Representational Image | Pic Credit: Getty Images
ലോക്ക്ഡൗൺ അവസരമാക്കി മൂന്നുദിവസം കൊണ്ട് മൂന്നുലക്ഷം രൂപയുടെ വരുമാനം നേടിയ ബിസിനസ് കോച്ച് ടി.എഫ്. മുഹമ്മദ് റാഫിയുടെ കഥയ്ക്ക് കഴിഞ്ഞയാഴ്ച വലിയ സ്വീകാര്യതയാണ് വായനക്കാർക്കിടയിൽ നിന്ന് ലഭിച്ചത്. ഇതുപോലെ വീട്ടിലെ സുഖസൗകര്യങ്ങളിൽ നിന്നുകൊണ്ട് പണമുണ്ടാക്കാൻ സഹായിക്കുന്ന പത്ത് വഴികൾ നിർദേശിക്കുകയാണ് ബിസിനസ് കോച്ചും ബിഹേവിയറൽ സയന്റിസ്റ്റും ‘മാജിക് ഓഫ് ചേഞ്ച്’ എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ മുഹമ്മദ് റാഫി. ലോക്ക്ഡൗൺ കാലത്ത് ഈ മാർഗങ്ങൾ ഒന്നു പരീക്ഷിച്ചുനോക്കൂ...
1. ഡിസൈനിങ്, വെബ് ഡെവലപ്മെന്റ്, ബിസിനസ് പ്ലാൻ റൈറ്റിങ്, ഇൻസ്റ്റാഗ്രാം മാർക്കറ്റിങ്, സോഷ്യൽ മീഡിയ അക്കൗണ്ട് മാനേജ്‌മെന്റ് തുടങ്ങിയ സേവനങ്ങൾ വിൽക്കാൻ കഴിയുന്ന ഫൈവർ (fiverr) പോലുള്ള വെബ്‌സൈറ്റുകളിൽ സൈൻ അപ്പ് ചെയ്യുക. ഇത് ‘ഗിഗ് ഇക്കോണമി’ എന്നാണ് അറിയപ്പെടുന്നത്.
2. പണമുണ്ടാക്കാനുള്ള മറ്റൊരു മികച്ച മാർഗമാണ് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ കുട്ടികളെ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി പഠിപ്പിക്കുന്നത്. കുട്ടികളെ രസകരമായ രീതിയിൽ പഠിപ്പിക്കാൻ കഴിഞ്ഞാൽ മതി. 14 ദിവസത്തെ ഓൺലൈൻ വർക്‌ഷോപ്പ് കുട്ടികൾക്കായി ഞങ്ങൾ സംഘടിപ്പിച്ചിരുന്നു. ഒരു ദിവസം മണിക്കൂറിൽ ഒരു കുട്ടിയിൽനിന്ന് 250-350 രൂപ വരെ ഇതുവഴി നേടാനാകും. നിരവധി ഓൺലൈൻ ട്യൂഷൻ വെബ്സൈറ്റുകളിലും നിങ്ങളുടെ പ്രൊഫൈൽ ചേർക്കാവുന്നതാണ്.
3. ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരിക്കുമ്പോൾ വീടിന് ആവശ്യമില്ലെന്നു തോന്നുന്ന അനാവശ്യമായ സാധനങ്ങൾ ഒ.എൽ.എക്സ്., ഇ-ബേ പോലുള്ള സൈറ്റുകൾ വഴി വില്പന നടത്തി പതിനായിരങ്ങൾ നേടിയവരുണ്ട്.
4. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ക്രിയേറ്റീവ് ആയിട്ടുള്ള മത്സരങ്ങൾ സംഘടിപ്പിക്കുക. ഇവയിൽ ആളുകളെ പങ്കെടുപ്പിക്കുകയും നിങ്ങളുടെ സേവനങ്ങൾക്കോ ഉത്പന്നങ്ങൾക്കോ ഡിസ്‌കൗണ്ട് കൂപ്പൺ പോലുള്ളവ സമ്മാനമായി നൽകുകയും ചെയ്യുക. ഇത് നിങ്ങളുടെ സർവീസിന് സ്വീകാര്യത വർധിപ്പിക്കും. എൻട്രി ഫീസും ഈടാക്കാവുന്നതാണ്.
