മുംബൈ: പരിസ്ഥിതിസൗഹൃദ ഊർജമേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി പൊതുമേഖലാ കമ്പനിയായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ). വളരെപെട്ടെന്ന് മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഊർജമേഖലയിൽ സാന്നിധ്യം ശക്തമാക്കുന്നതിന് 5,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് കമ്പനി പദ്ധതിയിടുന്നത്. കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള കേന്ദ്രപദ്ധതികൾക്ക് പിന്തുണ നൽകാനും ലക്ഷ്യമിടുന്നു.
രണ്ടു പ്രധാനപദ്ധതികളാണ് നടപ്പാക്കുകയെന്ന് കമ്പനി ചെയർമാൻ മനോജ് ജെയിൻ പറയുന്നു. എഥനോൾ ഉത്പാദനം, നഗരമാലിന്യത്തിൽനിന്ന് കംപ്രസ്ഡ് ബയോഗ്യാസ് ഉത്പാദനം എന്നിവയാണ് ഇതിലൊന്ന്. 1,000 കോടി രൂപയാണ് ഇതിനായി നിക്ഷേപിക്കുക. 2025 -ഓടെ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്താനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതിനുള്ള എഥനോൾ ലഭ്യമാക്കുകയാണ് ഉത്പാദനത്തിലൂടെ ലക്ഷ്യമിടുന്നത്.
വാഹനങ്ങൾക്കും ഗാർഹിക ഉപഭോഗത്തിനും മലിനീകരണം കുറഞ്ഞ ഇന്ധനമായി കംപ്രസ്ഡ് ബയോഗ്യാസ് ലഭ്യമാക്കുകയാണ് മറ്റൊരു പദ്ധതി.
ഇതിനായി തുടക്കത്തിൽ റാഞ്ചിയിൽ ദിവസം അഞ്ചുടൺ വാതകം ഉത്പാദിപ്പിക്കാൻശേഷിയുള്ള പ്ലാന്റ് നിർമിക്കും. ഇവിടെനിന്ന് 25 ടൺ ജൈവവളവും ലഭിക്കും.4,000 കോടി രൂപ ചെലവിൽ മൂന്നുമുതൽ നാലുവരെ വർഷമെടുത്ത് പുനരുത്പാദിപ്പിക്കാവുന്ന ഊർജസ്രോതസ്സുകളിൽനിന്നുള്ള വൈദ്യുതോത്പാദനശേഷി നിലവിലെ 120 മെഗാവാട്ടിൽനിന്ന് ഒരു ജിഗാവാട്ടായി ഉയർത്താനാണ് മറ്റൊരു പദ്ധതി.
വാതക പൈപ്പ്‌ലൈൻ പദ്ധതിയിലായിരിക്കും തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുകയെങ്കിലും ഇതിനൊപ്പം മറ്റു മേഖലകളിലേക്കുകൂടി കടക്കാനാണ് തീരുമാനമെന്ന് ചെയർമാൻ വ്യക്തമാക്കി.
ഗെയിലിന്റെ പൈപ്പ് ലൈനുകളും വാതകവിപണനവും പ്രത്യേക കമ്പനികളാക്കി മാറ്റാനുള്ള കേന്ദ്രതീരുമാനം അടുത്തിടെ ഉപേക്ഷിച്ചിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..