-
രാജ്യത്തെ ഏറ്റവും മൂല്യമേറിയ വസ്തു ഇടപാടില്‍ ഡി മാര്‍ട്ട് സ്ഥാപകന്‍ രാധാകൃഷന്‍ ദമാനി മുംബൈയിലെ ആഡംബര ഭവന സമുച്ചയം സ്വന്തമാക്കി. 28 ആഡംബര അപ്പാര്‍ട്ടുമെന്റുകള്‍ക്കായി 1,238 കോടി രൂപയാണ് അദ്ദേഹവും കുടുംബവും ചെലവഴിച്ചത്.
മുംബൈ വേര്‍ളിയിലെ ആനി ബസന്റ് റോഡിലുള്ള ത്രീ സിക്‌സ്റ്റി വെസ്റ്റിലെ ടവര്‍ ബിയിലുള്ള അപ്പാര്‍ട്ടുമെന്റുകളാണ് വാങ്ങിയത്. റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പര്‍ വികാസ് ഒബ്‌റോയും സുധാകര്‍ ഷെട്ടിയുമാണ് വില്‍പ്പനക്കാര്‍. 1,82,084 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് പാര്‍പ്പിട സമുച്ചയം. 101 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
വന്‍കിട വസ്തു ഇടപാടുകളെ ബാധിക്കുന്ന ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയായിരുന്നു ഇടപാട്. ദീര്‍ഘകാല മൂലധന നേട്ടം ഒഴിവാക്കാനുള്ള പുനര്‍നിക്ഷേപ പരിധി 10 കോടി രൂപയായി ബജറ്റില്‍ പരിമിതപ്പെടുത്തിയിരുന്നു. ഏപ്രില്‍ ഒന്നിനാണ് പുതിയ വ്യവസ്ഥ നിലവില്‍ വരിക. ഫെബ്രുവരി മൂന്നിനായിരുന്നു ഇടപാട് രജിസ്റ്റര്‍ ചെയ്തത്.
ദീര്‍ഘകാല ആസ്തികള്‍ വില്‍ക്കുമ്പോള്‍ ബാധകമായ മൂലധന നേട്ട നികുതി ഒഴിവാക്കാന്‍ മറ്റൊരു റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയില്‍ നിക്ഷേപിച്ചാല്‍ മതിയായിരുന്നു. പരിധിയില്ലാത്ത നേട്ടമായിരുന്നു അതില്‍നിന്ന് ലഭിച്ചിരുന്നത്. ഈ പരിധി 10 കോടിയായി ബജറ്റില്‍ പരിമിതപ്പെടുത്തുകയാണ് ചെയ്തത്.
മുംബൈയിലെതന്നെ വന്‍കിടക്കാര്‍ താമസിക്കുന്ന മലബാര്‍ ഹില്‍സില്‍ 1001 കോടി രൂപ മുടക്കി 2021ല്‍ രാധാകൃഷന്‍ ദമാനിയും സഹോദരന്‍ ഗോപീകിഷന്‍ ദമാനിയും ആഡംഭര വസതി സ്വന്തമാക്കിയിരുന്നു. മഹാരാഷ്ട്രയിലെ ഭവന യൂണിറ്റുകളുടെ വില്പനയ്ക്ക് ബാധകമായി മൂന്നു ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയെന്ന ഇളവ് പിന്‍വലിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു 2021 മാര്‍ച്ച് 31ല്‍ ഈ ഇടപാടും നടന്നത്. അതേ ദിസവം തന്നെ ഇളവ് തുടരില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പറയുകയും 2021-22 സാമ്പത്തികവര്‍ഷം മുമ്പത്തെ നിരക്കായ അഞ്ച് ശതമാനത്തിലേയ്ക്ക് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.
Also Read
11 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഡിമാര്‍ട്ട് മുംബൈ, ഹൈദരാബാദ്, പുണെ, ബെംഗളുരു എന്നിവിടങ്ങളില്‍ വസ്തുവകകള്‍ വാങ്ങിയിട്ടുണ്ട്. വാടകയ്‌ക്കോ പാട്ടത്തിനോ എടുക്കുന്നതിനപകരം സ്വന്തമായി വാങ്ങുന്ന രീതിയാണ് കമ്പനി പിന്തുടരുന്നത്.
Content Highlights: D’Mart’s Damani reportedly buys 28 luxury apartments for over Rs 1,200 crore
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..