രാജ്യത്തെ വന്‍കിട കമ്പനികളിലും വളര്‍ച്ചാ സാധ്യതയുള്ള ഡിജിറ്റല്‍ സേവനദാതാക്കളിലും 75,000 കോടി(10 ബില്യണ്‍ ഡോളര്‍) നിക്ഷേപിക്കാന്‍ ഗൂഗിള്‍. അടുത്ത അഞ്ചു മുതല്‍ ഏഴു വര്‍ഷത്തിനുള്ളിലായിരിക്കും നിക്ഷേപം നടത്തുകയെന്ന് ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചായ് വ്യക്തമാക്കി.
ഇന്ത്യയിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും രാജ്യത്തെ ഡിജിറ്റല്‍ മേഖലയില്‍ സ്വാധീനമുറപ്പിക്കാനുമാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള പ്രമുഖ വിദേശകമ്പനികളില്‍നിന്ന് റിലയന്‍സ് ജിയോ 1.18 ലക്ഷംകോടിയോളം രൂപ നിക്ഷേപം സമാഹരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
വന്‍കിട കമ്പനികളില്‍മാത്രമല്ല ചെറുകിട സ്ഥാപനങ്ങളിലും നിക്ഷേപം നടത്തും. ഡാറ്റ സെന്റര്‍പോലുള്ള അടിസ്ഥാന സൗകര്യമേഖലകളില്‍ കാര്യമായ നിക്ഷേപമുണ്ടാകും. ഡിജിറ്റല്‍ ഇന്ത്യ മുന്നേറ്റം ഗൂഗിളിന് വന്‍സാധ്യതകളാണ് തുറന്നിടുന്നതെന്നും പിച്ചായ് അഭിമുഖത്തില്‍ സൂചിപ്പിച്ചു.
ജിയോയിലോ വോഡാഫോണ്‍ ഐഡിയയിലോ നിക്ഷേപംനടത്തുമെന്ന അഭ്യൂഹങ്ങള്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ അദ്ദേഹം ചെയ്തില്ല. 'ഗൂഗിള്‍ പേ' പോലെ ആഗോളതലത്തില്‍ പ്രചരിപ്പിക്കാവുന്ന ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് തുടരും. നിര്‍മിത ബുദ്ധി കേന്ദ്രീകൃതമായ സാധ്യതകളിലും പണംമുടക്കും. ഇംഗ്ലീഷ് ഭാഷയോടൊപ്പം പ്രാദേശിക ഭാഷകളിലേയ്ക്കുകൂടി ശ്രദ്ധ കേന്ദ്രീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സുന്ദര്‍ പിച്ചായ് തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. മോദി ഇക്കാര്യം ട്വീറ്റ് ചെയ്യുകയുംചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..