ് 40 രൂപ മാത്രമാണ്. 40 രൂപ അധികംനല്‍കി ബി.ഐ.എസ് ലോഗോ, പ്യൂരിറ്റി മാര്‍ക്കായ 22കെ916, ഹാള്‍മാര്‍ക്ക് സെന്റര്‍ ലോഗോ, വില്‍ക്കുന്ന ജൂവലറിയുടെ കോഡ് എന്നിങ്ങനെ വ്യത്യസ്ഥങ്ങളായ നാല് ഹാള്‍മാര്‍ക്ക് മുദ്രണം ചെയ്ത സ്വര്‍ണ്ണം വാങ്ങുന്നതിലൂടെ ഓരോ ഉപഭോക്താവിനും ലഭിക്കുന്നത് സ്വര്‍ണ്ണത്തിന്‍ മേലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗ്യാരന്റിയാണെന്ന് അസ്സോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഈ നാല് മാര്‍ക്കുകളും വാങ്ങുന്ന ആഭരണത്തില്‍ ഉണ്ടെന്ന് ആഭരണം വാങ്ങുന്ന വേളയില്‍ ഉറപ്പാക്കേണ്ടതാണ്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സംശുദ്ധ സ്വര്‍ണ്ണം മിതമായ പണിക്കൂലിയില്‍ ലഭിക്കുന്നു. അതുകൊണ്ട് തന്നെ പുതിയ ആഭരണങ്ങളുടെ വാങ്ങലും, പഴയത് മാറ്റിവാങ്ങലും, സ്വര്‍ണ്ണം പണയം വയ്ക്കലും നിര്‍ബാധം നടക്കുന്നു.
പുതിയ നിയമം സ്വര്‍ണ്ണ വ്യാപാരികളെ മാത്രം ബാധിക്കുന്നവയായതുകൊണ്ട് സാധാരണക്കാര്‍ക്ക് അവരുടെ കൈവശമുളള സ്വര്‍ണ്ണം എപ്പോള്‍ വേണമെങ്കിലും വില്‍ക്കുകയോ, മാറ്റി വാങ്ങുകയോ ചെയ്യുന്നതിന് യാതൊരു നിയന്ത്രണങ്ങളോ, വിലക്കുകളോ ഇല്ല. വില്‍ക്കുന്ന സ്വര്‍ണ്ണം ഹാള്‍മാര്‍ക്ക്ഡ് ആണെങ്കില്‍ അതിന്റെ വിലയും, അല്ലാത്തവയാണെങ്കില്‍ അതില്‍ അടങ്ങിയിരിക്കുന്ന തങ്കത്തിന്റെ വിലയുമായിരിക്കും ലഭിക്കുക. പഴയ സ്വര്‍ണ്ണം വാങ്ങുന്ന വ്യാപാരികള്‍ അത് ഉരുക്കി ശുദ്ധീകരിച്ച് തങ്കമാക്കി മാറ്റി പുതിയ ഹാള്‍മാര്‍ക്ക്ഡ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നു.
പഴയ മാറ്റ് കുറഞ്ഞ സ്വര്‍ണ്ണമാണെങ്കില്‍കൂടി എല്ലാവര്‍ഷവും സ്വര്‍ണ്ണത്തിന് വില 5-മുതല്‍ 15 ശതമാനം വരെ കൂടുന്നതുകൊണ്ട് വില്‍ക്കുമ്പോള്‍ നഷ്ടം സംഭവിക്കാറില്ല. ഇതാണ് സ്വര്‍ണ്ണത്തെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി മാറ്റുന്നത്. നാളിതുവരെ ഒരുവ്യക്തിക്കോ, കുടുംബത്തിനോ കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിന് യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. 