Image for Representation | File Photo: AFP
ക്രിപ്‌റ്റോകറൻസി നിരോധിക്കുന്നതിനുപകരം ആസ്തിയായി പരിഗണിച്ച് സെബിയുടെ നിയന്ത്രണത്തിന് കീഴിൽ കൊണ്ടുവന്നേക്കും. നിർദിഷ്ട നിയമപ്രകാരം ക്രിപ്‌റ്റോകറൻസിയെ ക്രിപ്‌റ്റോ-അസറ്റ്(ആസ്തി)ആയി പുനർനാമകരണംചെയ്ത് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ പരിധിയിൽ ഉൾപ്പെടുത്താനാണ് സാധ്യത.
ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളെല്ലാം ഇതോടെ സെബിയുടെ നിയന്ത്രണത്തിൽവരും. സെബി രജിസ്‌ട്രേഡ് പ്ലാറ്റ്‌ഫോമിലൂടെയും എക്‌സ്‌ചേഞ്ചുകളിലൂടെയുമാകും ഇടപാട് സാധ്യമാകുക. നിയന്ത്രണങ്ങൾ ലംഘിച്ചാൽ 20 കോടി രൂപവരെ പിഴയും തടവും നേരിടേണ്ടിവന്നേക്കാം.
നിലവിൽ ക്രിപ്‌റ്റോ ഇടപാട് നടത്തുന്ന എക്‌സ്‌ചേഞ്ചുകൾക്ക് സെബിയിൽ രജിസ്റ്റർ ചെയ്യാൻ നിശ്ചിത സമയം അനുവദിക്കും. സെബിയുടെ നിയന്ത്രണംവരുന്നതോടെ ഇടപാടുകൾ സുതാര്യമാകുകയും ദിനംപ്രതിയെന്നോണം പുതിയതായി വരുന്ന ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകൾക്ക് തടയിടനുമാകും.
നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് ആഗോളതലത്തിലുള്ള കെവൈസി മാനദണ്ഡങ്ങൾ, നിക്ഷേപക സംരക്ഷണ സംവിധാനം, നികുതിവ്യവസ്ഥകൾ തുടങ്ങിയവ രൂപപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്യുകയെന്നത് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.
നിലവിൽ ക്രിപ്‌റ്റോക്ക് നിയന്ത്രണമേർപ്പെടുത്താൻ ആഗോളതലത്തിൽപ്പോലും റെഗുലേറ്ററി സംവിധാനമില്ല. എല്ലാ ഇടപാടുകളും എക്‌സ്‌ചേഞ്ചുകളിലൂടെമാത്രമാണ്. അതുകൊണ്ടുതന്നെ എല്ലാ ഇടപാടുകളും ഓരോ വാലറ്റും സൂക്ഷിക്കാൻ കേന്ദ്രീകൃത ഡീമാറ്റ് സംവിധാനം ഒരിക്കേണ്ടിവന്നേക്കാം. കള്ളപ്പണംവെളുപ്പിക്കൽ തടയുന്നതിന് പിഎംഎൽഎ നിയമത്തിലെ വ്യവസ്ഥകളും ബാധകമാക്കേണ്ടിവരും.
ക്രിപ്‌റ്റോയെ ആസ്തിയായി പരിഗണിക്കുന്നതോടൊപ്പം റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിയുമായി സാമ്യമില്ലെന്ന് ഉറപ്പാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ബിഐയുടെ ഡിജിറ്റല്‍ കറന്‍സി ബില്ലുമായും ബന്ധമുണ്ടാവില്ല. ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ മൂന്നാംആഴ്ച പുതുക്കിയ ബില്ല് അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..