5. 1,000 രൂപയിൽ കുറവ് മാത്രം ഫീസ് വരുന്ന നിരവധി ഡിജിറ്റൽ മാർക്കറ്റിങ് കോഴ്‌സുകളുണ്ട്. ഇതുപയോഗപ്പെടുത്തി ഡിജിറ്റൽ മാർക്കറ്റിങ്ങിൽ വൈദഗ്ദ്ധ്യം നേടാം. ഇതുവഴി സ്വന്തമായൊരു ഡിജിറ്റൽ മാർക്കറ്റിങ് സ്റ്റാർട്ട് അപ്പ് ആരംഭിക്കുക.
6. നിങ്ങൾ ഒരു നല്ല എഴുത്തുകാരനാണോ...? ഈ കഴിവ് ഉപയോഗപ്പെടുത്തി ബ്ലോഗുകൾക്കും വെബ്‌സൈറ്റുകൾക്കും വേണ്ടി ഉള്ളടക്കങ്ങൾ എഴുതിക്കൊടുക്കാം. വീട്ടിലിരുന്ന് ജോലിചെയ്യാൻ കഴിയുന്ന കണ്ടന്റ് റൈറ്റേഴ്‌സിനെ തിരയുന്ന വെബ്‌സൈറ്റുകളും ബ്രാൻഡുകളും നിരവധിയാണ്. ഒരു ആർട്ടിക്കിളിന് 500 രൂപ മുതൽ 3,000 രൂപ വരെ പ്രതിഫലം നേടാം.
7. വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ദ്ധരുടെ അഭിമുഖം സംഘടിപ്പിച്ച്, അവ സോഷ്യൽ മീഡിയകൾ വഴി കോഴ്സ് ആയി വിപണനം ചെയ്യാം. ഈ കോഴ്സിന് ഒരാളിൽനിന്ന് 500 രൂപ വീതം ഈടാക്കുകയും ഇന്ത്യയൊട്ടാകെ ഏതാണ്ട് 2000 പേർ അത് വാങ്ങുകയും ചെയ്താൽ നിങ്ങൾക്ക് 10 ലക്ഷം രൂപ വരുമാനം നേടാൻ സാധിക്കും. ഇങ്ങനെ സമ്പാദിക്കുന്ന ഒട്ടേറെയാളുകളുണ്ട്.
8. നിങ്ങൾക്ക് പ്രാവീണ്യമുള്ള ഏതെങ്കിലുമൊരു മേഖലയെക്കുറിച്ച് ആധികാരികമായൊരു ഇ-ബുക്ക് തയ്യാറാക്കി ആമസോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വിൽക്കുക.
9. ഗുരു ഡോട്ട് കോം, ഗെറ്റ് എ ഫ്രീലാൻസർ ഡോട്ട് കോം പോലുള്ള വെബ്‌സൈറ്റുകളിലെ അവസരങ്ങൾ ഉപയോഗപ്പെടുത്തി വീട്ടിലിരുന്ന് വരുമാനം നേടാം.
10. മാജിക് ഓഫ് ചേഞ്ച് െചയ്തതുപോലെ ഓൺലൈൻ ലൈവ് വീഡിയോ കോഴ്‌സ് ആരംഭിക്കാം. റെക്കോഡഡ് വീഡിയോ കോഴ്സുകളും യുഡമി, ടീച്ചബിൾ, ലേൺ വേൾഡ് പോലുള്ള സൈറ്റുകളിൽ അപ്‌ലോഡ് ചെയ്ത് പണമുണ്ടാക്കാം.
അവസരങ്ങൾ ഈ പത്തിൽ ഒതുങ്ങുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..