11.05.1994 ലെ സര്‍ക്കുലര്‍ നമ്പര്‍ 1916 പ്രകാരം 4-അംഗ കുടുംബത്തിന് ഒരു കിലോയോളം (120 പവന്‍) സ്വര്‍ണ്ണം കൈവശം വയ്ക്കുന്നതിന് യാതൊരുവിധ ഇന്‍കം ടാക്‌സ് പരിശോധനകളോ, പിടിച്ചെടുക്കലോ പാടില്ല. വിവാഹിതയായ സ്ത്രീ 500 ഗ്രാം (62.5 പവന്‍), അവിവാഹിതയായ സ്ത്രീ -250 ഗ്രാം (31.25 പവന്‍), പുരുഷന്‍ (ഭര്‍ത്താവ്) 100 ഗ്രാം, (12.5 പവന്‍), പുരുഷന്‍ (പുത്രന്‍) 100 ഗ്രാം (12.5 പവന്‍) മൊത്തം 950 ഗ്രാം അഥവാ 118.75 പവന്‍. ഇതിലും കൂടിയ അളവില്‍ കൈവശം വയ്ക്കുന്നവര്‍ വരുമാന സ്രോതസ്സ്, കാര്‍ഷിക പാരമ്പര്യം എന്നിവ ബോധ്യപ്പെടുത്തിയാല്‍ ഇന്‍കം ടാക്‌സ് ബന്ധപ്പെട്ട യാതൊരു നികുതിയും നല്‍കേണ്ടതില്ല. നാളിതുവരെ ജനങ്ങളുടെ കൈവശമിരിക്കുന്ന സ്വര്‍ണ്ണത്തിന്റെ സ്ഥിതി വിവര കണക്കുകള്‍ എടുക്കാനോ, നിയന്ത്രണം ഏര്‍പ്പെടുത്താനോ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടായിട്ടില്ലെന്നും അസ്സോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ഗോള്‍ഡ് മൊണിറ്റൈസേഷന്‍ സ്‌കീം. (ജി.എം.എസ്)
രാജ്യത്തിന്റെ സ്വര്‍ണ്ണ ഇറക്കുമതി കുറക്കേണ്ടതിന്, ജനങ്ങള്‍ സൂക്ഷിക്കുന്ന പഴയ സ്വര്‍ണ്ണം പുനരുപയോഗത്തിനായി ഉപയോഗപ്പെടുത്തുന്ന പദ്ധതിയാണിത്. ലോക്കറുകളിലും, അമ്പലങ്ങളിലും ഒക്കെയായി ഉള്ള 25000 ടണ്‍ സ്വര്‍ണ്ണത്തില്‍ എല്ലാ വര്‍ഷവും 200 ടണ്‍ എങ്കിലും പുനരുപയോഗിച്ചാല്‍ രാജ്യത്തിന് വളരെയേറെ വിദേശ നാണ്യം ലാഭിക്കാം. ഇത്തരം സ്വര്‍ണ്ണം ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ കാലാവധിക്കനുസരിച്ച് പലിശ ലഭിക്കും. ഇതിനായി ബി.ഐ.എസ് അംഗീകാരമുള്ള മാറ്റ് നിര്‍ണ്ണയ കേന്ദ്രങ്ങളില്‍ (കളക്ഷന്‍ ആന്റ് പ്യൂരിറ്റി ടെസ്റ്റിംഗ് സെന്റേഴ്‌സ്) എത്തിച്ച് അവരുടെ പരിശോധനാ സര്‍ട്ടിഫിക്കറ്റ് സഹിതമാണ് സ്വര്‍ണ്ണം ബാങ്കില്‍ നിക്ഷേപിക്കേണ്ടത്.
കേരളത്തില്‍ ഇത്തരം 12 പരിശോധനാ കേന്ദ്രങ്ങളുണ്ട്. കാലാവധിക്കുശേഷം 24 കാരറ്റ് സ്വര്‍ണ്ണ ബിസ്‌കറ്റുകളോ, അന്നേ ദിവസത്തെ സ്വര്‍ണ്ണത്തിന്റെ മാര്‍ക്കറ്റ് വിലയ്ക്കുള്ള തുകയോ ആയിരിക്കും ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ ബി.ഐ.എസിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 22 കാരറ്റ് ഹാള്‍മാര്‍ക്ക്ഡ് ആഭരണങ്ങള്‍ക്ക് എക്കാലവും ഉയര്‍ന്ന റീസെയില്‍ വാല്യൂ ലഭിക്കുന്നതിനാല്‍ സുരക്ഷിതമായ ഒരു നിക്ഷേപമാര്‍ഗമാണെന്നും അസ്സോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഐ.എ.എച്ച്.സി മുന്‍ സ്ഥാപക സെക്രട്ടറിയും രക്ഷാധികാരിയുമായ ജെയിംസ് ജോസ്, കേരള ചാപ്റ്റര്‍ സെക്രട്ടറി സി.പി. ബഷീര്‍, ട്രഷറര്‍ അബ്ദുള്‍ അസ്സീസ് എന്നിവരും പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..