Photo:Francis Mascarenhas|REUTERS
മുംബൈ: ധനസ്ഥിതി മോശമായ അർബൻ സഹകരണബാങ്കുകളെ നിർബന്ധിതമായി ലയിപ്പിക്കുന്നത് പരിഗണിക്കാമെന്ന് റിസർവ് ബാങ്ക് നിയോഗിച്ച വിദഗ്‌ധസമിതി. അർബൻ സഹകരണ ബാങ്കുകളുടെ പ്രശ്നങ്ങളും സാധ്യതകളും വിലയിരുത്തി മേഖലയെ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ തയ്യാറാക്കാൻ മുൻ ഡെപ്യൂട്ടി ഗവർണർ എൻ.എസ്. വിശ്വനാഥന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച സമിതിയുടേതാണ് റിപ്പോർട്ട്.
ഇതനുസരിച്ച് സഹകരണബാങ്കുകൾ ആർ.ബി.ഐ. നടപടിക്കുള്ള മാർഗനിർദേശ ചട്ടക്കൂടിന്റെ മൂന്നാം ഘട്ടത്തിലായാൽ പുനരുജ്ജീവനത്തിന് അല്ലെങ്കിൽ നിർബന്ധിതലയനത്തിന് നടപടിയെടുക്കാം. മൂലധന പര്യാപ്തതാ അനുപാതം 4.5 ശതമാനത്തിനു താഴെയുള്ളതും അറ്റ നിഷ്‌ക്രിയ ആസ്തി 12 ശതമാനത്തിനു മുകളിലുള്ളതുമായ സഹകരണ ബാങ്കുകളാണ് ഈ വിഭാഗത്തിൽ വരുക. ലയന നിർദേശങ്ങൾ സമർപ്പിക്കുന്നതിൽ ബന്ധപ്പെട്ട ബാങ്കിന്റെ ബോർഡുകൾക്കു കഴിഞ്ഞില്ലെങ്കിൽ നിയന്ത്രണം ആർ.ബി. ഐ. ഏറ്റെടുക്കണം. ഇത്തരം സാഹചര്യങ്ങളിൽ നിർബന്ധിതലയനത്തിന് അല്ലെങ്കിൽ പുനരുജ്ജീവനത്തിന് ആർ.ബി.ഐ. പ്രത്യേക പദ്ധതി തയ്യാറാക്കണം. നിർബന്ധിത ലയനമെന്നാൽ മറ്റൊരു ബാങ്കിങ് സ്ഥാപനത്തിൽ ലയിപ്പിക്കുക അല്ലെങ്കിൽ ആസ്തികളും ബാധ്യതകളും മറ്റൊരു സാമ്പത്തികസ്ഥാപനത്തിന് കൈമാറുകയാണ് ലക്ഷ്യം.
സഹകരണ ബാങ്കുകൾക്കേർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ, ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 45-ാം വകുപ്പുപ്രകാരം ബാങ്കുകൾക്കേർപ്പെടുത്തുന്ന മൊറട്ടോറിയത്തിനു സമാനമായി പരിഗണിക്കണം. ഇത്തരം നിയന്ത്രണങ്ങളിൽ നിക്ഷേപകർക്ക് പണം പിൻവലിക്കാനുൾപ്പെടെ നിയന്ത്രണങ്ങളുള്ളത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതു മുൻനിർത്തി നിയന്ത്രണ കാലപരിധി പരമാവധി നീട്ടുന്നത് മൂന്നു മാസത്തിൽ കൂടുതലാകരുത്. നിലവിൽ അമ്പതോളം അർബൻ സഹകരണബാങ്കുകൾ റിസർവ് ബാങ്കിന്റെ നിയന്ത്രണ നിർദേശത്തിനു കീഴിലുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.
നാലായി തിരിച്ച് നിയന്ത്രിക്കാം
നിക്ഷേപത്തിന്റെയും മൂലധനലഭ്യതയുടെയും അടിസ്ഥാനത്തിൽ നാലുവിഭാഗങ്ങളായിത്തിരിച്ച് സഹകരണബാങ്കുകൾക്കായി നിയന്ത്രണ ചട്ടക്കൂടുണ്ടാക്കണം. ഇതനുസരിച്ച് 100 കോടിരൂപ വരെമാത്രം നിക്ഷേപമുള്ള ചെറുസഹകരണ ബാങ്കുകൾ ടയർ-1 വിഭാഗത്തിലും 100 മുതൽ 1000 കോടി രൂപവരെയുള്ളവ ടയർ-2 വിഭാഗത്തിലും വരും. 1000 കോടി മുതൽ 10,000 കോടി രൂപവരെ നിക്ഷേപമുള്ളവ ടയർ-3 വിഭാഗത്തിലാകും. മൂലധനപര്യാപ്തതാ അനുപാതം 15 ശതമാനമെന്ന വ്യവസ്ഥ പാലിച്ചാൽ ഇവയ്ക്ക് സ്മോൾ ഫിനാൻസ് ബാങ്കിന്റെ (എസ്.എഫ്.ബി.) മാതൃകയിൽ പ്രവർത്തിക്കാൻ അനുമതി നൽകാം. 10,000 കോടി രൂപയിലധികം നിക്ഷേപമുള്ള ടയർ-4 വിഭാഗത്തിലുള്ളവയ്ക്ക് യൂണിവേഴ്സൽ ബാങ്കുകളുടെ മാതൃകയിൽ പ്രവർത്തനാനുമതി നൽകാം. അതിനായി മൂലധന പര്യാപ്തതാ അനുപാതം ഒമ്പതുശതമാനമുണ്ടാവണം. കൂടാതെ ചീഫ് എക്സിക്യുട്ടീവും മികച്ച ബോർഡ് സംവിധാനവും ഉണ്ടായിരിക്കണം.
അർബൻ സഹകരണബാങ്കുകൾക്കായി 300 കോടി രൂപ മൂലധനത്തിൽ ഒരു നിയന്ത്രണസംവിധാനം (അംബ്രല്ല ഓർഗനൈസേഷൻ-യു.ഒ.) രൂപവത്കരിക്കണം. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കു സമാനമായി നിയന്ത്രണ ചട്ടക്കൂടും ഒരുക്കണം. കൃത്യമായ ഓഡിറ്റ്, പരിശോധനാ സംവിധാനങ്ങളും നിയന്ത്രണ നിർവഹണവകുപ്പും സജ്ജമാകുന്ന മുറയ്ക്ക് കാലക്രമത്തിൽ ചെറു സഹകരണബാങ്കുകൾക്കുള്ള സ്വയംനിയന്ത്രിത സംവിധാനമായി ഇതിനെ മാറ്റാവുന്നതാണെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..